2017-03-01 17:59:00

പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയിലെ കാര്‍പി രൂപത സന്ദര്‍ശിക്കും


ആല്‍പ്സിന്‍റെ  താഴ്വാരത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയസന്ദര്‍ശനം.

ഏപ്രില്‍ 2-Ɔ൦ തിയതി, ഞായറാഴ്ചയാണ് വടക്കെ ഇറ്റലിയില്‍ ആല്‍പൈന്‍ താഴ്വാരത്തുള്ള കാര്‍പി രൂപത പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ഫെബ്രുവരി  28-Ɔ൦ തിയതി പുറത്തുവിട്ട പ്രസ്താവന അറിയിച്ചു.

2012 മെയ് മാസത്തിലുണ്ടായ ഭൂമികുലുക്കത്തിന്‍റെ കെടുതികള്‍ ഏറെ അനുഭവിച്ചിട്ടുള്ള ഈ പ്രദേശത്തെ ജനങ്ങള്‍ ഇനിയും ജീവിതം പുനരാവിഷ്ക്കരിക്കുന്ന പ്രക്രിയയിലാണ്. അതിനാല്‍ പാപ്പായുടെ ഇടയസന്ദര്‍ശനം രൂപതാംഗങ്ങള്‍ക്കു മാത്രമല്ല കാര്‍പി-മൊദേനാ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ആകമാനം ഉണര്‍വും പ്രചോദനവും പകരുന്നതായിരിക്കുമെന്ന് ഈ ഏകദിന ഇടയ സന്ദര്‍ശനത്തെക്കുറിച്ചു രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഫ്രാന്‍ചേസ്ക്കോ കവാനാ ഫെബ്രുവരി 28-Ɔ൦ തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

1779-ല്‍ സ്ഥാപിതമായിട്ടുള്ള ഈ രൂപതിയില്‍ ഇപ്പോള്‍ കത്തോലിക്കരുടെ എണ്ണം രണ്ടു ലക്ഷത്തോളമാണ്. സ്ഥലത്തെ ജനസംഖ്യയുടെ 95 ശതമാനവും കത്തോലിക്കരാണ്. ഭൂമികുലുക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്ഥലത്തെ ഭദ്രാസനദേവാലത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 25-ന് ആശീര്‍വ്വദിച്ചുകൊണ്ടാണ് പാപ്പായുടെ സന്ദര്‍ശനത്തിനുള്ള ഒരുങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതെന്ന് ബിഷപ്പ് കവാന പ്രസ്താവിച്ചു.  

കാര്‍പി രൂപതയിലേയ്ക്കുള്ള പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ ഇനിയും വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

 
All the contents on this site are copyrighted ©.