2017-03-16 13:05:00

അനതാപിക്ക് തിരിച്ചുവരാനാകും, അഴിമതിക്കാരന് അത് ദുഷ്കരമാകും


പശ്ചാത്തപിക്കുന്ന പാപി നന്മയുടെ പാതയിലേക്ക് തിരിച്ചുവരുമെന്നും അഴിമതിയില്‍ ജീവിക്കുന്നവന്‍ സ്വയം അടച്ചിടുന്നതിനാല്‍ അത് അവന് ആയസകരമായിരിക്കും എന്നും മാര്‍പ്പാപ്പാ

വത്തിക്കാനില്‍ തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” ഭവനത്തിലെ കപ്പേളയില്‍ വ്യാഴാഴ്ച (16/03/17) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ധനവാനും ദരിദ്രലാസറും കഥാപാത്രങ്ങളായ ഉപമ, അതായത്, ലൂക്കായൂടെ സുവിശേഷം, പതിനാറാം അദ്ധ്യായം, 19 മുതല്‍ ഒന്നുവരെയുള്ള വാക്യങ്ങള്‍, കര്‍ത്താവി‍ല്‍ ആശ്രയിക്കുന്നവന്‍റെ മാര്‍ഗ്ഗത്തെയും ദുഷ്ടരുടെ പാതയെയും  കുറിച്ചു പ്രതിപാദിക്കുന്ന ഒന്നാം സങ്കീര്‍ത്തനം എന്നിവ ആയിരുന്നു പാപ്പായു‍ടെ വചനസമീക്ഷയ്ക്ക് അവലംബം.

 കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍റെ ഫലദായകത്വത്തെയും അവനവനില്‍ത്തന്നെ ആശ്രയിക്കുന്നവന്‍റെ, അധികാരത്തിലും സമ്പത്തിലും ആശ്രയിക്കുന്നവന്‍റെ   വന്ധ്യതയെയും കുറിച്ച് സൂചിപ്പിച്ച പാപ്പാ മനുഷ്യനില്‍ ആശ്രയിക്കുന്ന മനുഷ്യന്‍റെ   മാര്‍ഗ്ഗം അപകടം പിടിച്ചതും തെന്നിവീഴുന്നതുമയിരിക്കുമെന്ന് മുന്നറിയിപ്പു നല്കി.

തന്നില്‍ത്തന്നെ ആശ്രയിക്കുന്നവന്‍, സ്വന്തം ഹൃദയത്തില്‍ ആശ്രയം തേടുന്നവന്‍ ശപിക്കപ്പെട്ടവനാണെന്ന് പാപ്പാ ഒന്നാം സങ്കീര്‍ത്തനത്തെ ആധാരമാക്കി വിശദീകരിക്കുകയും ഏതാനും ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ വയ്ക്കുകയും ചെയ്യുന്നു.

വഴിയിലൂടെ നടക്കവെ പാര്‍പ്പിടരഹിതനെ, ഭിക്ഷ യാചിക്കുന്ന കുട്ടികളെ  കാണുമ്പോള്‍, നമുടെ ഹൃദയത്തിലുണ്ടാകുന്നു വികാരം എന്താണ്.

അവര്‍ ആ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്, അവര്‍ മോഷ്ടാക്കളാണ് എന്നു ചിന്തിച്ചുകൊണ്ട് കടന്നു പോകുകയാണോ ചെയ്യുന്നത്? പാര്‍പ്പിടരഹിതരെയും, ദരിദ്രരരെയും പരിത്യക്തരെയും തൊഴിലില്ലാത്തതിനാല്‍ വാടകകൊടുക്കാന്‍ പണമില്ലാത്തവരെയും കാണുമ്പോള്‍ എന്നിലുണ്ടാകുന്ന ചിന്തകള്‍ എന്താണ്?

ഈ ചോദ്യങ്ങള്‍ മുന്നില്‍ വച്ച പാപ്പാ ഇക്കാര്യങ്ങളെയെല്ലാം സാധാരണസംഭവമായിക്കണ്ട് തിന്നുകുടിച്ച് ആനന്ദിക്കുകയും കുറ്റബോധം ഇല്ലാതാക്കുന്നതിന് എന്തെങ്കിലും അല്പം ഭിക്ഷയായി നല്കുകയും ചെയ്യുകയാണെങ്കില്‍ അത് ശരിയായ മാര്‍ഗ്ഗമല്ല എന്ന് ഉദ്ബോധിപ്പിച്ചു.

 പാപത്തില്‍നിന്ന് അഴിമതിയിലേക്കു വഴുതിപ്പോകുന്ന അപകടകരമായ വഴി നാം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നു ഓര്‍മ്മിപ്പിച്ച പാപ്പാ ഏതു വഴിയിലൂടെയാണ് നാം യാത്ര ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നതിനായി കര്‍ത്താവിന്‍റെ സഹായം യാചിക്കാന്‍ ക്ഷണിച്ചു.

 
All the contents on this site are copyrighted ©.