2017-02-28 17:43:00

''സര്‍വവും നല്‍കുന്ന കര്‍ത്താവിനെ അനുഗമിക്കുക'': ഫ്രാന്‍സീസ് പാപ്പാ


''സര്‍വവും നല്‍കുന്ന ദൈവത്തെ അനുഗമിക്കുക'':  ഫ്രാന്‍സീസ് പാപ്പായുടെ വചനസന്ദേശം

2017 ഫെബ്രുവരി 28, ചൊവ്വാഴ്ച ഫ്രാന്‍സീസ്പാപ്പാ തന്‍റെ വസതിയായ സാന്താമാര്‍ത്തായിലെ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് ഇപ്രകാരം വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. വലിയ നോമ്പാരംഭിക്കുന്ന ഈ ദിനങ്ങളില്‍ ദൈവത്തോടും ധനത്തോടുമുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചു ചിന്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ വചന സന്ദേശം നല്‍കിയത്.  പാപ്പാ പറഞ്ഞു:

'ധനികനായ മനുഷ്യന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരം, അതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്' (Mk 10:24-25) എന്ന യേശുവിന്‍റെ വാക്കുകള്‍ ശിഷ്യന്മാരെ അല്‍പ്പം ഭയപ്പെടുത്തി. മര്‍ക്കോസിന്‍റെ സുവിശേഷം, എല്ലാം ഉപേക്ഷിച്ച ശിഷ്യന്മാര്‍ക്കു ലഭിക്കുന്നതെന്താണെന്നു ചോദിക്കുന്ന പത്രോസിനെ ഇന്നു നമുക്കു കാണിച്ചുതരുന്നു.  യേശുവിന്‍റെ ഉത്തരം വളരെ വ്യക്തമാണ്. എല്ലാം ഉപേക്ഷിച്ചവര്‍ക്ക് ദൈവം സര്‍വതും നല്‍കും.  കവിഞ്ഞൊഴുകുന്ന അളവിലാണ് ദൈവം തന്‍റെ ദാനങ്ങള്‍ നല്‍കുക. ''എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരി ക്കുകയില്ല''. കര്‍ത്താവിന് സര്‍വതും തരുന്നതില്‍നിന്നു ഒന്നും കുറയ്ക്കാനാവുകയില്ല. അവിടുന്ന് എന്തെങ്കിലും തരുമ്പോള്‍ അവിടുത്തെത്തനെനെയാണ് തരുന്നത്.  അവിടുന്നാണ് സര്‍വവും. എന്നിരുന്നാലും, പാപ്പാ കൂട്ടിച്ചേര്‍ത്തു: അവിടെ ഒരു വാക്കുകൂടിയുണ്ട്,  പീഡനങ്ങള്‍.  നമുക്കുള്ള സര്‍വവും ഇല്ലാതാക്കുന്ന കുരിശിന്‍റെ വഴിയിലൂടെയാണ് നാം എല്ലാം നേടുന്നത്. അതെളുപ്പമല്ല. എല്ലാം കൊടുത്തു സര്‍വവും നേടുന്നവരുടെ ലക്ഷണം സന്തോഷമാണെന്നു പറഞ്ഞുകൊണ്ട് വി. ആല്‍ബര്‍ട്ട് ഹുര്‍ത്താദോയുടെ ഉദാഹരണം പാപ്പാ ചൂണ്ടിക്കാണിച്ചു. കഠിനാധ്വാനവും ഒട്ടേറെ കഷ്ടതകളും പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനവും നടത്തിയ അദ്ദേഹം, തനിക്കു ലഭിച്ച കഠിനമായ സഹനത്തില്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്: 'സന്തോഷമാണു കര്‍ത്താവേ സന്തോഷമാണ്'.  എല്ലാം ഉപേക്ഷിച്ച് എല്ലാം നേടുന്ന വഴിയിലൂടെ സന്തോഷത്തോടെ മുന്നോട്ടു നീങ്ങുവാനുള്ള കൃപയ്ക്കായി പ്രാര്‍ഥി ക്കുക എന്ന ആഹ്വാനത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.