2017-03-06 18:38:00

പാപ്പാ ഫ്രാന്‍സിസ് നല്കുന്ന ഈ വര്‍ഷത്തെ മാധ്യമദിന സന്ദേശം


“ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെകൂടെയുണ്ട്...!” (ഏശയ 43, 5).  സമകാലീന ലോകത്തോട് പ്രത്യാശയും ആത്മവിശ്വാസവും  സംവേദിക്കാം.

ഈ വര്‍ഷത്തെ ലോക മാധ്യമദിനത്തിനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശമാണിത്. മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളില്‍ - 2017 ജനുവരി 24-Ɔ൦ തിയതിയാണ് ഇത് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്:

1. ആമുഖം – കൂട്ടായ്മയുടെ സംസ്കൃതി വളര്‍ത്താം

വാര്‍ത്തകള്‍ തത്സമയവും അതിവേഗവും വ്യാപകമായും ആശയവിനിമയംചെയ്യുന്നത് ആധുനിക മാധ്യമ സൗകര്യങ്ങളാണ്. അതിന് നാം നന്ദിപറയേണ്ടത് ആധുനിക സാങ്കേതിക പുരോഗതിക്കാണ്. ശരിയും തെറ്റും, നന്മയും തിന്മയും, സത്യവും അസത്യവും ഇടകലര്‍ന്നതാണ് വാര്‍ത്തകള്‍. അതുകൊണ്ടാണ് ധാന്യം പൊടിക്കുന്ന ഒരു തിരികല്ലിനോട് ആശയങ്ങള്‍ നിരന്തരമായി മഥിക്കുന്ന മനുഷ്യമനസ്സിനെ ആദിമ ക്രൈസ്തവ സമൂഹം ഉപമിച്ചത്. എന്തുപൊടിക്കണമെന്നു തീരുമാനിക്കുന്നത് ഉടമസ്ഥനാണ്. അത് നല്ല ഗോതമ്പാകാം, അല്ലെങ്കില്‍ നെല്ലോ പുല്ലോ, പാഴ്പ്പുല്ലോ പതിരോ ആവാം. മനുഷ്യമനസ്സ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്ത് സംസ്ക്കരിച്ചെടുക്കണം എന്നു തീരുമാനിക്കേണ്ടത് നിങ്ങളും ഞാനുമാണ്, നമ്മള്‍ ഓരോരുത്തരുമാണ് (cf. St. John Cassian, Epistle to Leontius).

ദിനംപ്രതി വിവരശേഖരത്തിന്‍റെ ധാരാളിത്തം അനുവാചകര്‍ക്ക് സാങ്കേതികമായോ വ്യക്തിപരമായോ ‘അരച്ചുപൊടിച്ചു’ നല്കാന്‍ ആശയവിനിമയത്തിലൂടെ അദ്ധ്വാനിക്കുന്ന മാധ്യമപ്രവര്‍ത്തകരെയാണ് ഈ സന്ദേശത്തിലൂടെ അഭിസംബോധനചെയ്യാന്‍ ആഗ്രഹിക്കുന്നത്. യാഥാര്‍ത്ഥ്യ ബോധത്തോടെയും സത്യസന്ധമായും ചുറ്റുമുള്ള ലോകത്തെ കാണാന്‍ എല്ലാവരെയും സഹായിക്കേണ്ട ഉത്തരവാദിത്ത്വം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. ആശയവിനിമയത്തിന്‍റെ ക്രിയാത്മകമായ പ്രവൃത്തികളില്‍ വ്യാപൃതരായിരിക്കുന്ന എല്ലാവരെയും പരസ്പരബന്ധങ്ങളില്‍ കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ സന്ദേശത്തിന്‍റെ ലക്ഷ്യം.

