2017-03-01 20:10:00

കുട്ടികളുടെ പീഡനക്കേസുകള്‍ കമ്മിഷന്‍ അംഗം വിരമിച്ചു


സഭയുടെ അജപാലന സാഹചര്യങ്ങളില്‍ വൈദികരുടെ ലൈംഗിക പീഡനത്തിനു വിധേയരായവരുടെ സംരക്ഷണയ്ക്കായുള്ള കമ്മിഷന്‍ ​അംഗം (Commission for the Protection of Minors), മാരി കോളിന്‍സാണ് സ്ഥാനമൊഴിഞ്ഞു.   വത്തിക്കാന്‍റെ മറ്റു കാര്യാലയങ്ങളുടെ സഹകരണമില്ലായ്മയാണ് സ്ഥാനത്യാഗത്തിനു കാരണമെന്ന് മാരിയുടെ പ്രസ്താവന വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഇല്ലെന്നും മാരി പരാതിപ്പെടുന്നുണ്ട്.

മാര്‍ച്ച് 1-Ɔ൦ തിയതി ബുധനാഴ്ചയാണ് വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ക്കായി പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ച കമ്മിഷന്‍റെ അംഗവും, സജീവ പ്രവര്‍ത്തകയുമായിരുന്ന അയര്‍ലണ്ടുകാരി, മാരി കോളിന്‍സ് രാജിവച്ചത്.

ഒരു കുട്ടിയായിരുന്നപ്പോള്‍ പീഡനത്തിന് വിധേയയായിട്ടുള്ള മാരി പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകയും, കേസുകളുടെ അഭിഭാഷകയുമായിരുന്നു. അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കാര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം മാരിയുടെ വിരമിക്കല്‍ അംഗീകരിച്ചെങ്കിലും, കമ്മിഷന്‍റെ മറ്റ് പ്രചാരണപ്രവര്‍ത്തനങ്ങളിലും, രാജ്യാന്തരതലത്തില്‍ പീഡനങ്ങള്‍ക്കെതിരെ അവബോധംനല്ക്കുന്ന പരിപാടികളിലും സഹകരിക്കാനുള്ള അഭ്യര്‍ത്ഥന അംഗീകരിച്ചതായി കമ്മിഷന്‍റെ പ്രസ്താവന അറിയിച്ചു.

അജപാലന സാഹചര്യങ്ങളില്‍ നടന്നിട്ടുള്ള കുട്ടികളുടെ ലൈംഗിക പീഡനത്തിന് ഇരയായവരുടെ പരാതികള്‍ ശ്രവിച്ചശേഷം, പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും, പീഡനക്കേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുംവേണ്ടി ജാഗ്രതയും കരുതലുകളും കൈക്കൊള്ളുന്നതിനായി  2014-മാര്‍ച്ചില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യാര്‍ത്ഥന പ്രകാരമാണ് കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘവുമായി (Congregation for the Doctrine of Faith) കൈകോര്‍ത്തും, പ്രാദേശിക സഭാസമൂഹങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നതാണ് കമ്മിഷന്‍റെ ബലതന്ത്രവും പ്രവര്‍ത്തനരീതിയും.

 
All the contents on this site are copyrighted ©.