2017-03-11 12:24:00

സംഭാഷണവും ശ്രവണവും:മെച്ചപ്പെട്ട ലോകത്തിന്‍റെ നിര്‍മ്മിതിക്ക്


മെച്ചപ്പെട്ടൊരു ലോകത്തിന്‍റെ നിര്‍മ്മിതിക്ക് സംഭാഷണവും ശ്രവണവും വഴി സംഭാവനയേകാന്‍ കഴിയുമെന്ന് മാര്‍പ്പാപ്പാ.

ഏകാന്തതയോ, ആകുലതകളോ,വേദനകളോ അനുഭവിക്കുന്നവര്‍ക്ക് അത് ഒരു സുഹൃത്തിനോടെന്നപോലെ ടെലഫോണിലൂടെ പങ്കുവയ്ക്കാനും അങ്ങനെ സാന്ത്വനമനുഭവിക്കാനും  അവസരമേകുന്ന “ടെലെഫോണ്‍ സുഹൃത്ത്” എന്നര്‍ത്ഥം വരുന്നതും ഇറ്റലിയില്‍ 1967 മുതല്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സേവന സംഘടനയായ “തെലേഫൊണൊ അമീക്കൊ” (TELEFONO AMICO) യുടെ 400 ഓളം പ്രതിനിധികളെ ശനിയാഴ്ച (11/03/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

 ഭിന്നിപ്പുകളെയും സംഘര്‍ഷങ്ങളെയും ചെറുത്തുകൊണ്ട് ലോകത്തെ ഉള്‍ക്കൊള്ളലിന്‍റെയും ആദരവിന്‍റെയും ഇടമാക്കി മാറ്റാന്‍ സംഭാഷണവും ശ്രവണവും വഴി സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

 ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതായ വന്‍ നഗരങ്ങളില്‍ മനുഷ്യത്വപരമായ ജീവിതത്തിന് കുറവുസംഭവിച്ചുകൊണ്ടിരിക്കുന്നതും വ്യക്തികള്‍ അത്തരം ജീവിതാവസ്ഥയോടു ഇഴുകിച്ചേര്‍ന്നുകൊണ്ടിരിക്കുന്നതുമായ വസ്തുതയെക്കുറിച്ച് അനുസ്മരിച്ച പാപ്പാ അവിടങ്ങളില്‍ നിസ്സംഗത വ്യാപകമാണെന്നും, വിനിമയം കൂടുതലും വ്യക്തികള്‍ നേരിട്ടല്ല പ്രത്യുത വിനിമയോപാധികളിലൂടെയാണെന്നും അതുപോലെതന്നെ അസ്തിത്വത്തിന് അടിത്തറയായ സുദൃഢമായ മൂല്യങ്ങളുടെ അഭാവമുണ്ടുന്നും, സമ്പത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും സംസ്കാരമാണ് അവിടെ പ്രബലമെന്നും വിശദീകരിച്ചു.

ഇത്തരം ചുറ്റുപാടുകളില്‍ സംഭാഷണവും ശ്രവണവും അനിവാര്യമാണെന്ന് പ്രസ്താവിച്ച പാപ്പാ പരസ്പരം അറിയാനും ആവശ്യങ്ങള്‍ പരസ്പരം മനസ്സിലാക്കാനും സംഭാഷണം നമ്മെ പ്രാപ്തരാക്കുന്നുവെന്നും സംഭാഷണം വ്യക്തികളില്‍ പരസ്പരം തുറവുകാട്ടുന്ന ഒരു മനോഭാവം സംജാതമാക്കുന്നതിനാല്‍ അവിടെ പരസ്പരാദരവ് തെളിഞ്ഞുനില്ക്കുന്നുവെന്നും ഉദ്ബോധിപ്പിച്ചു.

അപരനെ ഒരു ഭീഷണിയായിട്ടല്ല മറിച്ച് ദൈവത്തിന്‍റെ ഒരു ദാനമായി കാണാന്‍ സംഭാഷണം നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സംഭാഷണത്തിന്‍റെ അനിവാര്യവ്യവസ്ഥയാണ് ശ്രവിക്കാനുള്ള കഴിവെന്നും ദൗര്‍ഭാഗ്യവശാല്‍ ഈ കഴിവ് വളരെ വിരളമാണെന്നും അപരനെ ശ്രവിക്കുന്നതിന് ക്ഷമയും കരുതലും ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

മൗനം പാലിക്കാന്‍ അറിയുന്നവനു മാത്രമെ ശ്രവിക്കാന്‍ കഴിയൂ, ദൈവത്തെയും ആവശ്യത്തിലിരിക്കുന്നവരെയും ശ്രവിക്കാന്‍ സാധിക്കൂ എന്നും ഉദ്ബോധിപ്പിച്ച പാപ്പാ “തെലേഫൊണൊ അമീക്കൊ” സന്നദ്ധസേവകര്‍ സമൂഹത്തിനേകുന്ന വിലയേറിയ സേവനങ്ങള്‍ തുടരാന്‍ പ്രചോദനം പകരുകയും ചെയ്തു.

 








All the contents on this site are copyrighted ©.