2017-03-02 17:46:00

ക്രിസ്തുവും അവിടുത്തെ കുരിശും വെളിപ്പെടുത്തുന്ന ദൈവികയാഥാര്‍ത്ഥ്യം


വത്തിക്കാനിലെ ‘സാന്താ മാര്‍ത്ത’ കപ്പേളയില്‍നിന്നുള്ള വചനസമീക്ഷ :

മാര്‍ച്ച് രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ, പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ പങ്കുവച്ചു (ലൂക്ക 9, 22-25).

ഈ ലോകത്ത് ദൃശ്യനായ ക്രിസ്തു ദൈവികയാഥാര്‍ത്ഥ്യമാണ്. അവിടുന്നു മനുഷ്യാവതാരംചെയ്തത് ലോകരക്ഷയ്ക്കു വേണ്ടിയായിരുന്നു. ക്രിസ്തുവിന്‍റെ കുരിശില്‍നിന്നു പിന്മാറുന്നത് ദൈവിക യാഥാര്‍ത്ഥ്യത്തില്‍നിന്നുമുള്ള പിന്മാറ്റത്തിന് തുല്യമാണ്. അവിടുത്തെ കുരിശില്‍നിന്നും പീഡകളുടെ സത്യത്തില്‍നിന്നുമുള്ള അകല്‍ച്ച, ദൈവിക സത്യത്തില്‍നിന്നുമുള്ള അകല്‍ച്ചയായിരിക്കും. അത് ദൈവത്തിലേയ്ക്കുള്ള സാങ്കല്പികവും ഉറപ്പില്ലാത്തതുമായൊരു നില മാറ്റവുമായിരിക്കും. മനുഷ്യകുലത്തെ തുണയ്ക്കാനും രക്ഷിക്കാനുമായ ലോകത്തിലേയ്ക്കു വന്ന ദൈവമാണ് ക്രിസ്തു. ഇതാണ് ക്രൈസ്തവവീക്ഷണത്തിലെ ആദ്യത്തെ ദൈവികയാഥാര്‍ത്ഥ്യം! പാപ്പാ വിശദമാക്കി.

ദൈവമുണ്ടോ? എന്ന് സത്യസന്ധമായി സംശയിക്കുന്ന ഒരു അഞ്ജേയതാവാദി ഒരിക്കല്‍ ഒരു വിശ്വാസിയോടു ചോദിച്ചു.

“ ക്രിസ്തു ദൈവമാണെന്ന് എങ്ങനെ വിശ്വാസിക്കും?!  ക്രിസ്തു ദൈവമാണോ? ”

അപ്പോള്‍ വിശ്വാസി മറുപടി പറഞ്ഞു. “ഇത് എനിക്കൊരു പ്രശ്നമല്ല.  എന്‍റെ പ്രശ്നം മറിച്ചാണ്. ക്രിസ്തുവില്‍ ദൈവം മനുഷ്യനായിരുന്നില്ലായെങ്കില്‍  അത് പ്രശ്നമായേനെ!”

ദൈവം മനുഷ്യനായി. ദൈവം ക്രിസ്തുവില്‍ അവതരിച്ചു. സകല കാരുണ്യപ്രവൃത്തികള്‍ക്കും അടിസ്ഥാനം അവിടുന്നില്‍ പ്രതിഫലിക്കുന്ന ദൈവമനുഷ്യനാണ്. അവിടുന്നു ദൈവംതന്നെയാണ്!!  നമ്മുടെ സഹോദരങ്ങളുടെ മുറിപ്പാടുകള്‍ ക്രിസ്തുവിന്‍റെ മുറിവുകളാണ്, അവ ദൈവത്തിന്‍റെ ദീനമാണ്. കാരണം ക്രിസ്തു ദൈവമാണ്. നാം ആചരിക്കുന്ന തപസ്സ് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ക്രിസ്തുവിലെ ദൈവത്തെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സാങ്കല്പികമോ അമൂര്‍ത്തമോ ആയ ദൈവത്തോടല്ല, നമ്മില്‍ ഒരുവനായി നമ്മോടൊത്തു ജീവിച്ച ക്രിസ്തുവിലും ക്രിസ്തുവിനോടുമാണ് തപസ്സിലൂടെ നാം രമ്യതപ്പെടേണ്ടതും, സാരൂപ്യപ്പെടേണ്ടതും.

പിതൃഹിതം നിറവേറ്റിയ ക്രിസ്തു ദൈവികയാഥാര്‍ത്ഥ്യത്തിന്‍റെ പാത നമുക്കായി തെളിയിച്ചു തരുന്നു. അനുദിന ജീവിതത്തിന്‍റെ കുരിശുകളുമെടുത്താണ് നാം ആ വഴിയേ അവിടുത്തെ അനുഗമിക്കേണ്ടത്. തന്നിഷ്ടം ചെയ്യുന്നവര്‍ക്ക് ക്രിസ്തുവിനെ അനുഗമിക്കാനാവില്ല. ക്രിസ്തുമാര്‍ഗ്ഗത്തില്‍ ജീവന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു നഷ്ടമാകുമെന്നും, എന്നാല്‍ ത്യാഗത്തിലും സ്നേഹത്തിലും സഹനത്തിലും മറ്റുള്ളവര്‍ക്കായി നഷ്ടപ്പെടുത്തുന്നവര്‍ക്ക് അതു നേട്ടമാകുമെന്നും ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്നു. ഇതാണ് ക്രിസ്ത്വാനുകരണം! ഇതാണ് യഥാര്‍ത്ഥമായ ക്രിസ്തുമാര്‍ഗ്ഗം!

 
All the contents on this site are copyrighted ©.