2. നന്മയുടെ പ്രയോക്താക്കളാകേണ്ട മാധ്യമങ്ങള്‍

യുദ്ധവും ഭീകരതയും അക്രമങ്ങളും വളര്‍ത്തുന്ന  ആശങ്കയുടെ ഒടുങ്ങാവലയത്തിലാണ് നമ്മുടെ ജീവിതമിന്ന്. ഒപ്പം എല്ലാത്തരം മാനുഷികപ്രശ്നങ്ങളെയും തകര്‍ച്ചകളെയും കുറിച്ചുള്ള ‘മോശമായ വാര്‍ത്തകളില്‍നിന്നും’ നിരന്തരമായി ഉടലെടുക്കുന്ന ഭീതിദമായ സര്‍പ്പിളവലയവും നമ്മെ ചുറ്റിവരിയുകയാണ്. ഈ പ്രതിസന്ധികളെ ചുറ്റിപ്പറ്റി പിന്നെയും മനുഷ്യയാതനകള്‍ വളര്‍ത്തും വിധേനയും, അല്ലെങ്കില്‍ തിന്മയുടെ പ്രലോഭനങ്ങളെക്കുറിച്ച് ഒട്ടും ഭീതിയില്ലാത്തതും അന്ധവും ബാലിശവുമായ ഒരു ശുഭാപ്തിവിശ്വാസം (naive optimism) വളര്‍ത്തുന്ന രീതിയും സമൂഹത്തില്‍ മാധ്യമങ്ങള്‍ വളര്‍ത്തുന്നുണ്ട്. വളരെ സാധാരണമായി തെറ്റായ ആശയവിനിമയം നടത്തുകയും, വാര്‍ത്തകള്‍ നിഷേധാത്മകമായി പ്രചരിപ്പിക്കുകയുംചെയ്യുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ സാധാരണമായിട്ടുണ്ട്. ഇവയെ ഇല്ലാതാക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. നമ്മില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയെയും, തിന്മയ്ക്കു കീഴ്പ്പെടുന്ന നിസ്സംഗതയുടെ മനോഭാവത്തെയും ഭീതിയെയും, അല്ലെങ്കില്‍ തിന്മയ്ക്കു അറുതിയില്ലെന്നൊരു ചിന്താഗതിയെയും മറികടക്കാന്‍ നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. കൂടാതെ, മാധ്യമ വ്യവസായത്തില്‍ അല്ലെങ്കില്‍ മാധ്യമ ലോകത്ത് സുവിശേഷം അസ്ഥാനത്താണെന്നും, അല്ലെങ്കില്‍ അതിന് സ്വീകാര്യതയില്ലെന്നുമുള്ള ഒരു ധാരണ പൊതുവെ നിലനില്ക്കുന്നുണ്ട്. എന്നിട്ട് മനുഷ്യയാതനകളും തിന്മയുടെ രഹസ്യങ്ങളും വിനോദപരിപാടികളായി വിന്യസിപ്പിച്ചെടുക്കാനും, ലാഘവബുദ്ധിയോടെ അവ ആശയവിനിമയംചെയ്യാനുമുള്ള ശ്രമമാണ് മാധ്യമലോകത്ത് നടക്കുന്നത്. അങ്ങനെ മനുഷ്യമനസ്സാക്ഷി മന്ദീഭവിക്കപ്പെടുകയാണെങ്കില്‍, നിഷേധാത്മകമായ ഒരു ജീവിതഗതിയിലേയ്ക്ക് മനുഷ്യര്‍ വഴുതിവീഴാനുള്ള സാദ്ധ്യതയാണ് പൊതുവെ ശക്തിപ്പെട്ടുവരുന്നത്.  

മാധ്യമങ്ങള്‍ തിന്മയെ ബിംബവത്ക്കരിക്കാതെ, അവയുടെ സ്വീകര്‍ത്താക്കളോട് വാസ്തവികവും ഉത്തരവാദിത്ത്വപരവുമായ സമീപനവും, ഒപ്പം തുറവും സത്യസന്ധതയുമുള്ള ഒരു ആശയവിനിമയ ശൈലി അവലംബിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായി, നാം ഓരോരുത്തരും ഇക്കാലഘട്ടത്തില്‍ നമ്മുടെ സമൂഹത്തില്‍ മൗലികമായ ‘സുവിശേഷവും’ നന്മയുള്ള വാര്‍ത്തകളും അറിവും പങ്കുവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

