2017-03-06 12:19:00

പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു


നോമ്പുകാല ധ്യാനവേളയില്‍ തങ്ങള്‍ക്ക് പ്രാര്‍ത്ഥനാസഹായം ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

ഞായറാഴ്ച (05/03/17)  നോമ്പുകാല ധ്യാനത്തിനായി വത്തിക്കാനില്‍ നിന്ന് തെക്കുമാറി, 35 കിലോമീറ്ററോളം അകലെ, സ്ഥിതിചെയ്യുന്ന അറീച്ച്യ എന്ന സഥലത്തുള്ള ധ്യാനകേന്ദ്രത്തിലേക്കു റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കൊപ്പം ഒരു ബസ്സില്‍ പുറപ്പെടുന്നതിനു മുമ്പ്  തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത   സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:

“വെള്ളിയാഴ്ച(10/03/17) വരെ നോമ്പുകാല ധ്യാനത്തിലായിരിക്കുന്ന എന്നെയും എന്‍റെ സഹപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു”.  

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഞായറാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സായാഹ്ന പ്രാര്‍ത്ഥനയോടുംകൂടെ ധ്യാനത്തില്‍ പ്രവേശിച്ച പാപ്പായും റോമന്‍ കൂരിയ അംഗങ്ങളും തിങ്കളാഴ്ച രാവിലെയും ഉച്ചതിരിഞ്ഞും നടന്ന രണ്ടു ധ്യാന പ്രഭാഷണങ്ങളില്‍ പങ്കുകൊണ്ടു.

പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനവും ഈശോയുടെ ജറുസലേം യാത്രയും (മത്തായി 16, 13-21), യേശുവിന്‍റെ അവസാന വാക്കുകളും പീഡകളുടെ ആരംഭവും (മത്തായി 26, 1-19), എന്നിവയായയിരുന്നു തിങ്കളാഴചത്തെ വിചിന്തന പ്രമേയങ്ങള്‍ യഥാക്രമം.

ഈ ഷഡ്ദിന ധ്യാനത്തിന്‍റെ ധ്യാനവിഷയങ്ങള്‍ മത്തായിയുടെ സുവിശേഷത്തിലെ 16,26,27 എന്നീ അദ്ധ്യായങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാഗങ്ങളാണ്.








All the contents on this site are copyrighted ©.