2017-03-03 11:37:00

ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വത്തിക്കാന്‍


വത്തിക്കന്‍റെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെയും സാമൂഹ്യശാസ്ത്ര അക്കാ‍ഡമയുടെയും റിപ്പോര്‍ട്ടുകളില്‍നിന്ന്...

ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം മനുഷ്യകുലത്തിന്‍റെ നില്പിന് അനിവാര്യമാണെന്ന് വത്തിക്കാന്‍റെ സാമൂഹ്യ-ശാസ്ത്ര അക്കാഡമികളുടെ പഠനസംഘം പ്രസ്താവിച്ചു.  ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1-വരെ നീണ്ട ഒരാഴ്ചത്തെ പഠനത്തിന്‍റെ അന്ത്യത്തില്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ആഗോളതലത്തില്‍ സംഭവിക്കുന്ന വര്‍ദ്ധിച്ച ജൈവവംശനാശം എപ്രകാരം മാനവസുസ്ഥിതിയെ ബാധിക്കുന്നെന്ന് സമ്മേളനം വ്യക്തമാക്കിയത്.

കാലാന്തരത്തില്‍ വര്‍ദ്ധിച്ചുവന്ന ജനസംഖ്യ, ഭൂമിയുടെയും അതിലെ ഉപായസാധ്യതകളുടെയും ക്രമാതീതമായ ഉപയോഗം, അതുകാരണമാക്കുന്ന പരിസ്ഥിതി വിനാശം, നഗരങ്ങളുടെ വളര്‍ച്ച, കാലാവസ്ഥക്കെടുതി, സാമ്പത്തിക അസമത്വം എന്നിവ പരസ്പര ബന്ധിയായ ജൈവവൈദ്ധ്യങ്ങളുടെ വിനാശത്തിനു കാരണമാക്കുന്നുണ്ട്. അത് മാനവികതയുടെ സുസ്ഥിതിയെ സാരമായി ബാധിക്കുന്നുമുണ്ടെന്ന് വത്തിക്കാന്‍റെ അക്കാഡമികളുടെ സംയുക്ത പഠനവും, അതിന്‍റെ നിഗമനങ്ങളും ചൂണ്ടിക്കാട്ടി.

പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ ചാന്‍സിലര്‍, ബിഷപ്പ് മര്‍ചേലോ സാന്‍ചെസ് മാര്‍ച്ച്  2-Ɔ൦ തിയതി വ്യാഴാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വത്തിക്കാന്‍റെ അക്കാഡമികളുടെ കാലികമായ ഈ ശാസ്ത്രീയ നിഗമനങ്ങള്‍ വെളിപ്പെടുത്തിയത്.  200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശരാശരി 100 കോടിയായിരുന്ന ആഗോള ജനസംഖ്യ 1930-ല്‍  200 കോടിയായി ഇരട്ടിച്ചതും, അതിപ്പോള്‍ 700 കോടിയില്‍ അധികമായിരിക്കുന്നതും പാരിസ്ഥിതിക പ്രതിസന്ധികളുടെ കാരണങ്ങളില്‍ ഒന്നായി സമ്മേളനം ചൂണ്ടിക്കാട്ടി. ക്രൂഡ്, പെട്രോളിയംപോലുള്ള ഭൂമിയുടെ ഉപായസാധ്യതകളുടെ ക്രമാതീതമായ ഉപയോഗവും അത് കാരണമാക്കുന്ന കാലാവസ്ഥാക്കെടുതി, പ്രകൃതിവിനാശം എന്നിവ കണക്കിലെടുക്കേണ്ടതാണ്. നഗരവത്ക്കരണം, അതിവേഗം ഉയര്‍ന്നുവരുന്ന കെട്ടിടസമുച്ഛയങ്ങള്‍ എന്നിവയും ആഗോള താപവര്‍ദ്ധനവിനും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

ജൈവോല്പന്നങ്ങളുടെ സംരക്ഷണം, പ്രകൃതി സംരക്ഷണം എന്നിവയാണ് ഭൂമിയുടെ സുസ്ഥിതിക്കായി വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍. മാറി മാറിവരുന്ന വിളകളുടെ കൃഷിയിറക്കല്‍ (Crop rotation), സമഗ്രമായ ഭക്ഷ്യോല്പന്നങ്ങളുടെ ഉല്പാദനം മാനവസുസ്ഥിതിക്കുള്ള മറ്റൊരു ഉപാധിയാണ്. പ്രത്യേക സ്ഥലങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന്‍റെ നന്മ അടുത്ത സ്ഥലങ്ങള്‍ക്കും അവിടെയുള്ള ജനങ്ങള്‍ക്കും അനുഗുണമാകുമെന്നതില്‍ സംശയമില്ല.

ഇത്രയും നാള്‍ പ്രാദേശികമായി അനുഭവിച്ചിരുന്ന പ്രകൃതി വിനാശവും ദുരന്തങ്ങളും ആഗോളതലത്തില്‍ ഉയരാനുള്ള സാദ്ധ്യതകളാണ് ഇന്ന് കണ്ടുവരുന്നത്. ഒരു പൊതുവിനാശം ഒഴിവാക്കാന്‍ നാം ഒത്തൊരുമിച്ച് നീതിബോധത്തോടെ മാനവികതയുടെ സുസ്ഥിതിക്കായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. പൊതുഭവനമായ ഭൂമി സംരക്ഷിക്കുന്നതില്‍ വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കി സാഹോദര്യത്തിന്‍റെ പാലംപണിയാനും അങ്ങനെ പരസ്പരം സാഹോദങ്ങളായി ജീവിക്കാനും പരസ്പരം സഹായിക്കാനും സാധിക്കണം. അതുവഴി സുസ്ഥിതിയും സമാധാനവുമുള്ളൊരു ലോകം നമുക്ക് വളര്‍ത്താം, നിലനിറുത്താം (Laudato Si’).

Cf. Worshop on Biological Extinction. How to save the natural environemnt on which we depend. Pontifical Academies of Sciences and Social Sciences 030317.

 








All the contents on this site are copyrighted ©.