2017-02-28 10:26:00

റോമിലെ ആംഗ്ലിക്കന്‍ ഇടവകയുടെ സ്നേഹോപഹാരം: പാപ്പായ്ക്കും പാപ്പായുടെ പാവങ്ങള്‍ക്കും


2017 ഫെബ്രുവരി 27-ന് ഫ്രാന്‍സീസ് പാപ്പാ റോമിലെ ആംഗ്ലിക്കന്‍ ഇടവകയില്‍, അതിന്‍റെ സ്ഥാപനത്തിന്‍റെ ഇരുനൂറാംവാര്‍ഷികത്തോടനുബന്ധിച്ച് സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍, പാപ്പായുടെ കരുണയുടെ സന്ദേശത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സവിശേഷോപഹാരങ്ങളുള്‍പ്പെടെ വിവിധ സമ്മാനങ്ങള്‍ നല്‍കിയാണ് അവര്‍ പാപ്പായെ പറഞ്ഞയച്ചത്. രണ്ടു സമ്മാനങ്ങള്‍ പാപ്പായുടെ പാവങ്ങള്‍ക്കുവേണ്ടിയാണെന്നുള്ളത് ശ്രദ്ധേയമായി. 

എല്ലാ വെള്ളിയാഴ്ചകളിലും റോമിലെ ഓസ്തിയേന്‍സെ റെയില്‍വേ സ്റ്റേഷനിലുള്ള പാവങ്ങള്‍ക്ക് ഫ്രാന്‍സീസ് പാപ്പായുടെ പേരില്‍ നല്‍കപ്പെടുന്ന അത്താഴവിരുന്നാണ് പാപ്പായ്ക്കു നല്കിയ ആദ്യസമ്മാനം.  കൂടാതെ, ആംഗ്ലിക്കന്‍ ഇടവക അതിന്‍റെ സ്ഥാപനത്തിന്‍റെ ഇരുനൂറാംവാര്‍ഷികത്തോടനുബന്ധിച്ച് അച്ചടിച്ചു വിതരണം ചെയ്യുന്ന 200 ബൈബിളുകളില്‍ 50 എണ്ണം മനുഷ്യക്കടത്തിനിരയായി വേശ്യാവൃത്തിയിലെത്തിപ്പെടുന്നവര്‍ക്ക്, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്സ് വഴി എത്തിച്ചുകൊടുക്കും. ഇംഗ്ലീഷ് ബൈബിളിനായി ആവശ്യപ്പെടുന്ന പശ്ചിമാഫ്രിക്കക്കാരായ സ്ത്രീകള്‍ക്കാണതു നല്‍കുന്നത് .

ആംഗ്ലിക്കന്‍ ഇടവകയുടെ എറ്റവും നല്ല ഉല്പന്നങ്ങളായ ഭവനനിര്‍മിത ജാമുകള്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍ക്കു പ്രത്യേകമായ ഈസ്റ്റര്‍ കേക്ക് എന്നിവയും സമ്മാനിക്കപ്പെട്ടു. പതിനൊന്ന് അപ്പസ്തോലന്മാരെ പ്രതിനിധീകരിക്കുന്ന  ഗോളാകൃതിയിലുള്ള മധുരപലഹാരങ്ങള്‍  പതിനൊന്നെണ്ണം പതിച്ച് അലങ്കരിക്കുന്ന കേക്ക്, പ്രൊട്ടസ്റ്റന്‍റ് സഭകള്‍ക്ക് പ്രത്യേകമായ ഈസ്റ്റര്‍ വിഭവമാണ്.








All the contents on this site are copyrighted ©.