2017-03-03 09:33:00

DOCAT - IX: സ്നേഹത്തിന് ഒരു പേരുണ്ട് - യേശുക്രിസ്തു


DOCAT - IX: സ്നേഹത്തിന് ഒരു പേരുണ്ട് -  യേശുക്രിസ്തു

ഇന്നത്തെ സഭാദര്‍ശനം പരിപാടിയില്‍, ഡുക്യാറ്റ് പഠനപരമ്പരയുടെ ഒമ്പതാം ഭാഗമാണുള്ളത്. കഴിഞ്ഞ ആഴ്ചയിലെ സഭാദ൪ശനം പരിപാടിയിൽ ഡുക്യാറ്റിലെ പത്തൊമ്പതുമുതല്‍ ഇരുപത്തൊന്നുവരെയുള്ള ചോദ്യോത്തരങ്ങള്‍, അതായത്, ഒന്നാമധ്യായത്തിലെ അവസാനചോദ്യോ ത്തരങ്ങളാണ് നാം ചര്‍ച്ച ചെയ്തത്.  ഒന്നാമധ്യായത്തിന്‍റെ പ്രമേയം നാം കണ്ടതുപോലെ, സൃഷ്ടിയില്‍ ദൈവത്തിനുണ്ടായിരുന്ന മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച്, അതിശ്രേഷ്ഠപദ്ധതിയെക്കുറിച്ച് ഉള്ളതാണ്. വാസ്തവത്തില്‍, സ്നേഹമായ ദൈവത്തിന്‍റെ പദ്ധതി സ്നേഹത്തിന്‍റെ പദ്ധതിയാണ്. ഇക്കാരണത്താല്‍, നാം നേരത്തെ കണ്ടതുപോലെ, ദൈവത്തിന്‍റെ കേന്ദ്രപദ്ധതി സ്നേഹമാണെന്നു പറഞ്ഞു തുടങ്ങുന്ന ഒന്നാമധ്യായം മുതല്‍വ്യക്തിപരവും സാമൂഹികവുമായ പ്രതിബദ്ധത, സ്നേഹം പ്രവൃത്തിയില്‍ എന്നാരംഭിക്കുന്ന അവസാനാധ്യായം വരെ സ്നേഹമെന്ന സുവര്‍ണച്ചരടിലാണ് ഈ ഗ്രന്ഥത്തിലെ പ്രബോധനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നും നാം കണ്ടതാണ്.

ദൈവം സ്നേഹമാണ്, ദൈവികപദ്ധതിയും സ്നേഹമാണ്. ദൈവത്തിന്‍റെ ഈ സ്നേഹപദ്ധതി തിരിച്ചറിഞ്ഞു ജീവിക്കുക എന്നതാണ് നമ്മുടെ ആത്മീയതയും ധാര്‍മികതയും.  അതാണ് യേശുവിലൂടെ നമുക്കു വീണ്ടെടുത്തുനല്‍കിയ രക്ഷയിലേക്കു പ്രവേശിക്കാനുള്ള മാനദണ്ഡവും.  സ്നേഹ ത്തെക്കുറിച്ച്, വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ തുടങ്ങി ഇന്നുവരെയുള്ള പാപ്പാമാരുടെ പ്രബോധനങ്ങളിലെ പ്രസക്തഭാഗങ്ങള്‍ ഒന്നാമധ്യായത്തിനു അനുയോജ്യമായ ഉപസംഹാരമായി കൊടുത്തിരിക്കുന്നത് ഇന്നും അടുത്തുവരുന്ന ആഴ്ചയിലുമായി നമുക്കു ചിന്താവിഷയമാക്കാം.

1.  വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ, 1961-ലെ മാത്തെര്‍ എത് മജിസ്ത്ര ( Mater et Magistra), അഥവാ മാതാവും ഗുരുനാഥയും എന്ന ചാക്രികലേഖനത്തിലെ ഖണ്ഡിക 257-ല്‍ സ്നേഹത്തെക്കുറിച്ച് നാം ഇപ്രകാരം വായിക്കുന്നു. 

