2017-03-04 14:17:00

തപസ്സിലൂടെ ദൈവമക്കളാകാം! നാലുപറയച്ചന്‍റെ വചനവിചിന്തനം


തപസ്സുകാലം ഒന്നാംവാരം ഞായര്‍ - വിശുദ്ധ മത്തായിയുടെ സുവിശേഷം 4, 1-11.

പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ റവറെന്‍റ് ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനമാണിത്.

ഈയിടെ ഒരു വലിയമ്മിച്ചിക്ക് അന്ത്യകൂദാശ കൊടുക്കാന്‍പോയി. രോഗീലോപനം നല്കിക്കഴിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മിച്ച ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. “അധികം പരീക്ഷിക്കാതെ തമ്പുരാന്‍ എന്നെ അങ്ങു വിളിക്കണേ. അതിന് അച്ചന്‍ ഒന്നു പ്രാര്‍ത്ഥിക്കണം.”

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയില്‍ നാം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നത്, “പ്രലോഭനത്തില്‍  ഉള്‍പ്പെടുത്തരുതേ…” എന്നാണ്. എന്‍റെയും നിങ്ങളുടെയും നമ്മുടെയൊക്കെ ജീവിതത്തിന്‍റെ അനുഭവമാണ്, സാധാരണം അനുഭവമാണ് പരീക്ഷണം, പ്രലോഭനം. പക്ഷേ ഇന്നത്തെ സുവിശേഷത്തില്‍ നമ്മള്‍ കാണുന്നത് ക്രിസ്തു പ്രലോഭിക്കപ്പെടുന്നു! അവിടുന്ന് പരീക്ഷണത്തിന് വിധേയനാക്കപ്പെടുന്നു. ഞാനും നിങ്ങളും പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്, പരീക്ഷണത്തിന് നാം വിധേയരാക്കപ്പെടാറുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷേ, ഇവിടെ ക്രിസ്തു പ്രലോഭിക്കപ്പെടുന്നു. അങ്ങനെയങ്കില്‍ നമ്മുടെ പരീക്ഷണവും പ്രലോഭനവും ക്രിസ്തുവിന്‍റെ പ്രലോഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഈ വ്യത്യാസം തിരിച്ചറിയുന്നിടത്താണ് നമ്മുടെ ജീവിതത്തില്‍ നമ്മുടെ വളര്‍ച്ച, നമ്മുടെ വിജയം, അതും ആത്യന്തികമായ വിജയത്തില്‍ എത്താനായിട്ട് നമുക്കാവുന്നത്. എന്താണ് എനിക്കുണ്ടാകുന്ന പ്രലോഭനവും ക്രിസ്തുവിനുണ്ടായ പ്രലോഭനവും തമ്മിലുള്ള വ്യത്യാസം?

ക്രിസ്തുവിന്‍റെ പ്രലോഭനവും നമ്മുടെ പ്രലോഭനവും തമ്മിലുള്ള വ്യത്യാസം അടയാളപ്പെടുത്തുന്ന ഒരു തിരുവചനമാണ്. 4-Ɔമത്തെ അദ്ധ്യായത്തില്‍ 1-Ɔമത്തെ വചനത്തില്‍ വിശുദ്ധ മത്തായി പറയുന്നത്. “അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേയ്ക്ക് നയിച്ചു” (മത്തായി 4, 4). പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് മരുഭൂമിയിലേയ്ക്ക് യേശുവിനെ നയിക്കുന്നത് ആത്മവാണ്. ഏത് ആത്മാവ്? ദൈവാത്മാവാണ്! യേശുവിനെ പരീക്ഷയിലേയ്ക്ക് നയിക്കുന്നതും പരീക്ഷയിലൂടെ നയിക്കുന്നതും!! ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. പരീക്ഷണത്തില്‍ യേശുവിനുണ്ടായിരുന്ന ആത്യന്തികമായ അടിസ്ഥാന ഭാവമിതാണ്. പരീക്ഷയിലൂടെ അവിടുത്തെ നയിക്കുന്നത് ദൈവാത്മാവാണ്. പരീക്ഷണത്തിലേയ്ക്ക് നയിക്കുന്നത്. മാത്രമല്ല, ഈ പരീക്ഷണത്തിന്‍റെ കാലത്തൊക്കെ തമ്പുരാന്‍ കൂടെയുണ്ട്. തമ്പുരാന്‍റെ ആത്മാവ് കൂടെയുണ്ട്.