3. സദ് വാര്‍ത്തയുടെ മാധ്യമ വീക്ഷണം

ജീവിതം സംഭവവികാസങ്ങളുടെ ഒരു നീണ്ട പരമ്പര മാത്രമല്ല, ചരിത്രവുമാണ്. എന്നാല്‍ പ്രസക്തമായ വസ്തുതകള്‍ തിരഞ്ഞെടുത്ത്, വക്രീകരണശേഷിയുള്ള ഒരു ‘ലെന്‍സി’ന്‍റെ കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിക്കുന്ന രീതിയായി മാറിയിട്ടുണ്ട് മാധ്യമപ്രവര്‍ത്തനം. അതിലോ അതില്‍ത്തന്നെയോ, അതുകൊണ്ട് യാഥാര്‍ത്ഥ്യത്തിന് വ്യക്തതയും അര്‍ത്ഥവും ഇല്ലാതായിത്തീര്‍ന്നിട്ടുമുണ്ട്. കാരണം നാം ഉപയോഗിക്കുന്ന ‘ലെന്‍സി’നെയും, അതിന്‍റെ കാഴ്ചപ്പാടിനെയും ആശ്രയിച്ച് മധ്യമങ്ങളിലൂടെ പ്രേക്ഷകരിലെത്തുന്ന വസ്തുതകള്‍ മാറിമറിയുകയാണ്. ‘ലെന്‍സ്’ മാറുമ്പോള്‍ യാഥാര്‍ത്ഥ്യം വ്യത്യസ്ത രൂപഭാവങ്ങള്‍ അണിയുന്നു, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം ആവിഷ്കൃതയാഥാര്‍ത്ഥ്യമായി മാറുന്നു. അല്ലെങ്കില്‍ പിന്നെയും അവ വളച്ചൊടിക്കപ്പെടുന്നു. അതിനാല്‍ ശരിയായ ‘ലെന്‍സി’ലൂടെയും സത്യസന്ധമായ കാഴ്ചപ്പാടിലൂടെയും എങ്ങനെ യാഥാര്‍ത്ഥ്യത്തെ ‘വായിച്ചെടുക്കാനാകു’മെന്ന് ഇന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യത്തെ വീക്ഷിക്കേണ്ട ‘ലെന്‍സ്’ അല്ലെങ്കില്‍ ജീവിതകാഴ്ചപ്പാട് സുവിശേഷമാണ് - “ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം” (മര്‍ക്കോസ് 1, 1). വിശുദ്ധ മര്‍ക്കോസ് ഈ വാക്കുകളോടെയാണ് ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം അല്ലെങ്കില്‍ ക്രിസ്തുതന്നെയാകുന്ന സുവിശേഷം ആരംഭിക്കുന്നത്. നാം അതു വായിക്കുമ്പോള്‍ അതിന്‍റെ ഉള്ളടക്കവും ശീര്‍ഷകവും തമ്മില്‍ പൊരുത്തപ്പെടുക മാത്രമല്ല, അത് ക്രിസ്തു തന്നെയാണെന്നു മനസ്സിലാകുകയും ചെയ്യും.

4. പ്രത്യാശയുടെ  പ്രായോജകര്‍

സുവിശേഷം ക്രിസ്തുതന്നെ! അവിടുത്തെ ജീവിതം നിരീക്ഷിക്കുമ്പോള്‍, പ്രത്യേകിച്ച് പീഡകള്‍ കാണുമ്പോള്‍ അവിടുന്ന് ‘സുവിശേഷ’മല്ലെന്നു തോന്നാം. എന്നാല്‍ മാനുഷികയാതനകള്‍ക്ക് അതീതമായ ഒരു രക്ഷാകര മൂല്യമുണ്ട് ക്രിസ്തുവിന്‍റെ പീഡകള്‍ക്ക്. മനുഷ്യകുലത്തോടും പിതാവിനോടും ക്രിസ്തുവിനുള്ള സമഗ്രമായ സ്നേഹത്തിന്‍റെ പ്രതീകങ്ങളാണവ. മനുഷ്യന്‍റെ സകല ജീവിതാവസ്ഥകളോടും ദൈവത്തിനുള്ള സഹാനുഭാവം പ്രകടമാക്കപ്പെടുന്നത് ക്രിസ്തുവിലാണ്. അവിടുന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്, “മക്കളെപ്പോലെ നമ്മെ സദാ കാത്തുപാലിക്കുന്നൊരു പിതാവു നമുക്കുണ്ട്.” “ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്” (ഏശയ 43, 5)!

