2017-03-01 12:53:00

നോമ്പുകാലം: സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാടിന്‍റെ സമയം


പാശ്ചാത്യസഭയില്‍ വലിയനോമ്പിനു തുടക്കം കുറിച്ച വിഭൂതിത്തിരുന്നാള്‍ ദിനത്തില്‍, അഥവാ, ക്ഷാരബുധനാഴ്ച (01/03/17)  ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുദര്‍ശനം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ അങ്കണത്തില്‍ അരങ്ങേറി. വിവിധരാജ്യക്കാരായിരുന്ന, പതിനായിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ വെളുത്ത തുറന്ന വാഹനത്തില്‍  എത്തിയപ്പോള്‍ ജനങ്ങളുടെ ആനന്ദാരവങ്ങളുയര്‍ന്നു.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ പുഞ്ചിരിയോടെ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന കുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചെയ്തു. ഇടയ്ക്കുവച്ച് ഏതാനും ബാലികാബാലന്മാരെ പാപ്പാ വാഹനത്തിലേറ്റുകയും അവര്‍ക്ക്  സ്നേഹാശ്ലേഷമേകുകയും ചെയ്തു. പ്രസംഗവേദിയിലേക്കുനയിക്കുന്ന പടവുകള്‍ക്കക്കടുത്തു വാഹനം നിന്നപ്പോള്‍ ആദ്യം ബാലികാബാലന്മാരും തുടര്‍ന്ന് പാപ്പായും അതില്‍നിന്ന് ഇറങ്ങി. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു.

അക്കാലത്ത് കര്‍ത്താവ് മോശയോട് പറഞ്ഞു: ഈജിപ്തിലുള്ള എന്‍റെ ജനത്തിന്‍റെ  ക്ലേശങ്ങള്‍ ഞാന്‍ കണ്ടു, മേല്‍നോട്ടക്കാരുടെ ക്രൂരത കാരണം അവരില്‍ നിന്നുയര്‍ന്നുവരുന്ന രോദനം ഞാന്‍ കേട്ടു. അവരുടെ യാതനകള്‍ ഞാന്‍ അറിയുന്നു. 8 ഈജിപ്തുകാരുടെ കൈയ്യില്‍ നിന്ന് അവരെ മോചിപ്പിക്കാനും....അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക്, അവരെ നയിക്കാനുമാണ് ഞാന്‍ വന്നിരിക്കുന്നത്. .... 10 ആകയാല്‍ നീ പോകുക. ഞാന്‍ നിന്നെ ഫറവോന്‍റെ പക്കലേക്കയക്കുന്നു. നീ എന്‍റ ജനമായ ഇസ്രായേല്‍ മക്കളെ ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവരണം”. (പുറപ്പാടിന്‍റെ പുസ്തകം, അദ്ധ്യായം 3, വാക്യങ്ങള്‍ 7,8,10.)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. നോമ്പുകാലം പ്രത്യാശയുടെ യാത്രയാണ് എന്ന് വിശദീകരിക്കുന്നതായിരുന്നു പാപ്പായുടെ പ്രഭാഷണം. 

പ്രഭാഷണ സംഗ്രഹം:

 പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ക്ഷാരബുധനാഴ്ചയായ ഇന്ന് നമ്മള്‍ ആരാധനാക്രമകാലമായ നോമ്പുകാലത്തിലേക്കു കടക്കുകയാണ്. ക്രിസ്തീയ പ്രത്യാശയെ അധികരിച്ചുള്ള പ്രബോധനപരമ്പര നാം തുടരുന്നതിനാല്‍ ഇന്ന് നോമ്പുകാലത്തെ പ്രത്യാശയുടെ യാത്രയായി അവതരിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