ദൈവം കൂടെയുണ്ട്, എന്നുള്ള ചിന്തയായിരുന്നു അടിസ്ഥാനപരമായിട്ട് ക്രിസ്തുവിനുണ്ടായിരുന്ന ബോധ്യം. ഞാന്‍ ഒറ്റയ്ക്കല്ല ദൈവാത്മാവ് കൂടെയുണ്ട്. എന്നാല്‍ പലപ്പോഴും ജീവിതത്തിന്‍റെ വലിയ പ്രതിസന്ധികളിലും ക്ലേശങ്ങളിലും നമ്മളൊക്കെ പറഞ്ഞുപോകുന്നത്? വലിയ ക്ലേശങ്ങളില്‍ നാം പറഞ്ഞുപോകുന്നത്, തമ്പുരാന്‍ എന്നെ കൈവിട്ടല്ലോ! ഇതാണ് പ്രലോഭനത്തില്‍ അകപ്പെടുന്ന ഞാനും, പ്രലോഭനത്തില്‍ അകപ്പെട്ട ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം! ഞാനും ക്രിസ്തുവും തമ്മിലുള്ള അകലമിതാണ്. പരീക്ഷണ സമയത്ത് തമ്പുരാന്‍ കൈവിട്ടു എന്ന ചിന്തിയില്‍ ഞാനാകുമ്പോള്‍ ദൈവാത്മാവ് അവിടെയുണ്ട്. തമ്പുരാന്‍ കൂടെയുണ്ട്. ദൈവാത്മാവാല്‍ നയിക്കപ്പെടുന്നു എന്ന അനുഭവം അവബോധത്തിലാണ് യേശു പരീക്ഷയിലൂടെ കടന്നുപോകുന്നത്.

പല ആവര്‍ത്തി പറഞ്ഞു കേട്ടിട്ടുള്ള കഥയില്ലേ? ഒരാള്‍ തന്‍റെ ജീവിതത്തിന്‍റെ അവസാനം ഈ ലോക ജീവിതം അവസാനിപ്പിച്ച് തമ്പുരാന്‍റെ അടുത്തെത്തുന്നു, തമ്പുരാന്‍‍ അയാളുടെ ജീവിതത്തെ ഒരു –‘ഫ്ലാഷ്ബാക്കാ’യി പുറകോട്ട് കാണിച്ചുകൊടുക്കുന്നു. അത് അവതരിപ്പിക്കുന്നത് കടല്‍തീരത്ത് പതിഞ്ഞുകിടക്കുന്ന, തിരമാലകള്‍ക്കടുത്ത് പതിഞ്ഞുകിടക്കുന്ന നാല് കാല്പാടുകളായിട്ടാണ്. രണ്ടു പേര്‍ നടന്നുപോകുന്ന വഴിയാണ് പൂഴിയില്‍ പതിഞ്ഞ നാല് കാല്പാദങ്ങള്‍!  അങ്ങനെ അവര്‍ നടന്നു നടന്നു പോകുന്നു. കുറെ മുന്നോട്ട് പോകുമ്പോള്‍ ഇടയ്ക്കുവച്ച് രണ്ടു കാല്‍പ്പാദങ്ങള്‍ അപ്രത്യക്ഷമാകുന്നു. പിന്നെ രണ്ടേയുള്ളൂ! പിന്നെയും കുറെക്കൂടി കഴിയുമ്പോള്‍ നാലും വരുന്നു! പിന്നെയും കുറെ നീങ്ങിയപ്പോള്‍ രണ്ടേയുള്ളൂ. ഇടയക്ക് രണ്ട് പാദങ്ങള്‍ അപ്രത്യക്ഷമാകുന്നു. ജീവിതയാത്രയുടെ ഒറ്റപ്പെട്ട രണ്ടു പാദമുദ്രകള്‍ മാത്രം കണ്ടിട്ട് ആ മനുഷ്യന്‍ തമ്പുരാനോട് പറഞ്ഞു. ദൈവമേ..., ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ പരീക്ഷണഘട്ടങ്ങളില്‍ വലിയ സങ്കടങ്ങളില്‍ നാഥാ, അങ്ങ് എന്നെ ഒറ്റയ്ക്കാക്കിയല്ലോ? കൈവിട്ടല്ലോ?

