2017-03-02 18:57:00

അനുരഞ്ജനത്തിനായി സകലരെയും ക്ഷണിക്കുന്ന ദൈവം


വിഭൂതിത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനവിചിന്തനം

മാര്‍ച്ച് 1-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശീക സമയം വൈകുന്നേരം 4.30-ന് റോമിലെ അവന്‍റൈന്‍ കുന്നില്‍ വിശുദ്ധ ആന്‍സലമിന്‍റെ നാമത്തിലുള്ള ബെനഡിക്ടൈന്‍ ആശ്രമത്തില്‍നിന്നു തുടങ്ങിയ അനുതാപ പ്രദക്ഷിണത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് തപസ്സാചരണത്തിന് തുടക്കം കുറിച്ചത്.  സമീപത്തുള്ള വിശുദ്ധ സബീനയുടെ നാമത്തിലെ ബസിലിക്കയിലേയ്ക്കു നീങ്ങിയ പാപ്പായുടെ നേതൃത്വത്തിലുള്ള പ്രദക്ഷിണത്തെ തുടര്‍ന്ന് ഭസ്മാശീര്‍വ്വാദവും അനുതാപത്തിന്‍റെ അടയാളമായ ഭസ്മാഭിഷേകവുമായിരുന്നു. പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിഭൂതിത്തിരുനാളിലെ സമൂഹബലി അര്‍പ്പിക്കപ്പെട്ടു. ദിവ്യബലിമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് നല്കിയ സുവിശേഷസന്ദേശത്തിലെ ഏതാനും ചിന്തകള്‍ ചുവിടെ ചേര്‍ക്കുന്നു :

പ്രായമായവരെയും, കുട്ടികളെയും, മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും, വരനെയും വധുവിനെയും സകലരെയും ദൈവനാമത്തില്‍ ജോയേല്‍ പ്രവാചകന്‍ മാനസാന്തരത്തിലേയ്ക്കു ക്ഷണിക്കുന്നു. എന്തെന്നാല്‍ ദൈവം ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ് (ജോയേല്‍ 2, 12, 13). പ്രവാചകന്‍റെ ഈ അഭ്യര്‍ത്ഥന ഏറ്റെടുത്ത് പിതാവിന്‍റെ കരുണാര്‍ദ്ര ഹൃദയത്തിലേയ്ക്ക് നാമും തിരിയേണ്ടിയിരിക്കുന്നു. വിഭൂതിത്തിരുനാളിലൂടെ കൃപാസ്പര്‍ശത്തിന്‍റെ നാളുകളാണ് തപസ്സുകാലം. ഒരിക്കല്‍ക്കൂടി നമുക്ക് ദൈവത്തിന്‍റെ കരുണയിലേയ്ക്കും തിരിയാം. ദൈവത്തിന്‍റെ കരുണയില്‍ അഭയംതേടാം.

തപസ്സുകാലം ഒരു വഴിയാണ്. നമ്മിലെ ദൈവമക്കളുടെ അന്തസ്സു കെടുത്തുന്ന എല്ലാ തിന്മകളും തച്ചുടച്ചുമാറ്റിയും ഇല്ലാതാക്കിയും ദൈവികകാരുണ്യത്തിന്‍റെ വിജയത്തിലേയ്ക്കു നമ്മെ നയിക്കുന്ന വഴിയാണിത്. അടിമത്വത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേയ്ക്കും, യാതനകളില്‍നിന്നു സന്തോഷത്തിലേയ്ക്കും, മരണത്തില്‍നിന്നു ജീവനിലേയ്ക്കു അതു നമ്മെ നയിക്കുന്നു.

വിഭൂതിനാളില്‍ നമ്മുടെ നെറ്റിത്തടങ്ങളില്‍ പൂശിയ ചാരവും കുരിശടയാളവും സൂചിപ്പിക്കുന്നത് മനുഷ്യന്‍റെ ഉല്പത്തിയാണ്. നാം മണ്ണില്‍നിന്നും മെനഞ്ഞെടുക്കപ്പെട്ടവരാണ്. ദൈവത്തിന്‍റെ സ്നേഹമുള്ള കരങ്ങളിലെ കളിമണ്‍രൂപങ്ങളാണ് നാം. ദൈവമാണ് നമുക്ക് ജീവശ്വാസം ഊതിത്തന്നത്, അതു നിശ്വസിച്ചു നമുക്കു ജീവന്‍ പകര്‍ന്നത്.

