2017-03-09 12:23:00

വിശ്വാസ നാളം അണയാതെ സൂക്ഷിക്കുക- ഇടയന്മാരുടെ ദൗത്യം


വിശ്വാസ നാളം അണയാതെ സൂക്ഷിക്കാനും നമ്മുടെ ഇക്കാലത്ത് അരങ്ങേറുന്ന ആത്മഹത്യകള്‍ക്ക് തടയിടാനും പരിശ്രമിക്കാന്‍ സഭയിലെ ഇടയന്മാര്‍ക്കുള്ള ദൗത്യത്തെക്കുറിച്ച് ധ്യാനഗുരുവായ ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍ ജൂലിയൊ മിഖെലീനി ഓര്‍മ്മിപ്പിക്കുന്നു.

വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം തെക്കുമാറി അറീച്യ എന്ന സ്ഥലത്തുള്ള “ കാസ ദിവീന്‍ മയേസ്ത്രൊ” (CASA DIVIN MAESTRO) ധ്യാനകേന്ദ്രത്തില്‍ ഷഡ്ദിന (05-10/03/17) നോമ്പുകാല ധ്യാനത്തില്‍ പങ്കുകൊള്ളുന്ന ഫ്രാന്‍സീസ് പാപ്പായ്ക്കും റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കുമായി ബുധനാഴ്ച(08/03/17) രാവിലെ പങ്കുവച്ച ധ്യാനചിന്തകളിലാണ് അദ്ദേഹം യേശുവിന്‍റെ ശിഷ്യരില്‍ ഒരുവനായിരുന്ന യൂദാസ് അവസാനം ദിവ്യഗുരുവിനെ ഒറ്റുകൊടുക്കുന്നതും ഒടുവില്‍ കുറ്റബോധത്താല്‍ ആത്മഹത്യചെയ്യുന്നതുമായ സംഭവം വിശകലനം ചെയ്തുകൊണ്ട് ഇടയന്മാരുടെ ദൗത്യത്തെക്കുറിച്ചു പരാമര്‍ശിച്ചത്.

വിശ്വാസം നഷ്ടപ്പെട്ടതിനാലും, യേശുവിനെ കര്‍ത്താവായി കാണാന്‍ കഴിയാതെ വന്നതിനാല്‍, യേശു, ഇസ്രായേലിന്‍റെ, മിശിഹായും വിമോചകനും, പോരാളിയും, രാഷ്ട്രീയനേതവുമായി സ്വയം വെളിപ്പെടുത്തുന്നതിന് അവിടത്തെ നിര്‍ബന്ധിക്കുന്നതിന് വേണ്ടിയുമായിരിക്കാം യൂദാസ് യേശുവിനെ ഒറ്റുകൊടുത്തതെന്നും യൂദാസ് അവസാനം എത്തിയത് ആത്മഹത്യയിലാണെന്നും വിശദീകരിച്ച ഫാദര്‍ മിഖെലീനി ഇന്ന് വിശ്വാസം നഷ്ടപ്പെടുന്നതും ആത്മഹത്യകളും, സഹായിക്കപ്പെട്ട ആത്മഹത്യകളും നടക്കുന്നതും യുവജനങ്ങളും ആത്മഹത്യയില്‍ അഭയംതേടുന്നതും അനുസ്മരിച്ചു.

ആകയാല്‍ വിശ്വാസം, കാത്തുസൂക്ഷിക്കാന്‍ നമ്മുടെ ഇക്കാലഘട്ടത്തിലെ ക്രൈസ്തവരെ സഹായിക്കാനും ആത്മഹത്യകള്‍ തടയാനും എങ്ങനെ കഴിയുമെന്ന് ഇടയന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാപ്പായുടെ റോമന്‍കൂരിയ അംഗങ്ങളും ഇക്കഴിഞ്ഞ ഞായറാഴ്ച (05/03/17) വൈകുന്നേരം ആരംഭിച്ച ധ്യാനം വെള്ളിയാഴ്ച (10/03/17) ഉച്ചയ്ക്കു മുമ്പ് സമാപിക്കും.
All the contents on this site are copyrighted ©.