2017-03-04 12:31:00

തിരുക്കര്‍മ്മ ഗീതങ്ങളുടെ സാംസ്കാരികാനുരൂപണം


വിശുദ്ധ ഗീതങ്ങളുടെയും ആരാധനാക്രമ ഗീതങ്ങളുടെയും സാംസാകാരികാനുരൂപണത്തിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ഊന്നിപ്പറയുന്നു.

വിശുദ്ധ ഗീതങ്ങളെ അധികരിച്ച് ഈ മാസം 2 മുതല്‍ 4 വരെ (02-04/03/17) റോമില്‍ ,സാംസ്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയും കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള സംഘവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കുന്ന 400 ഓളം പേരടങ്ങിയ സംഘത്തെ വത്തിക്കാനില്‍ ശനിയാഴ്ച(04/03/17) സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഗതകാലത്തുനിന്ന് അവകാശമായി ലഭിച്ച സമ്പന്നവും ബഹുരൂപത്തിലുള്ളതുമായ പൈതൃകം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്നതോടൊപ്പം ഇന്നിന്‍റെ  കലാപരവും സംഗീതപരവുമായ ശൈലിയോടു പൂര്‍ണ്ണമായും ചേര്‍ന്നു പോകത്തക്കവിധമുള്ളതുമാകണം വിശുദ്ധ ഗീതവും ആരാധനാക്രമഗീതവുമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ദൈവവചനത്തെ ഇന്നിന്‍റെ മനുഷ്യരുടെ ഹൃദയത്തെ സ്പന്ദിപ്പിക്കുന്ന ഗാനങ്ങളും സ്വരങ്ങളും സ്വരലയവുമാക്കി മാറ്റാന്‍ തിരുക്കര്‍മ്മ ഗാനങ്ങളുടെയും വിശുദ്ധ ഗീതങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണമെന്നും   വിശ്വാസത്തിലേക്ക് ഹൃദയത്തെ തുറക്കുകയും ആഘോഷിക്കുന്ന തിരുരഹസ്യത്തില്‍ പൂര്‍ണ്ണമായി പങ്കുചേരുന്നതിനും അതു ഉള്‍ക്കൊള്ളുന്നതിനും സജ്ജമാക്കുകയും ചെയ്യുന്നതായ ഒരു വൈകാരികാന്തരീക്ഷം സംജാതമാക്കാന്‍ ഉതകുന്നതാകണം ഈ ഗാനങ്ങളെന്നും പാപ്പാ പറയുന്നു.

ആധുനികതയുമായുള്ള സമാഗമവും ആരാധനാക്രമങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഭാഷകളും ഉയര്‍ത്തിയിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന പാപ്പാ ഇത് ഒരു തരം മന്ദോഷ്ണതയ്ക്കും ഉപരിപ്ലവതയ്ക്കും കാരണമാകുകയും ആരാധനാക്രമാഘോഷങ്ങളുടെ മനോഹാരിതയ്ക്കും തീവ്രതയ്ക്കും മങ്ങലേല്പിക്കുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത അനുസ്മരിക്കുന്നു.

വിശുദ്ധ ഗീതങ്ങളുടെയും തിരുക്കര്‍മ്മ ഗാനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്തുന്നതായ ഒരു നവീകരണത്തിന് വിലയേറിയ സംഭാവനയേകാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍, ഗായകര്‍ എന്നിവരുള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ക്ക് സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്ന പാപ്പാ വൈദികാര്‍ത്ഥികള്‍ക്കും  ഉചിതമായ സംഗീത പരിശീലനം നല്കേണ്ടതിന്‍റെ അനിവാര്യത ഊന്നിപ്പറയുന്നു.        

1967 മാര്‍ച്ച് 5 ന് ദൈവികാരാധനായ്ക്കായുള്ള സംഘം വിശുദ്ധഗീതങ്ങളെ അധികരിച്ച്, രണ്ടാം വത്തിക്കാന്‍ സൂനഹോദോസിന്‍റെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച “മൂസിക്കാം സാക്രാം” എന്ന രേഖ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു പാപ്പായുടെ പ്രഭാഷണം.

 








All the contents on this site are copyrighted ©.