അപ്പോള്‍ തമ്പുരാന്‍ അയാളോടു പറയുന്നു. “മകനേ, ഈ കാണുന്ന കാല്പാടുകള്‍, ഒറ്റയ്ക്കായി തോന്നിച്ച സമയത്തെ കാല്പാടുകള്‍ നിന്‍റേതല്ല. എന്‍റെയാണ്! നിന്‍റെ ജീവിതത്തിന്‍റെ വലിയ പ്രതിസന്ധിയുടെ ഘട്ടങ്ങളിലൊക്കെ ഞാന്‍ നിന്നെ എന്‍റെ കരങ്ങളില്‍ എടുക്കുകയും എന്‍റെ തോളില്‍ സംവഹിക്കുകയുമായിരുന്നു. അതുകൊണ്ടാണ് ആ സമയത്ത് രണ്ടു കാല്പാദങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. അത് എന്‍റേതാണ്. കാരണം ജീവിതത്തിന്‍റെ പ്രലോഭനങ്ങളിലും വലിയ പ്രതിസന്ധികളിലും നിന്നെ ഞാന്‍ കരങ്ങളില്‍ വഹിക്കുകയായിരുന്നു. തോളിലേറ്റി നടക്കുകയായിരുന്നു. നിന്നെ ഹൃദയത്തോട് ചേര്‍ത്തുവച്ച നിമിഷങ്ങളാണവ!”

ഇതാണ് സത്യം. എന്ത്? ജീവിതത്തിന്‍റെ ലോഭനങ്ങളില്‍, ‍പ്രതിസന്ധികളില്‍ എന്താണ് സംഭവിക്കുന്നത്? തമ്പുരാന്‍റെ കരങ്ങളില്‍ അവിടുന്ന് എന്നെ താങ്ങുകയായിരുന്നു. ഈശോയുടെ പ്രലോഭനത്തെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ അനുഭവം. പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന്‍റെ യേശുവിനെ ആത്വ് മരുഭൂമിയിലേയ്ക്ക് നയിച്ചത് ദൈവാത്മാവാണ്. എന്നുള്ള അനുഭവം പരീക്ഷണത്തിന്‍റെ നടുവിലും ദൈവാത്മാവ് കൂടെയുണ്ടെന്ന് അനുഭവം, ധൈര്യം! ദൈവാത്മാവ് കൂടെയുണ്ട് എന്നുള്ള അനുഭവമായിരുന്നു ഈശോയുടെ പരീക്ഷണത്തിന്‍റെ ഗുണപരമായ മാറ്റം, a qualitative change ഈ ഗുണപരമായ മാറ്റം തമ്പുരാനാണ്. അതുകൊണ്ട് ഈ പരീക്ഷണത്തിന്‍റെയൊക്കെ മദ്ധ്യത്തില്‍ പിശാച് ഈശോയോട്  ഉദ്ബോധിപ്പിക്കുന്നത് എന്താണെന്നോ? ചോദിക്കുന്നതിനൊക്കെ മറുപടി പറയുമ്പോള്‍ ഈശോ ഉദ്ദരിക്കുന്നത് ദൈവവചനം തന്നെയാണ്. 4-Ɔമത്തെ വചനം, “മനുഷ്യന്‍ അപ്പംകണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടും ജീവിക്കുന്നു.” അതിനുശേഷം അവിടുത്തെ മറുപടി, 7-Ɔമത്തെ വചനം. “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്, എന്നുകൂടെ എഴുതപ്പെട്ടിരിക്കുന്നു.” എവിടെ? പഴയനിയമത്തില്‍, തോറായില്‍ എഴുതപ്പെട്ടിരിക്കുന്ന ദൈവവചനമാണ് അപ്പോള്‍ ഈശോ ഇവിടെ ഉദ്ധരിക്കുന്നത്.