മാത്തെര്‍ എത് മജിസ്ത്ര - 257
ഒരാള്‍ ക്രൈസ്തവസ്നേഹത്താല്‍ പ്രചോദിതനാകുമ്പോള്‍ മറ്റുള്ളവരെ സ്നേഹിക്കാതിരിക്കാനോ അ ന്യരുടെ ആവശ്യങ്ങളും കഷ്ടപ്പാടുകളും സന്തോഷങ്ങളും തന്‍റേതായിക്കരുതാതിരിക്കുവാനോ നിര്‍വാ ഹമില്ല എന്ന കാര്യംകൂടി ഇതോടൊപ്പം പറയേണ്ടതാണ്.  അവന്‍റെ പ്രവര്‍ത്തനം എവിടെയായാലും അതു സ്ഥിരതയുള്ളതും അനുരൂപപ്പെടലിനു വഴങ്ങുന്നതും, മാനുഷികവും മറ്റുള്ളവരുടെ ആവശ്യ ങ്ങളെ പരിഗണിക്കുന്നതുമായിരിക്കും.  കാരണം, ''സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്.  സ്നേഹം അസൂയപ്പെടുന്നില്ല.  ആത്മപ്രശംസ ചെയ്യുന്നില്ല.  അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.  അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു'' (1 കോറി 13:4-7).

ബൈബിള്‍ മുഴുവന്‍റെയും സംഗ്രഹം, അല്ലെങ്കില്‍, പത്തുകല്‍പ്പനകളുടെ സംഗ്രഹം എന്ത് എന്നു ചോദിച്ചാല്‍ നമുക്കറിയാം, അത് എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക എന്നതും തന്നെപ്പോലെ തന്നെ തന്‍റെ അയല്‍ക്കാരെ, അഥവാ സഹോദരരെ സ്നേഹിക്കുക എന്നതും ആണെന്ന്.  അതുകൊണ്ടാണല്ലോ, യേശു നിയമത്തിലെ ഏറ്റവും സുപ്രധാനമായ കല്‍പ്പനയെക്കുറിച്ചുള്ള നിയമജ്ഞന്‍റെ ചോദ്യ ത്തിനുത്തരമായി ഇക്കാര്യം പറഞ്ഞപ്പോള്‍, ഈ സ്നേഹം ദഹനബലിയെക്കാളും യാഗങ്ങളെക്കാളും മഹനീയമാണെന്നു മറുപടി പറഞ്ഞ അയാളോട്, നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല എന്നു യേശു ഉറപ്പു നല്‍കിയത് (മര്‍ക്കോ 12:28-34).  ഇക്കാര്യമല്ലാതെ ദൈവരാജ്യം ഭൂമിയില്‍ കൈവരുത്തേണ്ടതിന് സഭയ്ക്കും മറ്റൊന്നും ഉപദേശിക്കാനില്ല. അതുതന്നെയാണ് മാതാവും ഗുരുനാഥയുമായ സഭയുടെ പ്രബോധനമായി വി. ജോണ്‍ പാപ്പായും ഉപദേശിക്കുന്നത്.  ക്രൈസ്തവ സ്നേഹത്താല്‍ പ്രചോദിതരായാല്‍, മറ്റുള്ളവരുടെ കഷ്ടതകളില്‍ നമുക്കു സഹായിക്കാതിരിക്കാനാവില്ല.  അവരുടെ സന്തോഷങ്ങളില്‍ നമുക്ക് അവരോടുകൂടി സന്തോഷിക്കാതിരിക്കാനുമാവില്ല.

2. ഇതേത്തുടര്‍ന്ന് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 1979-ലെ റെദംപ്തോര്‍ ഹോമിനിസ് (Redemptor Hominis, 1979), മനുഷ്യരക്ഷകന്‍ എന്ന ചാക്രികലേഖനത്തിലെ ഒമ്പതാം ഖണ്ഡിക ഉദ്ധരിക്കുന്നു.  സ്നേഹമായ ദൈവത്തിന്‍റെ മനുഷ്യാവതാരം സ്നേഹത്തിന്‍റെ അവതാരം തന്നെയാണ്.  അതുകൊണ്ട് സ്നേഹത്തിന് ഒരു പേരുണ്ടെന്നും അത് യേശുക്രിസ്തുവാണെന്നും പാപ്പാ സംശയലേശമെന്യേ പഠിപ്പിക്കുന്നു.  അതിങ്ങനെയാണ്:

