2017-03-11 10:47:00

''സഭയുടെ സാംസ്ക്കാരിക പൈതൃകം വിലമതിക്കുക'': മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ


സഭയുടെ സാംസ്ക്കാരിക പൈതൃകം മ്യൂസിയത്തിലെ കാഴ്ചവസ്തുവല്ല.  മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ.

മതങ്ങളുടെ സാംസ്ക്കാരിക പൈതൃകത്തെക്കുറിച്ചുള്ള ദേശീയസമ്മേളനത്തിലാണ്  ഐക്യരാഷ്ട്രസംഘടനയുടെ ഘടകമായ യുനെസ്ക്കോയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകനായ മോണ്‍. ഫ്രഞ്ചേസ്ക്കോ ഫോളോ ഇങ്ങനെ പ്രസ്താവിച്ചത്.

''മതങ്ങളുടെ സാംസ്ക്കാരിക പൈതൃകം: അറിയുക, കാത്തുസൂക്ഷിക്കുക, വിലമതിക്കുക'', എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇറ്റലിയിലെ വിചേന്‍സായിലാണ് ഈ  ദേശീയ കോണ്‍ഫറന്‍സില്‍ മാര്‍ച്ച് പത്താംതീയതിയാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ''വിശ്വാസം ഒരു സംസ്ക്കാരമായി മാറുന്നില്ലെങ്കില്‍ ആ വിശ്വാസം പൂര്‍ണമായി സ്വീകരിക്കപ്പെട്ടിട്ടില്ല''  എന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകളുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

''സഭയുടെ സാംസ്ക്കാരിക പൈതൃകം മ്യൂസിയത്തിലെ കാഴ്ചവസ്തുവല്ല...  സഭയുടെ സാംസ്ക്കാരിക പൈതൃകസമ്പത്തിനെ തികച്ചും സാമൂഹിക-സാമ്പത്തിക മാനങ്ങളില്‍ നിന്നുകൊണ്ടുള്ള ഒരു വീക്ഷണമല്ല, അതിന്‍റെ മതപരവും അജപാലനപരവുമായ സംഭാവനയെ തിരിച്ചറിയുന്ന ഒരു ദര്‍ശനമാണ് ആവശ്യമായിരിക്കുന്നത്...  മതപരമായ കലാനിര്‍മിതികള്‍, കലയില്‍നിന്നല്ല, ആരാധനാക്രമപരമായ ദര്‍ശനത്തില്‍നിന്നും ഭക്തിയില്‍നിന്നും ഉത്ഭവിക്കുന്നതാണ്...  കലയുടെ സ്ഫുരണങ്ങള്‍ മതാനുഭവത്തില്‍ നിന്നു രൂപംകൊള്ളുകയാണ്... അവ ലോകം മുഴുവനുംവേണ്ടിയുള്ള മൂല്യവത്തായ സാംസ്ക്കാരിക പൈതൃകസമ്പത്തായി മാറുന്നു''.

വിശ്വാസവും സംസ്ക്കാരവും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും ആരാധനാക്രമത്തില്‍നിന്നുത്ഭവിക്കുന്ന കലയെക്കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം ഇറ്റലിയിലുള്ള അമ്പതുശതമാനത്തോളം വരുന്ന ലോകസാംസ്ക്കാരിക പൈതൃകസ്വത്ത് കൂടുതലും സഭയോടു ബന്ധപ്പെട്ടിരിക്കുന്നതാണ് എന്നു കണക്കുകളുദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു.  








All the contents on this site are copyrighted ©.