അവസാനം പറഞ്ഞ 10-Ɔമത്തെ വചനമോ? ഈ വീണ്ടും മറുപടി പറയുന്നു. നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്ക​ണം. അവിടുത്തെ മാത്രമേ പൂജിക്കാവൂ! എന്ന് എ​ഴുതപ്പെട്ടിരിക്കുന്നു. തോറായില്‍... എന്നു പറഞ്ഞാല്‍, പരീക്ഷണത്തില്‍ ആയിരിക്കുന്ന യേശുവിന്‍റെ അടിസ്ഥാനഭാവം ഇതാണ് - തമ്പുരാന്‍ കൂടെയുണ്ട്! ദൈവാത്മാവ് കൂടെയുണ്ട്. മാത്രമല്ല, അതുകൊണ്ട് തന്‍റെ പരീക്ഷണത്തിലൊക്കെ യേശു ആശ്രയിക്കുന്നത് ദൈവവചനത്തെയാണ്. തമ്പുരാന്‍റെ വചനത്തെയാണ്. അതാണ് ഈശോയ്ക്കുണ്ടായ പരീക്ഷണത്തിന്‍റെ പ്രലോഭനത്തിന്‍റെ ഗുണപരമായമാറ്റം.

പരിണിതഫലമാണ് ശ്രദ്ധേയം, ഈശോയുടെ പ്രലോഭനത്തിന്‍റെ അവസാനം സംഭവിക്കുന്നത് 4-Ɔ൦ അദ്ധ്യായം 11-Ɔമത്തെ വചനം ഒന്നു ശ്രദ്ധിക്കുക. “പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അപ്പോള്‍ അടുത്തു വന്ന് അവനെ ശുശ്രൂഷിച്ചു.” ദൈവദൂതന്മാര്‍ സാധാരണ ശുശ്രൂഷിക്കുന്നത് ദൈവത്തെയാണ്. ഇവിടെ ഇതാ, പരീക്ഷണത്തിനുശേഷമുള്ള ഈശോയെ, ഈശോ തമ്പുരാനെ ശുശ്രൂഷിക്കുന്നു. ദൈവത്തെയാണ്. അവിടുന്നു ദൈവപുത്രനാണ്. അതുകൊണ്ട് ദൈവത്തിന്‍റെ ദൂതന്മാര്‍ യേശുവിനെ, ദൈവപുത്രനെ ശുശ്രൂഷിക്കുന്നു. അര്‍ത്ഥം തമ്പൂരാന്‍ കൂടെയുണ്ട് എന്ന അടിസ്ഥാന അനുഭവത്തില്‍ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയും, ദൈവാത്മാവ് കൂടെയുണ്ട് എന്നുള്ള ചിന്തയില്‍ ദൈവവചനത്തില്‍ ആശ്രയിക്കുകയുംചെയ്യുന്നവന്‍ പരീക്ഷണത്തിലൂടെ കടന്നുപോകുമ്പോള്‍ അവിടുത്തെ ദൈവപുത്രത്വം ഒന്നിനൊന്നിന് മികച്ചു മികച്ച്, തെളിഞ്ഞു തെളിഞ്ഞുവരുന്നു! അതുകൊണ്ടാണ് അവസാനം ദൈവദൂതന്മാര്‍ ഈശോയെ ശുശ്രൂഷിക്കുന്നത്. കാരണം അവന്‍റെ ദൈവപുത്രത്വം കൂടുതല്‍ മികവിലേയ്ക്ക് വന്നിരിക്കുന്നു. ഒരുകാര്യംകൂടി ശ്രദ്ധിക്കണം മൂന്നാമത്തെ വചനത്തില്‍ ഈശോയോട് പരീക്ഷകന്‍ ചോദിക്കുന്നത്, “നീ ദൈവപുത്രനാണെങ്കില്‍.....,” 5-Ɔമത്തെ വചനത്തില്‍ വീണ്ടും “ദൈവപുത്രനാണെങ്കില്‍....!” കാരണം ഇങ്ങനെ തമ്പുരാന്‍ കൂടെയുണ്ട് എന്നുള്ള അനുഭവം, ആ അനുഭവത്തോടെ പരീക്ഷണങ്ങളെ നേരിടുന്നവന്‍ കടന്നുപോകുന്നവന്‍, കൂടുതല്‍ കൂടുതല്‍ ദൈവപുത്രനായി മാറിക്കൊണ്ടിരിക്കുന്നു. തമ്പുരാന്‍റെ മകന്‍ എന്ന രീതിയില്‍ അവിടുന്നു ഓരോപടിയും ദൈവപുത്രത്വത്തില്‍ വളര്‍ന്നു വളര്‍ന്നുകൊണ്ടിരിക്കുന്നു.

