2017-03-15 12:49:00

പ്രത്യാശയില്‍ സന്തോഷിക്കുവിന്‍-പാപ്പായുടെ പൊതുദര്‍ശനവിചന്തനം


താനും റോമന്‍കൂരിയ അംഗങ്ങളും നോമ്പുകാലധ്യാനത്തിലായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച മുടങ്ങിയ പ്രതിവാര പൊതുകൂടിക്കാഴ്ച ഫ്രാന്‍സീസ് പാപ്പാ ഈ ബുധനാഴ്ച (15/03/17) പുനരാരംഭിച്ചു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ അങ്കണമായിരുന്നു, പതിവുപോലെ, പൊതുദര്‍ശനവേദി. അരുണകിരണങ്ങള്‍ പ്രഭാപൂരിതമാക്കിയ ചത്വരത്തില്‍ വിവിധരാജ്യക്കാരായിരുന്ന, പതിനായിരങ്ങള്‍ സന്നിഹിതരായിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ സുസ്മേരവദനനായി, വെളുത്ത തുറന്ന വാഹനത്തില്‍  എത്തിയപ്പോള്‍ ജനങ്ങള്‍ അവരുടെ ആനന്ദം കൈയ്യടിച്ചും ആരവമുയര്‍ത്തിയും അറിയിച്ചു. വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ പുഞ്ചിരിയോടെ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കുനയിക്കുന്ന പടവുകള്‍ക്കക്കടുത്തു വാഹനം നിന്നപ്പോള്‍ പാപ്പാ അതില്‍നിന്ന് ഇറങ്ങി. അപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരാള്‍ സ്വന്തം കുഞ്ഞുമായി പാപ്പായ്ക്കുമുന്നില്‍ മുട്ടുകുത്തി ആശീര്‍വാദം സ്വീകിരിക്കുകയും മറ്റൊരു കുടുംബം പരിശുദ്ധകന്യകാമറിയത്തിന്‍റെ ഒരു രൂപവുമേന്തി പാപ്പായുടെ അടുത്തേക്കു വരികയും ഭാരമേറിയ ആ രൂപം പാപ്പ കൈയ്യിലെടുക്കുകയും അവരെ ആശീര്‍വദിച്ചതിനുശേഷം അത് തിരിച്ചേല്പിക്കുകയും ചെയ്തു. അപ്പോള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്ന ഗായകര്‍ ഗാനാലാപനം നടത്തുന്നുണ്ടായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു.

 “നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍; നന്മയെ മുറുകെപ്പിടിക്കുവിന്‍. 10 നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടു നല്ക്കുവിന്‍.11 തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍.12 പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍.13 വിശുദ്ധരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവിന്‍; അതിഥി സത്ക്കാരത്തില്‍ തത്പരരാകുവിന്‍”. (പൗലോസ് അപ്പസ്തോലന്‍ റോമാക്കര്‍ക്കെഴുതിയ ലേഖനം അദ്ധ്യായം 12, 9 മുതല്‍ 13 വരെയുള്ള വാക്യങ്ങള്‍).

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. പ്രത്യാശയില്‍ ആനന്ദിക്കുക എന്ന വിശുദ്ധ പൗലോസിന്‍റെ ആഹ്വാനമായിരുന്നു പാപ്പായുടെ പ്രബോധനത്തിന്‍റെ കാതല്‍. 

പ്രഭാഷണ സംഗ്രഹം :

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

സ്നേഹിക്കുക എന്നതാണ് കര്‍ത്താവായ യേശു നമുക്കേകിയ മഹാ കല്പനയെന്ന് നമുക്കു നല്ലവണ്ണമറിയാം. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും, പൂര്‍ണ്ണാത്മവോടും, പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കുക, നമ്മെപ്പോലെതന്നെ നമ്മുടെ അയല്‍ക്കാരനേയും സ്നേഹിക്കുക. നാം സ്നേഹത്തിലേക്കും ഉപവിയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നമ്മുടെ ഏറ്റം ഉന്നതമായ വിളി, നമ്മുടെ പരമശ്രേഷ്ഠമായ വിളി. ആ വിളിയോടു ബന്ധപ്പെട്ടിരിക്കുന്നു ക്രിസ്തീയ പ്രത്യാശയുടെ ആനന്ദം. സ്നേഹിക്കുന്നവന്‍ പ്രത്യാശയുടെയും കര്‍ത്താവാകുന്ന മഹാ സ്നേഹവുമായുള്ള സമാഗമത്തിന്‍റെയും ആനന്ദമമനുഭവിക്കുന്നു.

പൗലോസപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുള്ള, അല്പം മുമ്പ് നാം ശ്രവിച്ച വാക്കുകള്‍ ജാഗരൂഗരായിരിക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. നമ്മുടെ സ്നേഹം കപടമാകുന്ന അപകടം പതിയിരിക്കുന്നു. ആകയാല്‍ നാം നമ്മോടുതന്നെ ചോദിക്കേണ്ടിയിരിക്കുന്നു: എപ്പോഴാണ് ഇതു സംഭവിക്കുന്നത്?. നമ്മുടെ സ്നേഹം ആത്മാര്‍ത്ഥവും അധികൃതവുമാണ് എന്ന് ഉറപ്പാക്കാന്‍ നമുക്കെങ്ങനെ സാധിക്കും? സ്നേഹം അഭിനയിക്കാതിരിക്കാനും നമ്മുടെ സ്നേഹം ഒരു ടെലെവിഷന്‍ സീരിയല്‍ പോലെ ആകാതിരിക്കാനും നാം ശ്രമിക്കുന്നുണ്ടോ? ആത്മാര്‍ത്ഥവും ശക്തവുമായ സ്നേഹമാകണം.

കാപട്യം സകലയിടത്തും നുഴഞ്ഞു കയറും, നാം സ്നേഹിക്കുന്ന ശൈലിയിലും അതു കയറിക്കൂടും. നമ്മുടെ സ്നേഹം ചില താല്പര്യങ്ങളോടെ, സ്വര്‍ത്ഥതാല്പര്യങ്ങളോടെയുള്ളതാകുമ്പോള്‍ ഇതു വ്യക്തമാകുന്നു. സ്വാര്‍ത്ഥതാല്പര്യങ്ങളോടെയുള്ള സ്നേഹങ്ങള്‍ നിരവധിയാണ്. നാം ചെയ്യുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ നമ്മെത്തന്നെ ഉയര്‍ത്തിക്കാട്ടുന്നതിനോ നമ്മുടെ തന്നെ സന്തോഷത്തിനൊ വേണ്ടിയുള്ളതാകുമ്പോഴൊക്കെ കാപട്യമാണ് പ്രകടമാകുക. ഇതിന്‍റെ  പിന്നിലുള്ളത് പ്രമാദപരവും വഞ്ചനാത്മകവുമായ ഒരാശയമാണ്, അതായത്, നാം സ്നേഹിക്കുന്നത് നാം നല്ലവരാകയാലാണ് എന്ന ആശയം. സ്നേഹം മനുഷ്യന്‍റെ ഒരു സൃഷ്ടി, നമ്മുടെ ഹൃദയത്തിന്‍റ ഒരു ഉല്പന്നം ആയി നാം കരുതുന്നു. മറിച്ച് സ്നേഹം  സര്‍വ്വോപരി ഒരു കൃപയാണ്, ഒരു ദാനമാണ്. സ്നേഹിക്കാന്‍ കഴിയുകയെന്നത് ദൈവത്തന്‍റെ ഒരു ദാനമാണ്, അതു നാം അവിടത്തോടു യാചിക്കേണ്ടതാണ്. നാം ചോദിക്കുന്ന പക്ഷം അവിടന്ന് നല്ല മനസ്സോടെ അതു നമുക്കേകും. നാം എന്തായിരിക്കുന്നോ അതു വെളിപ്പെടുത്തുന്നതിലല്ല മറിച്ച് കര്‍ത്താവ് നമുക്കു നല്കുന്നവയിലും അതു നമ്മള്‍ സ്വാതന്ത്ര്യത്തോടെ സ്വീകരിക്കുന്നതിലുമാണ് ഉപവിയെന്ന കൃപ അടങ്ങിയിരിക്കുന്നത്.

നാം പാപികളാണെന്നും നാം സ്നേഹിക്കുന്ന രീതി പാപത്താല്‍ മുദ്രിതമാണെന്നും  തിരിച്ചറിയാന്‍ പൗലോസപ്പസ്തോലന്‍ നമ്മെ ക്ഷണിക്കുന്നു. അതോടൊപ്പം തന്നെ അപ്പസ്തോലന്‍ പുതിയൊരു വിളംബരത്തിന്‍റെ, പ്രത്യാശയുടെ വിളംബരത്തിന്‍റെ  സംവാഹകനുമാകുന്നു. വിമോചനത്തിന്‍റെ, രക്ഷയുടെ ഒരു സരണി കര്‍ത്താവ് നമ്മുടെ മുന്നില്‍ തുറക്കുന്നു. സ്നേഹത്തിന്‍റെ മഹാകല്പന ജീവിക്കാന്‍, ദൈവത്തിന്‍റെ  സ്നേഹത്തിന്‍റെ ഉപകരണമാകാന്‍ നമുക്കുള്ള സാധ്യതയാണ് അത്.