വിവിധ കാരണങ്ങളാല്‍ ശ്വാസം അറ്റുപോകുന്ന മനുഷ്യരായ നമ്മില്‍ ഇനിയും അവിടുത്തെ ജീവശ്വാസം ഊതിപ്പകരാനും, നമ്മിലേയ്ക്ക് നിശ്വസിക്കാനും ദൈവം ആഗ്രഹിക്കുന്നുണ്ട്. ജീവനു വിഘ്നമാകുന്ന മറ്റെല്ലാ മലിനാന്തരീക്ഷങ്ങളില്‍നിന്നും അകന്ന്, അവിടുത്തെ ജീവശ്വാസത്തില്‍ നമ്മെ സുരക്ഷമായി പാലിക്കാനും നിലനിറുത്താനും അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. സ്വാര്‍ത്ഥത, ആര്‍ത്തി, അധികാരമോഹം, നിസ്സംഗത എന്നിവ മനുഷ്യനിലെ ദൈവികനിശ്വാസത്തെ തള്ളിമാറ്റി നമ്മെ ശ്വാസംമുട്ടിക്കുന്ന മലിനീകരണത്തിന്‍റെ ഘടകങ്ങളാണ്. നിഷേധാത്മകവും മലീമസവുമായ ഈ ഘടകങ്ങള്‍ കാരണമാക്കുന്ന ശ്വാസംമുട്ടല്‍ നമ്മുടെ ആത്മീയതയെ നശിപ്പിക്കും. ജീവിത ചക്രവാളത്തെ അവ സങ്കുചിതമാക്കും. നന്മയ്ക്കായുള്ള നമ്മുടെ ഹൃദയസ്പന്ദനങ്ങളെ അതു മന്ദീഭവിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുകയും ദുര്‍ബലമാക്കുകയും, പ്രത്യാശയെ ഞെക്കിഞെരുക്കുകയും, സ്നേഹചൈതന്യത്തെ തണുപ്പിക്കുകയും ചെയ്യുന്ന ഈ ശ്വാസംമുട്ടില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ - മോചിക്കാനും സൗഖ്യപ്പെടുത്താനും ദൈവികനിശ്വാസത്തിനു മാത്രമേ സാധിക്കൂ!

അറിയാതെയും, ശ്രദ്ധിക്കാതെയും, അല്ലെങ്കില്‍ പതിവുകൊണ്ടും നാം നിശ്വസിച്ചു കഴിഞ്ഞുകൂടുന്ന മലീമസമായ ജീവിതപരിസരങ്ങളില്‍നിന്നും സ്വതന്ത്രമായി, ഇപ്പോള്‍ അനുഭവിക്കുന്ന ശ്വാസംമുട്ടലില്‍നിന്നും രക്ഷപ്പെടണമെങ്കില്‍ ദൈവികജീവന്‍റെ നിശ്വാസം നാം ഉള്‍ക്കൊള്ളണം. എല്ലാം ശരിയാണെന്നും, സാധാരണമാണെന്നും വിചാരിച്ചാണു ജീവിതം മുന്നോട്ടു നയിക്കുന്നത്. ജീവിതം തള്ളിനീക്കുന്നത്. ശ്വാസംമുട്ടിക്കുന്ന ഭീതിയുടെയും ശത്രുതയുടെയും, വെറുപ്പിന്‍റെയും, അലസതയുടെയും അന്തരീക്ഷത്തില്‍ പ്രത്യാശ അറ്റുപോയിട്ടും തഴംക്കദോഷകൊണ്ട് അതെല്ലാം സാധാരണവും ശരിയുമാണെന്നു കരുതി പിന്നെയും നാം വലിഞ്ഞിഴഞ്ഞു നീങ്ങുകയാണ്.  അതിനാല്‍, ഭീതിദമായ ഇന്നിന്‍റെ ചരിത്രസന്ധിയുടെ ജീവിതനീര്‍ച്ചുഴിയില്‍ തപസ്സാചരണത്തിലൂടെ ദൈവിക ചൈതന്യം ആര്‍ജ്ജിക്കാം. ദൈവപിതാവിന്‍റെ ജീവനിശ്വാസം സ്വീകരിക്കാം.
All the contents on this site are copyrighted ©.