ഒരു കാര്യംകൂടെ ഈ ധ്യാനത്തില്‍ നമ്മള്‍ ശ്രദ്ധിക്കണം. ഓരോ പരീക്ഷണത്തെയും ഈശോ നേരിടുന്ന രീതിയാണത്. നാലാമത്തെ വചനം പറയുന്നത്, “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.” എന്നു പറഞ്ഞാല്‍ ദൈവഹിതമാണ് ജീവിതത്തിന്‍റെ ആഹാരമാക്കി മാറ്റുന്നത്. ദൈവഹിതത്തെ, ദൈവതിരുമനസ്സിനെ ആഹാരമാക്കുന്നു എന്ന് ഈശോ പറയുന്നു.

അടുത്ത പരീക്ഷണത്തില്‍ മറുപടിയിയായിട്ട് ഈശോ എന്താണ് പറയുന്നത് - നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷക്കരുത്. “എന്നു പറഞ്ഞാല്‍ എന്താണ്? ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്,” എന്നു പറഞ്ഞാല്‍ തമ്പുരാനെ വിശ്വസിക്കണം. തമ്പുരാനില്‍ ശരണപ്പെടണം, തമ്പുരാനില്‍ ആശ്രയിക്കണം. അപ്പോള്‍ ആദ്യം, ദൈവഹിതം ജീവിതത്തിന്‍റെ ആഹാരമാക്കണം. രണ്ടാമത്തേത് തമ്പുരാനില്‍ ശരണപ്പെടണം. മൂന്നാമത്തതോ? 10-Ɔമത്തെ വചനത്തില്‍ പറയുന്നു, “നിന്‍റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം.” അവിടത്തെ മാത്രമേ പൂജിക്കാവൂ! എന്നു പറഞ്ഞാല്‍ നിന്‍റെ ജീവിതം തമ്പുരാനുള്ള സമര്‍പ്പണമാകണം. ദൈവഹിതത്തെ ആരാഹമാക്കുക. തമ്പുരാനില്‍ ആശ്രയിക്കുക. തമ്പുരാനില്‍ ജീവിതം സമര്‍പ്പിക്കുക. ഇതു മൂന്നുമാണ് പരീക്ഷണങ്ങളോടുള്ള യേശുവിന്‍റെ പ്രതികരണം. അതിലൂടെ സംഭവിക്കുന്നതെന്താണ്? അതിലൂടെ വെളിപ്പെടുന്നത്, ഈശോയുടെ അടിസ്ഥാനഭാവമാണ്. ദൈവം കൂടെയുണ്ട്! എന്നുള്ള അനുഭവം... ദൈവാത്മാവാണ് നയിക്കുന്നത്.. എന്ന അനുഭവം പുറത്തേയ്ക്ക് വരികയാണ്. അതിലൂടെ ദൈവാത്മാവിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ കൂടുതല്‍ ആഴപ്പെടുന്നു. പരീക്ഷണത്തിലൂടെ ആഴപ്പെടുന്നത്, തമ്പുരാന്‍ കൂടെയുണ്ട് എന്നുള്ള ഈശോയുടെ അനുഭവം, ആഴപ്പെട്ട് ആഴപ്പെട്ട്... അത് ദൈവഹിതം ചെയ്യുന്നതിലൂടെയും, ദൈവാശ്രയത്തിലൂടെയും ദൈവത്തിലുള്ള സമര്‍പ്പണത്തിലൂടെയും വളര്‍ന്നു വളര്‍ന്നു വന്ന്, ഓരോ പടിയിലും അവി‌ടുന്ന് കൂടുതല്‍ കൂടുതല്‍ ദൈവപുത്രത്വത്തില്‍ മികവേറി വരുന്നു.

