2017-03-13 12:46:00

സഭാനവീകരണം മൗലികം - കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍


നവീകരണം സഭയുടെ മൗലിക മാനമാണെന്ന് വത്തിക്കാന്‍ സംസ്ഥാന കര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

ഇക്കൊല്ലം മാര്‍ച്ച് 13 ഫ്രാന്‍സീസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്‍റെ നാലാം വാര്‍ഷികദിനമാകയാല്‍ പാപ്പായെയും പാപ്പായുടെ സഭാഭരണത്തെയും അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് റോമന്‍ കൂരിയാനവീകരണത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഇതു പറഞ്ഞത്.

ഈ നവീകരണ പ്രക്രിയ, സുവിശേഷ ശൈലിയില്‍ പറഞ്ഞാല്‍, പരിവര്‍ത്തനം, ന്യായവും ആവശ്യവുമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സമര്‍ത്ഥിച്ചു.

സഭ സദാ തനിമ നിലനിറുത്തുന്നതിനും, അധികൃതമായിരിക്കുന്നതിനും, ചരിത്രഗതിയില്‍ അടിഞ്ഞുകൂടിയ ഘനപടലങ്ങള്‍ നീങ്ങി സഭ സുവിശേഷത്തിന്‍റെ  സുതാര്യതയോടെ തിളങ്ങുന്നതിനും ഈ നവീകരണം ആവശ്യമാണെന്നും ഇവിടെ ഹൃദയ നവീകരണമാണ് സുപ്രധാനമെന്നുമുള്ള ഫ്രാന്‍സീസ് പാപ്പായുടെ ബോധ്യം  കര്‍ദ്ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു പ്രകടിപ്പിക്കുകയും ചെയ്തു.

പ്രശ്നങ്ങള്‍ക്കു നടുവില്‍, സങ്കീര്‍ണ്ണങ്ങളും ആശാങ്കാജനകങ്ങളുമായ പ്രതിസന്ധികള്‍ക്കു മദ്ധ്യേ, പ്രശാന്തതയോടെ നിങ്ങാന്‍ ഫ്രാന്‍സീസ് പാപ്പായ്ക്കുള്ള കഴിവ് ഹൃദയഹാരിയാണെന്നും അദ്ദേഹം പറഞ്ഞു.

2013 മാര്‍ 13 നാണ്, വിശ്രമജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പിന്‍ഗാമിയായി അര്‍ജന്തീനക്കാരനായ കര്‍ദ്ദിനാള്‍ ഹൊര്‍ഹെ മാരിയൊ ബെര്‍ഗോള്യൊ തിരഞ്ഞെടുക്കപ്പെട്ടതും പാപ്പാമാരാരുംതന്നെ സ്വീകരിച്ചിട്ടില്ലാത്ത ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ചതും.

ഫ്രാന്‍സീസ് പാപ്പായുടെ തിരഞ്ഞെടുപ്പിന്‍റെ വാര്‍ഷികദിനമായ മാര്‍ച്ച് 13 ന് വത്തിക്കാനില്‍ പൊതു അവധിയാണ്. 
All the contents on this site are copyrighted ©.