2017-03-11 12:50:00

ആരോഗ്യസേവനം സകലര്‍ക്കും ഉറപ്പാക്കപ്പെടണം


ഔഷധങ്ങളും പ്രതിരോധകുത്തിവയ്പ്പുകളും ചികത്സയും എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിന് കര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്.

സ്വിറ്റ്സര്‍ലണ്ടിലെ ജനീവ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഔഷധങ്ങള്‍ സകലര്‍ക്കും ലഭ്യമാക്കപ്പെടേണ്ടതിനെ അധികരിച്ചുള്ള ഒരു യോഗത്തെ വെള്ളിയാഴ്ച(10/03/17) സംബോധന ചെയ്യുകയായിരുന്നു.

ഭൂമിയുടെയും മാനവാദ്ധ്വാനത്തിന്‍റെയും ഫലങ്ങളുടെ നീതിപൂര്‍വ്വകമായ വിതരണം വെറും ജീവകാരുണ്യ പ്രവര്‍ത്തനമല്ല, അതൊരു ധാര്‍മ്മിക കടമയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ആരോഗ്യം മൗലികമായ ഒരവകാശമാണെന്നും അത് നിരവധിയായ ഇതര അവകാശങ്ങളുടെ അഭ്യസനത്തിനും അന്തസ്സാര്‍ന്ന ജീവിതത്തിനും അനിവാര്യമാണെന്നും പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച് അതുകൊണ്ടുതന്നെ കത്തോലിക്കാസഭ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ആതുരശുശ്രൂഷാമേഖലയില്‍ കാതലായ സംഭാവനയേകുന്നുണ്ടെന്നു വെളിപ്പെടുത്തി.

കത്തോലിക്കാസഭയുടെ കീഴില്‍ 5100 ലേറെ ആശുപത്രികളും 16500 ല്‍പ്പരം ചെറുചികിത്സാ കേന്ദ്രങ്ങളും 600 ലേറെ കുഷ്ടരോഗ ചികിത്സാലയങ്ങളും വൃദ്ധജനത്തിനും ദീര്‍ഘകാലമായി രോഗബാധിതരായിട്ടുള്ളവര്‍ക്കും  ഭിന്നശേഷിക്കാര്‍ക്കും പരിചരണമേകുന്നതിന് 15700 ഓളം കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ കരുതലിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.