 അപ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നത് - ഈശോയുടെ പരീക്ഷണത്തിലൂടെ സംഭവിക്കുന്നത് അവിടത്തെ ദൈവപുത്രത്വം തെളിഞ്ഞു തെളിഞ്ഞു വരുന്നു. നമ്മുടെ പരീക്ഷണവും ഈശോയുടെ പരീക്ഷണവും തമ്മിലുള്ള അകലമിതാണ്. ഞാന്‍ ക്രിസ്തുവിലേയ്ക്ക് വളര്‍ന്നു കയറേണ്ട അകലമിതാണ്. എന്‍റെ പരീക്ഷണങ്ങളില്‍ ദൈവം എന്നെ ഒറ്റയ്ക്കാക്കുകയില്ല. തമ്പുരാന്‍ കൂടെയുണ്ട് എന്നുള്ള അനുഭവം ആഴപ്പെടുത്തുക. ദൈവാത്മാവിലേയ്ക്കും ദൈവത്തിലേയ്ക്കും ചാഞ്ഞുനില്ക്കാന്‍ ദൈവഹിതം അന്വേഷിക്കുക. ദൈവത്തില്‍ ശരണപ്പെടുക. ദൈവത്തില്‍ സമ്പൂര്‍ണ്ണമായി ഓരോ പരീക്ഷണത്തിലും സമര്‍പ്പിക്കുക. ഈ പ്രക്രിയ നടന്നുപോകുമ്പോള്‍ ഓരോ പരീക്ഷണത്തിലൂടെയും നീ കൂടുതല്‍ കൂടുതല്‍ ക്രിസ്തുവിലേയ്ക്ക് അടുക്കുകയാണ് ചെയ്യുന്നത്. നിന്നിലുള്ള ദൈവപുത്രത്വം, നീ ദൈവത്തിന്‍റെ പുത്രനാണ്, ദൈവത്തിന്‍റെ മകളാണ്, മകനാണ് എന്ന അവസ്ഥ, അത് ഒരു ബീജാവസ്ഥിയില്‍ നമ്മില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ഓരോ പരീക്ഷണവും ഈ ബീജാവസ്ഥയിലായിരിക്കുന്ന ദൈവപുത്രത്വത്തെ വളര്‍ത്തിയെടുക്കാനുള്ള വഴിയാണ്. പരീക്ഷണങ്ങളില്‍ തമ്പുരാനോട് ചേര്‍ന്നുനിന്നാല്‍... അവിടുന്ന് കൂടെയുണ്ട് എന്ന അനുഭവത്തിലേയ്ക്ക് ആഴപ്പെട്ടുനിന്നാല്‍... ദൈവത്തിലേയ്ക്ക് ചാഞ്ഞുനിന്നാല്‍.. അനുദിനജീവിതത്തിലെ ഓരോ പരീക്ഷണവും നമ്മുടെ ദൈവപുത്രത്വത്തെ വളര്‍ത്തി വളര്‍ത്തി, ക്രിസ്തുവിലേയ്ക്ക് നമ്മെ കൂടുതല്‍ അടുപ്പിക്കും. ക്രിസ്തുവിന്‍റെ പ്രലോഭനങ്ങള്‍ അവിടുത്തെ ദൈവപുത്രത്വത്തെ വെളിപ്പെടുത്തിയതുപോലെ നിന്നിലെയും ദൈവപുത്രത്വം കൂടുതല്‍ കൂടുതല്‍ മികവിലേയ്ക്കു വരും.