പൗലോസപ്പസ്തോലന്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ വഴി നമ്മെ ശാസിക്കാനല്ല മറിച്ച്, നമുക്ക് പ്രചോദനമേകാനും നമ്മില്‍ പ്രത്യാശ വീണ്ടും ജനിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. നമ്മുടെ സഹോദരീസഹോദരന്മാരെ നിഷ്കളങ്കമായും നിസ്വാര്‍ത്ഥമായും സ്നേഹിക്കാനുള്ള നമ്മുടെ പരിശ്രമമാണ് ക്രിസ്തു നമ്മോടുകാട്ടുന്ന സ്നേഹത്തിനുള്ള നമ്മുടെ പ്രത്യുത്തരം.

പ്രിയ സഹോദരീസഹോദരന്മാരേ, പ്രത്യാശയില്‍ സന്തോഷമുള്ളവരായിരിക്കുന്നതിനുള്ള രഹസ്യം ഇതാണെന്ന് പൗലോസപ്പസ്തോലന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും, പ്രതികൂലാവസ്ഥകളില്‍ പോലും, നമ്മു‌ടെ പരാജയങ്ങളിലും ദൈവത്തിന്‍റെ സ്നേഹം ഒരിക്കലും കുറയുന്നില്ല എന്ന് നമുക്കറിയാം. ഇതാണ് പ്രത്യാശയുടെ ആനന്ദം. ആകയാല്‍, അനുദിനം കര്‍ത്താവു നമുക്കേകുന്ന നിരവധിയായ ദാനങ്ങള്‍ക്ക് സഹോദരങ്ങളിലൂടെ കുറച്ചെങ്കിലും പ്രതിസമ്മാനിക്കാന്‍ കഴിയുമെന്ന പ്രത്യാശയുടെ ആനന്ദത്തില്‍ നമുക്ക്,   ദൈവത്തിന്‍റെ കൃപയും വിശ്വസ്തതയും സന്ദര്‍ശിക്കുകയും വസിക്കുകയും ചെയ്യുന്ന ഹൃദയത്തോടുകൂടി ജീവിക്കാം. നന്ദി.  

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ ചുരുക്കം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. അറബിഭാഷാക്കാരെ, വിശിഷ്യ സിറിയ ലെബനന്‍ തുടങ്ങിയ നാടുകളില്‍ നിന്നുള്ളവരെ സംബോധന ചെയ്യവെ പാപ്പാ, കപട സ്നേഹം വിദ്വേഷത്തെക്കാള്‍ ദോഷകരമാണെന്നും അത് പൊയ്മുഖമണിഞ്ഞ സ്വാര്‍ത്ഥതയാണെന്നും പറഞ്ഞു.

ഫോക്കൊളാരി പ്രസ്ഥാനത്തിന്‍റെ അമ്പതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുക്കുന്നവരും  ഈ പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ പങ്കെടുത്തിരുന്നതിനാല്‍ അവരെയും അഭിവാദ്യം ചെയ്ത പാപ്പാ നവകുടുംബങ്ങളുടെ  സൗഷ്ഠവത്തിന് സാക്ഷ്യമേകാന്‍ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

ഇറ്റലിയില്‍ സ്കൈ ടിവി യുല്‍ സംജാതമായിരിക്കുന്ന തൊഴില്‍ പ്രതിസന്ധിയെപ്പറ്റിയും സൂചിപ്പിച്ച പാപ്പാ സകലരുടെയും അവകാശങ്ങളോടുള്ള ആദരവില്‍ അധിഷ്ടിതമായ ഒരു പ്രശ്നപരിഹൃതിയുണ്ടാകട്ടെയെന്ന് ആശംസിച്ചു.

നമുക്ക് ഔന്നത്യം പ്രദാനം ചെയ്യുന്ന തൊഴില്‍ എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിന് ഭരണകര്‍ത്താക്കള്‍ക്കും ജനങ്ങളു‍ടെ ഉത്തരവാദിത്വം പേറുന്നവര്‍ക്കും കടമയുണ്ടെന്നോര്‍മ്മിപ്പിച്ച പാപ്പാ സാമ്പത്തിക കാര്യങ്ങളു‌മായി ബന്ധപ്പെട്ട് തൊഴില്‍ സ്ഥാപനങ്ങള്‍ അടയ്ക്കുകയും ജോലിക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാക്കുകയും ചെയ്യുന്നവന്‍ ഏറ്റം കടുത്ത പാപം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തി.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ ദൈവത്തോടു അടുക്കുന്നതിനുള്ള സമയമാക‌ട്ടെ നോമ്പുകാലമെന്ന് ആശംസിച്ചു. കൂടുതല്‍ ആത്മനിയന്ത്രണമാര്‍ജ്ജിക്കുന്നതിന് മോശമായ ശീലങ്ങള്‍ ത്യജിക്കാന്‍ പാപ്പാ യുവജനങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.