റെദംപ്തോര്‍ ഹോമിനിസ്,  9
തന്നോടുതന്നെ വിശ്വസ്തനും മനുഷ്യനോടും ലോകത്തോടുമുള്ള തന്‍റെ സ്നേഹത്തിലും വിശ്വസ്തനു മായ സ്രഷ്ടാവായ ദൈവം വിമോചനത്തിന്‍റെ ദൈവമായി, വെളിപ്പെടുത്തപ്പെട്ടു, സൃഷ്ടിയുടെ ദിന ത്തില്‍ത്തന്നെ. അവിടുത്തെ സ്നേഹത്തിന് ഒരിക്കലും ഒന്നില്‍നിന്നും പിന്നോട്ടുപോകാനാവില്ല, അവിടുന്നി ലുള്ള നീതി ആവശ്യപ്പെടുന്നതുപോലെ. അക്കാരണത്താല്‍, പിതാവായ ദൈവം നമുക്കു വേണ്ടി, പാപമറിയാത്ത തന്‍റെ പുത്രനെ പാപത്തിനധീനനാക്കി. അവനെ പാപത്തിനധീന മാക്കിയെങ്കില്‍ത്തന്നെ അവനില്‍ പാപമില്ല.  ഇത് ദൈവം സ്നേഹമായിരിക്കുന്നതുകൊണ്ട്, സ്നേഹം അവിടുന്നുതന്നെയാണെന്നും മുഴുവന്‍ സൃഷ്ടിയെക്കാളും സ്നേഹം മഹത്വമാര്‍ന്നതാണെന്നും വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
എല്ലാറ്റിനുമുപരിയായി , സ്നേഹം പാപത്തെക്കാള്‍ വലുതാണ്, ബലഹീനതയെക്കാളും, സൃഷ്ടിയുടെ മുഴുവന്‍ ഫലശൂന്യതയെക്കാളും വലുതാണ്.  മരണത്തെക്കാളും ശക്തമാണ്, ഉയര്‍ത്തുന്നതിനും, ക്ഷ മിക്കുന്നതിനും ധൂര്‍ത്തപുത്രനെ കണ്ടുമുട്ടുന്നതിനു എല്ലായ്പോഴും സന്നദ്ധമായിരിക്കുന്നതും എല്ലാം വെളിപ്പെടുന്ന മഹത്വത്തിലേക്ക് വിളിക്കപ്പെട്ടവരുമായവര്‍ ദൈവപുത്രരുടെ വെളിപ്പെടുത്തലുകളെ എപ്പോഴും നോക്കിയിരിക്കുന്നു. സ്നേഹത്തിന്‍റെ ഈ വെളിപ്പെടുത്തല്‍ കരുണയാണെന്നുകൂടി വിശ ദീകരിക്കപ്പെടുന്നു.  മനുഷ്യചരിത്രത്തില്‍ സ്നേഹത്തിന്‍റെയും കരുണയുടെയുമായ ഈ വെളിപ്പെടു ത്തല്‍ ഒരു രൂപവും നാമവും സ്വീകരിച്ചു. അതാണ് യേശുക്രിസ്തു.