നമുക്കു പ്രാര്‍ത്ഥിക്കാം

നാഥാ, അങ്ങാണെന്‍റെ ജീവിതത്തിന്‍റെ മാതൃകയും എന്‍റെ ജീവിതത്തിന്‍റെ ആശ്രയവും. അങ്ങ് ജീവിതത്തില്‍ പരീക്ഷിക്കപ്പെട്ടവനായിരുന്നു. ഈശോയേ! പരീക്ഷണങ്ങളില്‍ അങ്ങു സ്വീകരിച്ച വഴി, അത് എന്നിലേയ്ക്ക് അങ്ങ് പകരണമേ. പരീക്ഷണങ്ങളില്‍ ദൈവാത്മാവ് കൂടെയുണ്ടെന്നുള്ള അങ്ങേ അനുഭവം, തമ്പുരാന്‍ ചേര്‍ന്നുനില്ക്കുന്നു എന്നുള്ള അനുഭവം, ഈശോയെ അത് സ്വന്തമാക്കാന്‍ എന്നെ അങ്ങ് അനുഗ്രഹിക്കുക! ഓരോ പ്രാവശ്യം പരീക്ഷിക്കപ്പെടുമ്പോഴും ക്ലേശിക്കപ്പെടുമ്പോഴും പ്രതിസന്ധിയിലാകുമ്പോഴും ഞാന്‍ ഒറ്റയ്ക്കല്ല. അങ്ങ് കൂടെയുണ്ട്. അങ്ങാണ് എന്നെ പരീക്ഷണങ്ങളിലൂടെ നടത്തുന്നത് എന്ന തിരിച്ചറിവിലേയ്ക്ക് എന്നെ വളര്‍ത്തണമേ! അതുകൊണ്ടുതന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നിലേയ്ക്ക് കൂടുതല്‍ ചാഞ്ഞുനില്‍ക്കാന്‍, ചേര്‍ന്നു നില്‍ക്കാന്‍, നിന്‍റെ ഹിതമന്വേഷിക്കാനും, നിന്നില്‍ ശരണപ്പെടാനും, എന്‍റെ ജീവിതം മുഴുവനായിട്ട് അങ്ങേയ്ക്കു സമര്‍പ്പിക്കാനുമുള്ള കൃപ ഈശോയേ, അങ്ങ് എനിക്ക് തരേണമേ, ഈശോയേ! അങ്ങനെ എന്നില്‍ ഒളിഞ്ഞുകിടക്കുന്ന ദൈവാനുഭവം, ദൈവികത, ദൈവപുത്രത്വം ഓരോ പരീക്ഷണത്തിലൂടെയും യേശുവേ, കൂടുതല്‍ കൂടുതല്‍ തെളിമയുള്ളതാക്കി മാറ്റണമേ!

ആമേന്‍








All the contents on this site are copyrighted ©.