തന്‍റെ ജനത്തിന്‍റെ ചരിത്രത്തില്‍ മുഴുകിയിരിക്കുന്ന ദൈവത്തിന്‍റെ ആശ്വാസ വാക്കുകളാണിവ.  “ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെ”ന്ന പിതാവിന്‍റെ വാഗ്ദാനം തിന്മയുടെ യാതനയും ഇരുട്ടും,  നമ്മുടെ എല്ലാ ബലഹീനതകളും, മരണംപോലും ക്രിസ്തുവില്‍ ഉള്‍ച്ചേര്‍ക്കുന്നതാണ്. എന്തിന് മരണംപോലും ക്രിസ്തുവില്‍  അത് ജീവന്‍റെയും പ്രകാശത്തിന്‍റെയും സന്ധിപ്പാണ്. അതിനാല്‍ ജീവിതത്തിന്‍റെ ദിശാസന്ധികളില്‍ പരാജയത്തിന്‍റെ കൈപ്പേറുമ്പോള്‍ അത് ക്രിസ്തുവിലുള്ള പ്രത്യാശ നമ്മില്‍  ജനിപ്പിക്കുകയും, അത് അനുഭവവേദ്യമാക്കിക്കിത്തരികയും ചെയ്യുന്നു. “നമ്മുടെ ഹൃദയങ്ങളിലേയ്ക്ക്  പരിശുദ്ധാത്മാവിനാല്‍  ദൈവസ്സനേഹം സമൃദ്ധമായി ചൊരിയപ്പെട്ടിരിക്കുന്നതിനാല്‍, ഒരിക്കലും പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമ. 5, 5).  മാത്രമല്ല നിലത്തുവീണ വിത്തില്‍നിന്നും മുള പൊട്ടിത്തളിര്‍ക്കുന്നപോലെ പ്രത്യാശ നമ്മില്‍ പുതുജീവന്‍ വളര്‍ത്തുന്നു. ലോകചരിത്രത്തില്‍ ഇന്നു സംഭവിക്കുന്ന ഓരോ ദുരന്തങ്ങളും നമ്മെ പരസ്പരസ്നേഹവും സഹാനുഭാവമുള്ളവരും, എല്ലാം നവമായി തുടങ്ങാനുള്ള കരുത്തും കഴിവും ഉള്ളവരുമാക്കുന്നിടത്തോളം മനുഷ്യചരിത്രം ഈ പ്രത്യാശയുടെ സുവിശേഷത്തിന് പശ്ചാത്തലമാകും.   

5. ദൈവരാജ്യത്തിന്‍റെ ഫലശക്തിയിലുള്ള  വിശ്വാസം

ജനങ്ങള്‍ക്കും തന്‍റെ ശിഷ്യന്മാര്‍ക്കും സുവിശേഷമനോഭാവം നല്കാനും, ദൈവരാജ്യത്തിന്‍റെ ആത്മവിശ്വാസവും വീക്ഷണകോണവും നല്കാനുമാണ് ക്രിസ്തു ഉപമകള്‍ പറഞ്ഞത്. ഉള്ളിലെ ജീവദായകമായ ഓജസ്സ് പൊട്ടിപ്പുറപ്പെടാനും തളിര്‍ക്കാനുംവേണ്ടി ഭൂമിയില്‍ വീണ് സ്വയം അലിഞ്ഞുതീരുന്ന വിത്തിനോടാണ് അവിടുന്ന് ദൈവരാജ്യത്തെ ഉപമിച്ചത് (മര്‍ക്കോസ് 4, 1-34). അങ്ങനെ അവര്‍ സ്വയം ജീര്‍ണ്ണിച്ച് അപരന് സമൃദ്ധമായ ജീവന്‍ നല്കുന്ന ത്യാഗജീവിതം ആശ്ലേഷിക്കണമെന്നും അവിടുന്ന് ആഗ്രഹിച്ചു.

നിസ്സാരമെന്നും നിശ്ശബ്ദമെന്നും തോന്നാവുന്ന ഈ ഉപമകളും ഉപമാനങ്ങളും ഉപയോഗിച്ചതുകൊണ്ട് ദൈവരാജ്യത്തിന്‍റെ ശക്തിയോ പ്രാധാന്യമോ അടിയന്തിര സ്വഭാവമോ ഒരിക്കലും ഇല്ലാതാകുന്നില്ല. മറിച്ച് കേള്‍വിക്കാര്‍ക്ക് സ്വതന്ത്രമായി സന്ദേശം സ്വീകരിക്കാനും സ്വാംശീകരിക്കുവാനുമുള്ള കരുണാര്‍ദ്രവും വിനയാന്വിതവുമായ ഉപാധിയായി അവ മാറിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ വിരോധാഭാസമായി തോന്നാവുന്ന ദൈവരാജ്യത്തിന്‍റെ മഹത്തരമായ അന്തസ്സും, ക്രിസ്തുവിലുള്ള നവജീവനും ആശയങ്ങളുടെ തലത്തില്‍ എന്നതിനെക്കാള്‍ ബിംബങ്ങളുടെ തലത്തില്‍ ആശയവിനിമയംചെയ്യാനുള്ള ഏറ്റവും ക്രിയാത്മകവും ഫലവത്തുമായ രീതിയാണ് സുവിശേഷത്തിലെ ഉപമകള്‍.

