2017-03-14 10:43:00

സഭൈക്യനാദമുയര്‍ത്തിയ സായാഹ്നപ്രാര്‍ഥന, വത്തിക്കാന്‍ ബസിലിക്കയില്‍


2017 മാര്‍ച്ചു പതിമൂന്നാംതീയതി പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പ് ഡേവിഡ് മോക്സണ്‍ (റോമിലെ ആംഗ്ലിക്കന്‍ സെന്‍ററിന്‍റെ ഡയറക്ടര്‍), മുഖ്യകാര്‍മികത്വം വഹിച്ച സായാഹ്നപ്രാര്‍ഥനയില്‍ ആരാധനക്രമത്തിനും കൂദാശള്‍ക്കുംവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ആര്‍തര്‍ റോഷെ വചനസന്ദേശം നല്‍കി. ആംഗ്ലിക്കന്‍സഭയുടെ ഈ സായാഹ്നപ്രാര്‍ഥന വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസിലിക്കയില്‍ ഇദംപ്രഥമമാണ്.  റോമിലെ ആംഗ്ലിക്കന്‍ ഇടവകയില്‍ ഫ്രാന്‍സീസ് പാപ്പായുടെ സന്ദര്‍ശനം നടന്നിട്ടു രണ്ടാഴ്ചയ്ക്കു ശേഷവും, ഫ്രാന്‍സീസ് പാപ്പായും ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജെസ്റ്റിന്‍ വെല്‍ബിയും ഒരുമിച്ച് റോമിലെ വി. ഗ്രിഗരിയുടെ നാമത്തിലുള്ള ബസിലിക്കയില്‍ സായാഹ്നപ്രാര്‍ഥനയില്‍ പങ്കെടുത്തിട്ട് അഞ്ചുമാസങ്ങള്‍ക്കുശേഷവും, വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസിലിക്കയില്‍ വച്ചു നടന്ന ഈ പ്രാര്‍ഥനാചരണം കത്തോലിക്കാ-ആംഗ്ലിക്കന്‍ സഭാബന്ധത്തില്‍ സവിശേഷശ്രദ്ധ നേടുന്നതാണ്. 

ഈ പ്രാര്‍ഥനാചരണം മഹാനായ വി. ഗ്രിഗരിയുടെ തിരുനാളിനു പിറ്റേന്നാണ് എന്നുള്ളതും ശ്രദ്ധേയമാണ്.  ഈ പാപ്പായാണ് എ.ഡി. 597-ല്‍ വി. അഗസ്റ്റിനെ സുവിശേഷവത്‍ക്കരണാര്‍ഥം ഇംഗ്ലണ്ടിലേയ്ക്കയക്കുന്നത്. വി. ഗ്രിഗരിയുടെ വിനയവും ധീരതയും മിഷനറി ''ചൈതന്യവും വ്യക്തമാക്കുന്നതായിരുന്നു ആര്‍ച്ചുബിഷപ്പ് ആര്‍തര്‍ റോഷെയുടെ സന്ദേശം.  അദ്ദേഹം പറഞ്ഞു:
ദൈവസ്നേഹവും അവിടുത്തെ ആരാധിക്കുന്നതിനുള്ള നമ്മുടെ ആഗ്രഹവും, ക്രൈസ്തവരായ, ആംഗ്ലിക്കരെയും കത്തോലിക്കരെയും, തീര്‍ഥാടകജനമായി ഒരുപോലെ ഒന്നിപ്പിക്കുന്നു. പല വിധത്തിലും ഈ കൂട്ടായ്മ വിനീതമാണെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു, രണ്ടാഴ്ചകള്‍ക്കുമുമ്പ്, റോമിലെ സകലവിശുദ്ധരുടെയും ഇടവകയില്‍ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു, വിനയം എന്നത് മനോഹരമായ ഒരു ക്രിസ്തീയപുണ്യമല്ല, നമ്മുടെ തനിമയാണ് (ഫെബ്രു 26, 2017). പാപ്പാമാരുടെ ചരിത്രത്തില്‍, സഭയെ രൂപപ്പെടുത്തുന്നതില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ഏറെപ്പേരില്ല... 

അദ്ദേഹത്തിന്‍റെ മാര്‍പ്പാപ്പാശുശ്രൂഷയുടെ കാലഘട്ടം ഭരണനൈപുണ്യത്തിന്‍റെയും ആഴമായ പ്രബോധനത്തിന്‍റെയും വിജ്ഞാനപൂര്‍ണമായ വിധിനിര്‍ണയത്തിന്‍റെയും സുവിശേഷപ്രഘോഷണ തീക്ഷ്ണതയുടെയും മാത്രമല്ല, പാവങ്ങളെയും രോഗികളെയും അഭയാര്‍ഥികളെയും അടിമകളെയും കുറ്റവാളികളെയുമെല്ലാം പരിഗണിക്കുന്ന അനിതരസാധാരണമായ അജപാലനശ്രദ്ധയുടെതുമായിരുന്നു.  അത് ആത്മാവിന്‍റെ ആവശ്യങ്ങളോടെന്നപോലെ ശാരീരികാവശ്യങ്ങളെയും പരിഗണിച്ചു...''

ഓക്സ്ഫോഡിലെ മെര്‍ട്ടണ്‍ കോളേജില്‍നിന്നുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിച്ചു. വി. ഗ്രിഗരിയുടെ കബറിടത്തിങ്കല്‍ നടത്തിയ മുഴുവന്‍ ക്രൈസ്തവസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയോടെയായിരുന്നു ഈ സായാഹ്നപ്രാര്‍ഥനാചരണം സമാപിച്ചത്.
All the contents on this site are copyrighted ©.