സ്നേഹത്തിന്‍റെ നാമമാണ് യേശു എന്നതുകൊണ്ട്, യേശുനാമം ഉരുവിടുന്നതുതന്നെ നമ്മെ സ്നേഹത്തില്‍ വളര്‍ത്തും.  അതു ദൈവ സ്നേഹത്തിന്‍റെ പ്രവൃത്തിയുമാണ്. ആ സ്നേഹം അവിടം കൊണ്ടവസാനിക്കുന്നില്ല.  നിറഞ്ഞുതുളുമ്പുന്നില്ലെങ്കില്‍ അതു ദൈവസ്നേഹമല്ല. അളക്കപ്പെടാനാവുന്നതല്ല, നിറവിലും നിറഞ്ഞുകവിയലിലും തിരിച്ചറിയപ്പെടേണ്ടതാണ് ദൈവസ്നേഹം. നിറഞ്ഞുതുളുമ്പുന്നതാണ് ദൈവസ്നേഹം എന്നതിനാല്‍, അതു സഹോദരരിലേക്കും ഒഴുകിയെത്താതിരിക്കില്ല. ദൈവസ്നേഹം സ്വീകരിച്ചാല്‍ അത് സഹോദരരിലേയ്ക്കെത്തണം എന്നുതന്നെയാണ് ദൈവം ആഗ്രഹിക്കുന്നത്.  അത് ദൈവത്തിന്‍റെ സൃഷ്ടിയിലും യേശുക്രിസ്തുവിന്‍റെ രക്ഷാകരകര്‍മത്തിലും നാം കാണുന്നു.  നമ്മെയുംഈ സ്നേഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് പാപത്തെക്കാളും മരണത്തെക്കാളും ശക്തമായി സ്നേഹം നമ്മിലുമുണ്ട്.  ക്ഷമിക്കുകയും മറ്റുള്ളവരെ ഉയര്‍ത്തുകയും ചെയ്യുന്ന ഈ സ്നേഹം മരണ ത്തെയും അതിജീവിക്കും അതാണല്ലോ നിത്യജീവിതം. ദൈവത്തോടൊത്തുള്ള അനശ്വരമായ ജീവിതം.  സ്നേഹം നമ്മില്‍ നിറഞ്ഞുകവിഞ്ഞു നിത്യതയോളം ഒഴുകാന്‍ ശക്തമായതാണ് എന്നു നാം തിരിച്ചറിഞ്ഞാല്‍ അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ ഈ ഭൂമിയില്‍ ദൈവരാജ്യം കൈവരും. ആ ആഗ്രഹത്തോടെ നമുക്കു പ്രാര്‍ഥിക്കാം: ''സ്വര്‍ഗസ്ഥനായ പിതാവേ... അങ്ങയുടെ രാജ്യം വരണമേ''.

3.  ഈ സ്നേഹത്തെക്കുറിച്ചു തന്നെയാണ് ഇതേ ചാക്രികലേഖനത്തിലെ തുടര്‍ന്നുള്ള ഖണ്ഡിക, അതായത് മനുഷ്യരക്ഷകന്‍ (Redemptor Hominis) എന്ന ചാക്രികലേഖനത്തിലെ പത്താം ഖണ്ഡികയും പറയുന്നത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അവിടെ ഇപ്രകാരം കുറിച്ചുവച്ചു. സ്നേഹമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല.

റെദെംപ്തോര്‍ ഹോമിനിസ്,  10)