വിത്തിന്‍റെ ഉപമയില്‍ കുരിശുകളും ക്ലേശങ്ങളും ജീവിതത്തിന് ഒരിക്കലും തടസ്സമാകുന്നില്ല. അവ പുതുജീവന്‍ പകരുന്ന ദൈവിക രക്ഷാമാര്‍ഗ്ഗമാണ് കാണിച്ചുതരുന്നത്. ഇവിടെ ബലഹീനതകള്‍ മാനുഷികശക്തിയെ വെല്ലുന്നതാണ്. അതുപോലെ പുറമെ കാണുന്ന വിത്തിന്‍റെ ജീര്‍ണ്ണതയുടെയും അലിഞ്ഞുതീരലിന്‍റെയും പരാജയം സകലത്തിന്‍റെയും സ്നേഹത്തിലുള്ള പൂര്‍ത്തീകരണമായി മാറുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ പക്വമാര്‍ജ്ജിക്കുന്നതും രൂഢമൂലമാകുന്നതും ഇപ്രകാരമാണ്. ഒരാള്‍ ഭൂമിയില്‍ വിത്തു വിതച്ചിട്ട് രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. ‌മറ്റൊരുനാള്‍ കര്‍ഷകന്‍ ഉണരുംമുന്‍പേ വിത്തു മുളപൊട്ടി വിരിയുന്നു. ഇതാണ് ദൈവരാജ്യത്തിന്‍റെ നിശ്ശബ്ദസാന്നിദ്ധ്യവും അസ്തിത്വവും (മര്‍ക്കോസ് 4, 26-27).

അവഗണിക്കപ്പെടാവുന്നതും ലോലമെന്നു തോന്നാവുന്നതുമായ ഒരു ചെറുവിത്തുപോലെ ദൈവരാജ്യം നമ്മുടെ ഇടയില്‍ വേരുപിടിക്കുകയും മുളയെടുക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവു തരുന്ന സൂക്ഷ്മദൃഷ്‍ടിയുളളവര്‍ക്കാണു ദൈവരാജ്യത്തിന്‍റെ തളിരു തിരിച്ചറിയാനാകുന്നത്. അവര്‍ക്ക് അത് കണാന്‍ കഴിവുണ്ടാകുന്നു. ദൈവരാജ്യത്തിന്‍റെ സന്തോഷം നശിപ്പിച്ചുകളായാന്‍ ചുറ്റും കളകള്‍ മുളയെടുത്തേക്കാം. എന്നാല്‍ കളയില്‍നിന്നു വിളയെ വേര്‍തിരിച്ചറിയാനും, കളകള്‍ നശിപ്പിച്ചുകളയാനുമുള്ള ദീര്‍ഘദൃഷ്ടിയും കരുത്തുമുണ്ടാകുന്നത് ദൈവാത്മാവില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ക്കാണ്.  

6. ആത്മചൈതന്യത്തിന്‍റെ ചക്രവാളങ്ങള്‍

ക്രിസ്തുവിലും സുവിശേഷത്തിലുമുള്ള പ്രത്യാശയാണ് ‘സ്വര്‍ഗ്ഗീയജീവനെ’ മനസ്സുതുറന്ന്  ധ്യാനിക്കാന്‍ നമ്മെ ക്ഷണിക്കുന്നത്. അവിടുന്നു വിദൂരസ്ഥനായി തേന്നാമെങ്കിലും ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം നമുക്ക് പ്രത്യാശയുടെ ചക്രവാളങ്ങള്‍ തുറന്നു തരികയും,  വിസ്തൃതമാക്കിത്തരികയും ചെയ്യുന്നു. നമ്മുടെ മനുഷ്യസ്വഭാവത്തെ സ്വര്‍ഗ്ഗോന്മുഖമാക്കുന്നത് ക്രിസ്തുവും അവിടുത്തെ സ്വര്‍ഗ്ഗാരോഹണവുമാണ്. അവിടുത്തെ ‘രക്തത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ശ്രീകോവിലിലേയ്ക്ക്’ അതിനാല്‍ നമുക്ക് ഓരോരുത്തര്‍ക്കും സ്വച്ഛന്ദം പ്രവേശിക്കാം. സ്വയാര്‍പ്പണത്തിലൂടെ അവിടുന്ന് നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. അതുകൊണ്ട് പരിശുദ്ധാത്മശക്തിയാല്‍ നമുക്ക് കാലാന്ത്യത്തോളം മാനവികതയുടെ നൂതനവും രക്ഷിതവുമായ സാക്ഷികളും സംവേദകരുമാകാം (ഹെബ്രാ. 10, 19-20).