വാസ്തവത്തില്‍, ഉത്ഥാനത്തിരുന്നാളിനുള്ള ഒരുക്കത്തിന്‍റെ ഒരു സമയമായിട്ടാണ് സഭയില്‍ നോമ്പ് ഏര്‍പ്പെടുത്തിയതെന്ന് ചിന്തിക്കുകയാണെങ്കില്‍ ഈ വീക്ഷണം  വിക്ഷണം പെട്ടെന്നു വ്യക്തമാകും. ആകയാല്‍ ഈ നോമ്പുകാലം പ്രകാശിതമാകുന്നത് അത് ലക്ഷ്യമാക്കി നീങ്ങുന്നതെന്താണൊ ആ പെസഹാരഹസ്യത്താലാണ്. ഉത്ഥിതനായ കര്‍ത്താവ് നമ്മെ നമ്മുടെ ഇരുളുകളില്‍ നിന്ന് പുറത്തുകടക്കാന്‍ വിളിക്കുന്നതായി സങ്കല്പിക്കാന്‍ നമുക്കു സാധിക്കും. നമ്മള്‍ പ്രകാശമാകുന്ന അവിടത്തെ ലക്ഷ്യംവച്ച് നീങ്ങുകയാണ്. ഉത്ഥിതനായ ക്രിസ്തുവിലേക്കുള്ള യാത്രയാണ് നോമ്പുകാലം. അത് അനുതാപപ്രവവര്‍ത്തികളുടെയും ഇന്ദ്രിയനിഗ്രഹത്തിന്‍റെയും സമയമാണ്. നോമ്പ്  അതില്‍ത്തന്നെ ഒരു ലക്ഷ്യമല്ല, പ്രത്യുത നമ്മെ ക്രിസ്തുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേല്പിക്കുകയും, ഉന്നതത്തില്‍ നിന്ന്, ദൈവസ്നേഹത്താല്‍ വീണ്ടും ജനിക്കുകയെന്ന  നമ്മുടെ മാമ്മോദീസായുടെ അനന്യത നവീകരിക്കുകയും ചെയ്യാന്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതാണ് നോമ്പ്. അതുകൊണ്ടുതന്നെ നോമ്പുകാലം, പ്രകൃത്യാ, പ്രത്യാശയുടെ സമയമാണ്.

ഇതിന്‍റെ വിവക്ഷ എന്തെന്ന് കൂടുതല്‍ നന്നായി ഗ്രഹിക്കണമെങ്കില്‍ ബൈബിളില്‍ പുറപ്പാട് എന്ന പേരിലുള്ള പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന ഇസ്രായേല്‍ ജനതയുടെ ഈജിപ്തില്‍ നിന്നുള്ള പുറപ്പാടിന്‍റെ അനുഭവുമായി ബന്ധപ്പെടുത്തി ചിന്തിക്കുക മൗലികമാണ്. ഈജിപ്തിലെ അടിമത്തത്തിന്‍റ, പീഡനത്തിന്‍റെ, കഠിനാദ്ധ്വാനത്തിന്‍റെ അവസ്ഥയാണ് ഇതിന്‍റെ ആരംഭബിന്ദു. കര്‍ത്താവ് സ്വന്തം ജനത്തെ  മറന്നില്ല, വാഗ്ദാനം വിസ്മരിച്ചില്ല. കര്‍ത്താവ് മോശയെ വിളിക്കുന്നു. തന്‍റെ   ശക്തമായ കരത്താല്‍ ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നു, അവരെ സ്വാതന്ത്ര്യത്തിന്‍റെ ദേശത്തേക്ക് മരുഭൂമിയിലൂടെ നയിക്കുന്നു. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള ഈ യാത്രയില്‍ കര്‍ത്താവ് ഇസ്രായേല്‍ ജനത്തിന് നിയമം നല്കുന്നു. അത് ഏക കര്‍ത്താവായ അവിടത്തെ സ്നേഹിക്കാനും സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കാനും അവരെ പഠിപ്പിക്കുന്നതിനാണ്. സുദീര്‍ഘവും ക്ലേശകരവുമായിരുന്നു ഈ പുറപ്പാടെന്ന് തിരുലിഖിതങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രതീകാത്മകമായി 40 വര്‍ഷം, അതായത്, ഒരു തലമുറയുടെ ജീവിതകാലം ആയിരുന്നു ഇതിന്‍റെ ദൈര്‍ഘ്യം. യാത്രാക്ലേശത്തിനുമുന്നില്‍ എന്നും ഈജിപ്തിനെ ഓര്‍ത്തു വിലപിക്കാനും തിരിച്ചു പോകാനും പ്രലോഭിപ്പിക്കപ്പെടുന്ന ഒരു തലമുറ. പിന്നോട്ടു പോകാനുള്ള പ്രലോഭനം നമുക്കെല്ലാവര്‍ക്കും   അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ കര്‍ത്താവ് വിശ്വസ്തനായി നിലകൊണ്ടു, മോശയാല്‍ നയിക്കപ്പെട്ട ആ പാവം ജനത വാഗ്ദത്തദേശത്ത് എത്തുകയും ചെയ്തു. ഈ യാത്ര പൂര്‍ത്തിയായത് പ്രത്യാശയിലാണ്. വാഗ്ദത്തദേശത്ത് എത്തിച്ചേരുമെന്ന പ്രിതീക്ഷ. ഈ അര്‍ത്ഥത്തില്‍ അത് പുറപ്പാടാണ്, പാരതന്ത്ര്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പുറപ്പാട്. ഈ നാല്പത് ദിനങ്ങള്‍ നമുക്കും അടിമത്തത്തില്‍ നിന്ന്, പാപത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്, ഉത്ഥിതനായ ക്രിസ്തുവുമായുള്ള സമാഗമത്തിലേക്ക് ഉള്ള ഒരു പുറപ്പാടാണ്. എല്ലാ ചുവടുകള്‍ക്കും, കഷ്ടപ്പാടുകള്‍ക്കും, പരീക്ഷണങ്ങള്‍ക്കും, പതനങ്ങള്‍ക്കും വീണ്ടും എഴുന്നേല്ക്കലുകള്‍ക്കും അര്‍ത്ഥമുണ്ടാകുന്നത്, തന്‍റെ  ജനത്തിനു മരണല്ല ജീവനുണ്ടാകുന്നതിന്, വേദനയല്ല ആനന്ദം ഉണ്ടാകുന്നതിന് ആഗ്രഹിക്കുന്ന ദൈവത്തിന്‍റെ  പരിത്രാണപദ്ധതിക്കുള്ളിലാണ്.

