2017-03-03 15:12:00

''സഹോദരരെ സഹായിക്കുന്നതാണ് യഥാര്‍ഥ ഉപവാസം'': ഫ്രാന്‍സീസ് പാപ്പാ


സഹോദരരെ സഹായിക്കുന്നതാണ് യഥാര്‍ഥ ഉപവാസം.  ഫ്രാന്‍സീസ് പാപ്പായുടെ വചനസന്ദേശം

2017 മാര്‍ച്ച് മൂന്നാംതീയതി വെള്ളിയാഴ്ച ഫ്രാന്‍സീസ് പാപ്പാ തന്‍റെ വസതിയായ സാന്താ മാര്‍ത്തായിലെ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശം യഥാര്‍ഥ ഉപവാസത്തിന്‍റെയും കപട ഉപവാസത്തിന്‍റെയും പ്രത്യേകതകളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതായിരുന്നു.  ഉപവാസത്തെക്കുറിച്ച്, ഏശയ്യാപ്രവചാകന്‍റെ ഗ്രന്ഥത്തില്‍നിന്നും (ഏശ 58:1-9), വി. മത്തായിയുടെ സുവിശേഷത്തില്‍നിന്നുമുള്ള (മത്താ 9:14-15) വായനകളെ അടിസ്ഥാനമാക്കി പാപ്പാ ഇങ്ങനെ പ്രബോധനം നല്‍കി.

ഏശയ്യാപ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നുള്ള ആദ്യവായനയില്‍, ഉപവസിക്കുകയും സ്വന്തമായ ഇഷ്ടങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന കപടവിശ്വാസികളെ ദൈവം, ഇങ്ങനെ ശാസിക്കുന്നതായി കാണുന്നു: നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീ‍ഡിപ്പിക്കുന്നു, കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂര മായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്...(ഏശ 58:4).  ഒരു വശത്ത് അവര്‍ പ്രായശ്ചിത്തങ്ങളനുഷ്ഠിക്കുന്നു; മറുവശത്ത് അനീതിയും, അവിശുദ്ധ ഇടപാടുകളും... എന്നാല്‍, കര്‍ത്താവ് അയല്‍ക്കാരന്‍റെ കാര്യങ്ങളില്‍ ശ്രദ്ധയുള്ള ഒരു യഥാര്‍ഥ ഉപവാസത്തിനായി ക്ഷണിക്കുന്നു... എന്നാല്‍ യേശു കപടനാട്യക്കാര്‍ - യേശു പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണത് - ഉപവാസം നടത്തുകയും, ഒപ്പം അനീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ‘ഞാന്‍ ഉദാരമതിയാണ്, പള്ളിക്ക് ഒരു നല്ല സംഭാവന നല്‍കുന്നുണ്ട്...’ എന്നാല്‍, കുടുംബത്തിലുള്ളവരോട് എങ്ങനെയാണ്? ജോലിക്കാര്‍ക്കു വേതനം നല്‍കുന്നതെങ്ങനെ?  അവരുടെ കുഞ്ഞുങ്ങളെ പോറ്റാനുള്ള വക നിയമം അനുസരിച്ച് നിങ്ങള്‍ കൊടുക്കുന്നുണ്ടോ?

സന്ദേശത്തിനിടയില്‍ പാപ്പാ, ജസ്യൂട്ട് വൈദികന്‍ പെദ്രോ അരൂപ്പെ രണ്ടാംലോകമഹായുദ്ധകാലത്ത്,  ജപ്പാനില്‍ മിഷനറിയായിരുന്നപ്പോഴുണ്ടായ ഒരു കഥ പറഞ്ഞു. ഒരു ധനികനായ വ്യാപാരി അദ്ദേഹത്തിന് സംഭാവന നല്‍കുന്നതിനെത്തിയപ്പോള്‍ ഒരു പത്രപ്രവര്‍ത്തകനെയും ഫോട്ടോഗ്രാഫറെയും കൂടെക്കൂട്ടിയിരുന്നു. പത്തു ഡോളര്‍ അടങ്ങിയ ഒരു കവര്‍ മാത്രമായിരുന്നു അത്.  

ഏശയ്യാപ്രവാചകന്‍റെ ഗ്രന്ഥത്തില്‍ ദൈവം ശക്തമായി അരുതെന്നു പറയുന്ന ഇത്തരം ഉപവാസമാണോ നമ്മുടേത് എന്ന് ആത്മശോധന ചെയ്യാനും ആവശ്യത്തിലിരിക്കുന്ന അയല്‍ക്കാരെ സഹായിക്കുന്ന പ്രാര്‍ഥനാ പൂര്‍വമായ ഉപവാസം നടത്താനും ഉപദേശിച്ചുകൊണ്ടുള്ള വചനസന്ദേശം ഫ്രാന്‍സീസ് പാപ്പാ അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ഇക്കാര്യം കൂടി നിങ്ങള്‍ ചിന്തിക്കുക, ഉദാഹരണമായി, 200 (ഏകദേശം 1500 രൂപ) യൂറോ നല്‍കി ഭക്ഷണം കഴിച്ചശേഷം വീട്ടിലേയ്ക്കുപോകുന്നവഴി വിശന്നിരിക്കുന്ന ഒരാളെ കാണുകയും എന്നാല്‍ നോക്കാതെ നടന്നകലുകയും ചെയ്യുന്ന ഒരാളുടെ മനോവികാരങ്ങള്‍ എന്താണ്? ഇങ്ങനെ ചിന്തിക്കുന്നത് നമുക്കു നല്ലതാണ്.
All the contents on this site are copyrighted ©.