സ്നേഹമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല.  സ്നേഹം അവനു വെളിപ്പെടുത്തപ്പെടുന്നില്ലെങ്കില്‍ സ്നേഹത്തെ അവന്‍ കണ്ടുമുട്ടുന്നില്ലെങ്കില്‍, അതനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് അവന്‍റെ സ്വന്തമായിത്തീരുന്നില്ലെങ്കില്‍, ദൃഢമൈത്രിയില്‍ പങ്കുചേരാന്‍ കഴിയുന്നില്ലെങ്കില്‍, മനുഷ്യന്‍ തനിക്കുതന്നെ അഗ്രാഹ്യനും, മനുഷ്യന്‍റെ ജീവിതം അര്‍ഥമില്ലാത്തതും ആയിത്തീരും.  ഇത് നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, രക്ഷകനായ ക്രിസ്തു ''മനുഷ്യനെ തന്നോ‌ടുതന്നെ പൂര്‍ണമായി വെളിപ്പെടുത്തി'' എന്നതിനാലാണ്. ഈ ഒരു ശൈലിയില്‍, ഇതാണ് രക്ഷാകരകര്‍മമെന്ന രഹസ്യത്തിന്‍റെ മാനുഷികമാനം.  ഈ ഒരു മാനത്തിലൂടെ മനുഷ്യന്‍ വീണ്ടും അവന്‍റെ മഹത്വവും, അന്തസ്സും അവന്‍ മാനവസമൂഹത്തിലായിരിക്കുന്നതിന്‍റെ മൂല്യവും വീണ്ടും കണ്ടെത്തുകയാണ്.  രക്ഷാകരകര്‍മത്തിന്‍റെ രഹസ്യത്തില്‍ മനുഷ്യന്‍ നവമായി പ്രകാശനം ചെയ്യപ്പെടുകയും അതുവഴി, നവസൃഷ്ടിയാകുകയും ചെയ്യുന്നു. അവന്‍ നവമായി സൃഷ്ടിക്കപ്പെടുന്നു.  ''യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്'' (ഗലാ 3:28).  തന്നെത്തന്നെ നന്നായി മനസ്സിലാക്കാനാഗ്രഹിക്കുന്ന മനുഷ്യന്‍ തീര്‍ച്ചയായും - സാവകാശമില്ലാതെ, ഭാഗികമായോ, ഉപരിപ്ലവമായോ, മായികമായ മാനദണ്ഡങ്ങള നുസരിച്ചോ അല്ലാതെ - തന്‍റെ തന്നെ അസ്വസ്ഥതയിലും അനിശ്ചിതാവസ്ഥയിലും, ബലഹീനതകളിലും പാപങ്ങളിലും പോലും, തന്‍റെ തന്നെ ജീവിതത്തിലും മരണത്തിലും ക്രിസ്തുവിന്‍റെ സാമീപ്യത്തിലായിരിക്കും.  വ്യക്തി, ഇപ്പറഞ്ഞതുപോലെ, അവന്‍റെ ആത്മസത്തയിലേക്കു പ്രവേശിച്ച്, തന്നെത്തന്നെ കണ്ടെത്തുന്നതിന് മനുഷ്യാവതാരത്തിന്‍റെയും രക്ഷണീയകര്‍മത്തിന്‍റെയും മുഴുവന്‍ യാഥാര്‍ഥ്യത്തെയും അനുഗുണമാക്കുകയും സ്വാംശീകരിക്കുകയും ചെയ്യും.  ഈ ആഴമേറിയ പ്രക്രിയ അവനില്‍ത്തന്നെ നടക്കുകയാണെങ്കില്‍ അയാള്‍ ഫലം പുറപ്പെടുവിക്കും.  അത് ദൈവാരാധനമാത്രമല്ല, തന്നോടുതന്നെയുള്ള അഗാധമായ വിസ്മയ വുമാണ്.  സ്രഷ്ടാവിന്‍റെ ദൃഷ്ടിയില്‍ എത്ര വിലയുറ്റതാണ്, അവിടുന്നു നമുക്കുവേണ്ടി ഇത്ര വലിയൊരു രക്ഷകനായിത്തീരുവാന്‍!

സ്നേഹം നമ്മിലില്ലെങ്കില്‍ ദൈവവും നമ്മിലില്ല. ദൈവം നമ്മിലില്ലെങ്കില്‍ ജീവനും നമ്മിലില്ല.  ജീവതം ഒരുതരം മായയായിത്തീരുന്നു എന്നു പറയാം.  സത്യം, സ്നേഹം ജീവന്‍ ഇതൊക്കെ ദൈവത്തിനു പര്യായമായിത്തീരുന്നത് അവ എന്നേയ്ക്കുമുള്ളത് ആയതിനാലാണ്.  പാപ്പാ പറയുന്നതുപോലെ, ദൈവത്തിന്‍റെ പുത്രനിലൂടെ, അവിടുത്തെ രക്ഷാകരകര്‍മങ്ങളിലൂടെ നമ്മില്‍ യാഥാര്‍ഥ്യമാക്കുന്ന സ്നേഹത്തിലൂടെ, കൂദാശകളിലൂടെ, നാം നമ്മുടെ അസ്വസ്ഥതയിലും പാപത്തിലും ജീവിതത്തിലും മരണത്തിലുംപോലും ക്രിസ്തുവിനോടുകൂടിയായിരിക്കും.  ക്രിസ്തുവിന്‍റെ രക്ഷാകരകര്‍മം മനസ്സിലാക്കുകയും അതിന്‍റെ ഫലം സ്വീകരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ പുതിയ മനുഷ്യനാണ്. 