യേശുവിന്‍റെ പെസഹയാണ് അവിടത്തെ പുറപ്പാട്. അതുവഴി അവിടന്ന് നമുക്ക് പൂര്‍ണ്ണവും അനുഗ്രഹീതവുമായ നിത്യജീവനില്‍ എത്തിച്ചേരുന്നതിനുള്ള പാത തുറന്നിട്ടു. ഈ സരണി തുറക്കുന്നതിന് യേശുവിന്  സ്വന്തം മഹത്വം വെടിയുകയും സ്വയം തഴ്ത്തുകയും മരണം വരെ, കുരിശുമരണംവരെ അനുസരണയുള്ളവനാകുകയും ചെയ്യേണ്ടിവന്നു. നിത്യജീവന്‍റെ വഴി നമുക്കായി തുറക്കുന്നതിന് അവിടന്ന് സ്വന്തം നിണം വിലയായ് നല്കി.

തന്‍റെ പുറപ്പാടുവഴി ക്രിസ്തു നമുക്കു മുന്നില്‍ പോകുന്നു, നാം അവിടത്തെ അനുഗ്രഹത്താല്‍, അവിടത്തെ പിന്‍ചെന്നുകൊണ്ട്, മരുഭൂമി താണ്ടുന്നു. ഈ ബലതന്ത്രം നോമ്പുകാലത്തിലുണ്ടു. അവിടന്നാണ് ഇരുളിനെ ജയിക്കുന്ന വെളിച്ചം. നമ്മുടെ മാമ്മോദീസാവേളയില്‍ നമുക്കു നല്കപ്പെട്ട ചെറു തീനാളം ജ്വലിപ്പിച്ചുനിറുത്താന്‍ നാം ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.

ഈ അര്‍ത്ഥത്തില്‍ നോമ്പുകാലം “നമ്മുടെ മാനസാന്താരത്തിന്‍റെ കൗദാശിക അടയാളമാണ്.”  നോമ്പുകാലയാത്രയിലായിരിക്കുന്നവന്‍ സദാ മാനസാന്തരത്തിന്‍റെ  പാതയിലാണ്. ഈ യാത്ര കഠിനാദ്ധ്വാനം ആവശ്യപ്പെടുന്നു. അത് അങ്ങനെയായരിക്കുക ഉചിതമാണ്. എന്തെന്നാല്‍ സ്നേഹം കഠിന പരിശ്രമം ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഇത് പ്രത്യാശാനിര്‍ഭര യാത്രയാണ്. അതിലുപരി, നോമ്പുകാല പുറപ്പാട് പ്രത്യാശ രൂപപ്പെടുന്ന ഒരു യാത്രയാണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മരുഭൂമി താണ്ടുന്നതിനുള്ള കഷ്ടപ്പാടുകള്‍, സകല പരീക്ഷണങ്ങളും, പ്രലോഭനങ്ങളും, വ്യാമോഹങ്ങളും, മരീചികകളും, എല്ലാം ശക്തമായ ഒരു പ്രത്യാശയ്ക്കു രൂപം നല്കി.

ഈ ചക്രവാളത്തിലേക്ക് ഹൃദയം തുറന്നിട്ടുകൊണ്ട് നമുക്കിന്ന് നോമ്പുകാലത്തിലേക്കു കടക്കാം. ദൈവജനത്തിന്‍റെ ഭാഗമാണ് എന്ന ബോധ്യത്തോടുകൂടി ഇന്നു നമുക്കു പ്രത്യാശയുടെ ഈ യാത്ര ആനന്ദത്തോടെ ആരംഭിക്കാം.  

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. നോമ്പുകാലം ആത്മീയ നവീകരണത്തിന്‍റെ ഒരു സമയമായിരിക്കട്ടെയെന്ന് ആംശംസിച്ച പാപ്പാ നോമ്പുകാലത്ത് ലോകത്തിന്‍റെ  പലഭാഗങ്ങളിലും സഭാസംഘടനകള്‍ നടത്തുന്ന ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകര്‍ന്നു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി 
All the contents on this site are copyrighted ©.