ക്രിസ്തു പ്രബോധിപ്പിച്ച വിത്താകുന്ന ദൈവരാജ്യത്തിലും, അവിടുത്തെ പുനരുത്ഥാന രഹസ്യത്തിലുമുള്ള ‍ആത്മവിശ്വാസത്താല്‍ നമ്മുടെ ആശയവിനിമയ രീതികളെ ക്രമീകരിക്കാന്‍ പരിശ്രമിക്കാം. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും - എല്ലാത്തരത്തിലും തലത്തിലുമുള്ള ആശയവിനിമയങ്ങള്‍ക്കും പ്രേരകശക്തിയാകേണ്ടത് ആത്മവിശ്വാസമാണ്. അങ്ങനെ ഓരോ വ്യക്തിയുടേതുമായ ജീവിതകഥയില്‍ സുവിശേഷസന്ദേശം ഉള്‍ച്ചേര്‍ത്ത് ആശയവിനിമയംചെയ്യാന്‍ സാധിക്കുമെന്ന ബോധ്യത്തോടെ നമുക്കു മുന്നേറാം.

7. ഉപസംഹാരം  –  ജീവിതവീഥിയെ തെളിയിക്കുന്ന ദൈവാത്മാവ്

അനുദിന ജീവിതത്തിലും ചരിത്രത്തിലും ദൈവം എത്രത്തോളം സന്നിഹിതനാണെന്നും, അവിടുന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും തിരിച്ചറിയുന്നത് തങ്ങളെത്തന്നെ ദൈവാരൂപിയുടെ പ്രേരണകള്‍ക്ക് വിശ്വാസത്തില്‍ സമര്‍പ്പിക്കുന്നവരാണ്. അവര്‍ രക്ഷാകര ചരിത്രത്തില്‍ ക്ഷമയോടെ പങ്കുചേരുന്നു. രക്ഷയുടെ ചരിത്രം നെയ്തെടുക്കുന്നത് പ്രത്യാശയാണ്. നെയ്ത്തുകാരന്‍ മറ്റാരുമല്ല, ആശ്വാസദാതാവായ പരിശുദ്ധാത്മവു തന്നെ! പുണ്യങ്ങളില്‍ ഏറ്റവും വിനീതമാണ് പ്രത്യാശ! കാരണം ദിനന്തോറുമുള്ള ജീവിത വ്യഗ്രതകള്‍ക്കിടയില്‍ അത് ഒളിഞ്ഞുകിടക്കുകയാണ്. മാവിനെ പുളിപ്പിക്കുന്ന പുളിമാവ്പോലെയാണത്.

ഈ ഭൂമിയില്‍ ദൈവസ്നേഹത്തിന്‍റെ പ്രതീകങ്ങളായിത്തീര്‍ന്ന വിശുദ്ധരുടെ ജീവിതങ്ങള്‍ സുവിശേഷത്തിന്‍റെ വൈവിധ്യമാര്‍ന്ന പകര്‍പ്പുകളായിരുന്നു. അതുപോലെ നമ്മുടെയും അനുദിനജീവിത പ്രത്യാശയെ സുവിശേഷം പരിപോഷിപ്പിക്കട്ടെ! ഇന്നും മനുഷ്യഹൃദയങ്ങളില്‍ ദൈവരാജ്യത്തിന്‍റെ അഭിനിവേശം വിതയ്ക്കുന്നത് ദൈവാത്മാവാണ്. ലോകത്ത് ഇന്ന് അരങ്ങേറുന്ന നാടകീയ സംഭവങ്ങള്‍ക്കിടയിലും, ചുറ്റും പടരുന്ന തിന്മയുടെ ഇരുട്ടിലും പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്‍റെയും നവമായ പാതകള്‍ തെളിയിക്കുന്ന ചെറുദീപങ്ങളാകാനുള്ള ചൈതന്യം പരിശുദ്ധാത്മാവ് നമ്മില്‍ തെളിയിക്കട്ടെ!

Published from Vatican’s Secretariat for Communications on 24 January 2017.
All the contents on this site are copyrighted ©.