4.  സ്നേഹത്തെക്കുറിച്ചുള്ള, അഥവാ ദൈവത്തെക്കുറിച്ചുള്ള ഈ അവബോധം നഷ്ടപ്പെടുമ്പോള്‍, മനുഷ്യനെക്കുറിച്ചുള്ള യാഥാര്‍ഥ്യം എന്ത് എന്ന കാര്യവും ആ വ്യക്തിക്ക് ഇല്ലാതാവും.  മനുഷ്യജീവിതത്തെ, മാനവാന്തസ്സിനെ, മഹത്വത്തെ മനസ്സിലാക്കാനാവാതെ, ധാര്‍മികതകൂടി നഷ്ടപ്പെടുന്ന അന്ധകാരത്തിലാണ്ടു പോവുകയാണ് മനുഷ്യന്‍ എന്നു വി. ജോണ്‍ പോള്‍ പാപ്പാ തന്‍റെ മറ്റൊരു ചാക്രികലേഖനമായ എവാന്‍ഗേലിയും വീത്തേ (Evangelium Vitae, 1995, 21) എന്ന രേഖയില്‍ കുറിച്ചുവച്ചു.

എവാന്‍ഗേലിയും വീത്തേ, 21
ദൈവാവബോധം നഷ്ടപ്പെടുമ്പോള്‍ മനുഷ്യാവബോധവും, മനുഷ്യന്‍റെ അന്തസിനെക്കുറിച്ചും അവന്‍റെ ജീവിതത്തെക്കുറിച്ചുമുള്ള അവബോധവും നഷ്ടപ്പെടുന്നതിനുള്ള പ്രേരണയുണ്ടാകുന്നു. അത്, ധാര്‍മികനിയമങ്ങളുടെ നിരന്തരമായ ലംഘനത്തിന്, പ്രത്യേകിച്ചും മനുഷ്യജീവിതത്തോടുള്ള  ആദരവും അതിന്‍റെ അന്തസ്സും എന്ന ഗൗരവമേറിയ കാര്യങ്ങളിലുള്ള ധാര്‍മികനിയമലംഘനത്തിന് പ്രേരണ നല്‍കുകയും ആ പ്രേരണ വളര്‍ന്ന് ദൈവത്തിന്‍റെ സജീവവും രക്ഷാകരവുമായ സാന്നിധ്യത്തെ വിവേചിക്കുന്നതിന് അവനിലുള്ള കഴിവ്, ക്രമേണ അന്ധകാരത്തിലേയ്ക്ക് ആണ്ടു പോകുന്നതിനിടയാക്കുകയും ചെയ്യുന്നു.

5. ക്രൈസ്തവനായിരിക്കുകയെന്നതുതന്നെ, ദൈവസ്നേഹത്തിന്‍റെ ഒരു പദ്ധതിയാണ്.  അത് ദേവൂസ് കാരിത്താസ് എസ്ത് (Deus Caritas est, 2005, ), ദൈവം സ്നേഹമാണ് എന്ന ചാക്രികലേഖനത്തിലെ ആദ്യഖണ്ഡികയില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഊന്നിപ്പറയുന്നുണ്ട്. 

ദേവൂസ് കാരിത്താസ് എസ്ത്, 1 
ക്രൈസ്തവനായിരിക്കുകയെന്നത്, ഒരു ധാര്‍മിക തെരഞ്ഞെടുപ്പിന്‍റെയോ ഉന്നതമായ ഒരാശയത്തിന്‍റെയോ ഫലമല്ല. പിന്നെയോ ജീവിതത്തിനു പുതിയൊരു ചക്രവാളവും നിര്‍ണായകമായ മാര്‍ഗനിര്‍ദേശവും നല്‍കുന്ന ഒരു സംഭവവുമായി, ഒരു വ്യക്തിയുമായി, ഉണ്ടായ കണ്ടുമുട്ടലിന്‍റെ ഫലമാണ്.  ആ സംഭവത്തെ വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം ഈ വാക്കുകളിലൂടെ വിവരി ക്കുന്നു: ''എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും... നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'' (3:16).

