2017-03-11 09:58:00

മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വത്തിക്കാന്‍ പ്രതിനിധി മോണ്‍. ഉര്‍ബാന്‍സിക്


മാധ്യമങ്ങള്‍ അനുരഞ്ജനത്തിനും കണ്ടുമുട്ടലിനും ഉതകുന്ന ഉപകരണമാകണം. മോണ്‍.ഉര്‍ബാന്‍സിക്

മാര്‍ച്ച് ഒന്‍പതാംതീയതി  യൂറോപ്യന്‍ സഹകരണത്തിനും സുരക്ഷയ്ക്കുമായുള്ള ഓര്‍ഗനൈസേഷന്‍ (Organization for Security and Co-operation in Europe -OSCE) സ്ഥിരം കൗണ്‍സിലില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ഈ ഓര്‍ഗനൈസേഷനുവേണ്ടിയുള്ള വത്തിക്കാന്‍റെ സ്ഥിരംപ്രതിനിധിയായ മോണ്‍. ജാനൂസ് ഉര്‍ബാന്‍സിക് (Msgr. Janusz Urbanczyk).  

OSCE-യുടെ പ്രചോദനാത്മകമായ പ്രവര്‍ത്തനറിപ്പോര്‍ട്ടിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിച്ച തന്‍റെ പ്രഭാഷണത്തില്‍, അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, വിവരാവകാശസ്വാതന്ത്ര്യം എന്നിവയ്ക്കു പ്രത്യേകമായ പരിഗണന നല്‍കി. അദ്ദേഹം പറഞ്ഞു:

ഫ്രാന്‍സീസ് പാപ്പാ 2016 സെപ്തംബര്‍ 22-ന് പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഇറ്റാലിയിലെ ദേശീയ കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു, ''മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രധാനമായ ഒരു ദൗത്യമുണ്ട്, ഒപ്പം, ആ ദൗത്യം വലിയ ഉത്തരവാദിത്വത്തിന്‍റേതാണ്.  ഒരു തരത്തില്‍, നിങ്ങള്‍ ചരിത്രത്തിന്‍റെ ആദ്യ രേഖാചിത്രം വരയ്ക്കുന്നവരാണ്, വാര്‍ത്തകള്‍ നല്‍കിക്കൊണ്ടും, ജനങ്ങള്‍ക്ക് സംഭവങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടും''.  ഇതിനെക്കുറിച്ച് പരി. സിംഹാസനത്തിനു തികച്ചും ബോധ്യമുണ്ട്...  മാധ്യമങ്ങള്‍ അനുരഞ്ജനത്തിനും കണ്ടുമുട്ടലിനും ഉതകുന്ന ഉപകരണമാകണം.   എല്ലാവരുടെയും നന്മയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ശുശ്രൂഷയാകണം മാധ്യമപ്രവര്‍ത്തനം.    പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള നാഷണല്‍ കൗണ്‍സിലില്‍ നല്‍കിയ പ്രഭാഷണത്തിലെ പാപ്പായുടെ വാക്കുകള്‍ വീണ്ടും ഉദ്ധരിച്ചുകൊണ്ട്, സത്യത്തോട് ഏറ്റവും അടുത്തുനിന്നുകൊണ്ട് മനസ്സാക്ഷിയ്ക്കുതകുന്നവിധത്തില്‍ വസ്തുതകളെ അവതരിപ്പിക്കുന്നതിന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു:  

മാധ്യമസ്വാതന്ത്ര്യത്തെ പ്രതിനിധാനം ചെയ്യുന്ന OSCE-യുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ടും പരിശുദ്ധ സിംഹാസനത്തിന്‍റെ നന്ദി അറിയിച്ചുകൊണ്ടുമാണ് അദ്ദേഹം തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.