2017-03-04 12:58:00

പാപ്പായും റോമന്‍കൂരിയ അംഗങ്ങളും ഷഡ്ദിന നോമ്പുകാല ധ്യാനത്തിലേക്ക്


ഫ്രാന്‍സീസ് പാപ്പായും റോമന്‍കൂരിയ അംഗങ്ങളും നോമ്പുകാല ധ്യാനത്തില്‍ പ്രവേശിക്കുന്നു.

ഈ ഞായറാഴ്ച (05/03/17) മുതല്‍ പത്താം തീയതി വെള്ളിയാഴ്ച വരെയായിരിക്കും ഈ തപസ്സുകാല ധ്യാനം

വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം തെക്കുമാറി സ്ഥിതിചെയ്യുന്നു അറീച്യയില്‍ വിശുദ്ധ പൗലോസിന്‍റെ നാമത്തിലുള്ള സന്ന്യാസ സമൂഹത്തിന്‍റെ    ധ്യാനകേന്ദ്രമായ, “ദിവ്യ ഗുരുവിന്‍റെ ഭവനം” എന്നര്‍ത്ഥമുള്ള “കാസ ദിവീന്‍ മയേസ്ത്രൊ (CASA DIVIN MAESTRO) ആണ് ഈ ഷഡ്ദിന ധ്യാനത്തിന്‍റെ വേദി.

വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയിലുള്ള ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനായ ഇറ്റലിക്കാരന്‍ ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍, ജൂലിയൊ മിഖെലീനിയാണ് ധ്യാന ഗുരു.

ഞായറാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സായാഹ്ന പ്രാര്‍ത്ഥനയോടുംകൂടെ ധ്യാനം ആരംഭിക്കും. എല്ലാദിവസവും രാവിലെയും ഉച്ചതിരിഞ്ഞുമുള്ള 2 ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, യാമപ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് പൊതുവായ പരിപാടികള്‍.

ധ്യാനപ്രസംഗങ്ങള്‍ക്കവലംബം മത്തായിയുടെ സുവിശേഷത്തിലെ 16,26,27 എന്നീ അദ്ധ്യായങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാഗങ്ങളാണ്

പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനവും ഈശോയുടെ ജറുസലേം യാത്രയും (മത്തായി 16, 13-21), യേശുവിന്‍റെ അവസാന വാക്കുകളും പീഡകളുടെ ആരംഭവും (മത്തായി 26, 1-19),  അപ്പവും വീഞ്ഞും – ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ (മത്തായി 26, 36-46), ഗത്സമന്‍ തോട്ടത്തില് യേശു പ്രാര്‍ത്ഥിക്കുന്നതും അവിടന്ന് ബന്ധിയാക്കപ്പെടുന്നതും (മത്തായി 26, 36-46).  യൂദാ സ്ക്കറിയോത്തയും നിണഭൂമിയും (മത്തായി 27, 1-10).  റോമന്‍ വിചാരണയും വിധിയും, പീലാത്തോസും, പിന്നെ  അദ്ദേഹത്തിന്‍റെ ഭാര്യ കണ്ട സ്വപ്നവും (മത്തായി 27, 11-26).  മിശിഹായുടെ മരണം (മത്തായി 27, 45-46).  സംസ്ക്കാരവും വലിയ ശനിയാഴ്ചയും (മത്തായി 27, 56-66).  ശൂന്യമായ കല്ലറയും ഉത്ഥാനവും ( മത്തായി 28, 1-20) ഉപസംഹാരവും എന്നിങ്ങനെയാണ്  ധ്യാന ചിന്തകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത് യഥാക്രമം.

ഈ ധ്യാനദിനങ്ങളില്‍, പാപ്പായുടെ ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ച ഉള്‍പ്പടെയുള്ള ഔദ്യോഗികപരിപാടികളൊന്നുംതന്നെ ഉണ്ടായിരിക്കുന്നതല്ല.








All the contents on this site are copyrighted ©.