6.  ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് ക്രിസ്തു ലോകത്തിലേക്കു വന്നതും നാം ക്രൈസ്തവരായിരിക്കുന്നതും.  ഇത് സ്നേഹത്തിന്‍റെ സാകല്യതയെ ഉള്‍ക്കൊള്ളുന്നുവെന്ന് ഇതേ ചാക്രികലേഖനത്തിന്‍റെ ആറാം ഖണ്ഡികയില്‍ വിശദീകരിക്കുന്നുണ്ട്.  അതിങ്ങനെയാണ്.

ദേവൂസ് കാരിത്താസ് എസ്ത് 6
ഉന്നതതലങ്ങളിലേക്കുള്ള സ്നേഹത്തിന്‍റെ വളര്‍ച്ചയുടെയും ആന്തരികശുദ്ധീകരണത്തിന്‍റെയും ഭാഗമായിട്ടാണ് അത് ഇപ്പോള്‍ സുനിശ്ചിതമാകാന്‍ പരിശ്രമിക്കുന്നത്. അത രണ്ട് അര്‍ഥത്തില്‍ അങ്ങനെ ചെയ്യുന്നു: പരവര്‍ജനീയതയുടെ(അതായത്, ഒരു പ്രത്യേകവ്യക്തിയെ മാത്രം പരിഗണി ക്കുന്ന, exclusivity) അര്‍ഥത്തിലും എന്നേയ്ക്കുമായിരിക്കുക എന്ന അര്‍ഥത്തിലും. സ്നേഹം, അതിന്‍റെ എല്ലാ മാനങ്ങളിലും, സമയമെന്ന അതിന്‍റെ മാനം ഉള്‍പ്പെടെ, മുഴുവന്‍ അസ്തിത്വത്തെയും ആശ്ലേഷിക്കുന്നു.  അതു മറ്റൊരു തരത്തിലായിരിക്കാന്‍ പ്രയാസമാണ്. കാരണം, അതിന്‍റെ വാഗ്ദാനം അതിന്‍റെ സുനിശ്ചിതമായ ലക്ഷ്യത്തിലേക്കു നോക്കുന്നു: സ്നേഹം നിത്യതയിലേക്കു നോക്കുന്നു.

യേശുക്രിസ്തു നമുക്കുവേണ്ടി മനുഷ്യനായിത്തീര്‍ന്ന്, ബലിയായി മാറിയ സ്നേഹമാണ്. പാപികളെങ്കിലും  ആ സ്നേഹത്തിന്‍റെ ഭാഗമായ, ആ ബലിയേകുന്ന ആ സ്നേഹത്തില്‍ പങ്കുപറ്റുന്ന നമുക്കും സ്നേഹത്തെ തള്ളിപ്പറയാതിരിക്കാം.  നിത്യതയിലേക്കു നോക്കുന്ന സ്നേഹത്തിലാണ് നാമിപ്പോള്‍.  ഇന്നു നമുക്കായി ഒരുക്കിയിരിക്കുന്നതെല്ലാം അവിടുത്തെ സ്നേഹം തന്നെയാണ്. അതു സന്തോഷമായാലും സങ്കടമായാലും, സാഹചര്യങ്ങളായാലും സഹോദരങ്ങളായാലും. ജീവശ്വാസവും ഭക്ഷണവും പാനീയവുമായി നമുക്കു ലഭിക്കുന്നതും ദൈവസ്നഹം തന്നെ.  ദിവ്യകാരുണ്യമായി വി. കുര്‍ബാനയായി നമ്മുടെ ആത്മാവിന്‍റെ ഭോജ്യമായി, നിത്യജീവന്‍റെ അച്ചാരമായി മാറിയിരിക്കുന്നതും ബലിയായ, നമുക്കായി ബലിയായി മാറിയ ഇന്നും ബലിയായിക്കൊണ്ടിരിക്കുന്ന ആ സ്നേഹമാണ്.

ഡുക്യാറ്റ് എന്ന യുവജനങ്ങള്‍ക്കുവേണ്ടി അനുരൂപപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന സഭയുടെ സാമൂഹികപ്രബോധനങ്ങളെക്കുറിച്ചുള്ള ഗ്രന്ഥത്തിന്‍റെ പഠനപരമ്പരയുടെ പത്താം ഭാഗം അടുത്തയാഴ്ച
All the contents on this site are copyrighted ©.