2017-02-28 16:59:00

എട്ടു ദൈവദാസര്‍കൂടി ധന്യപദവിയിലേക്ക്.


എട്ടു ദൈവദാസര്‍കൂടി ധന്യപദവിയിലേക്ക്.

2017 ഫെബ്രുവരി 27-ന് വിശുദ്ധരുടെ നാമകരണ പരിപാടികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചെലോ അമാ ത്തോയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സീസ് പാപ്പാ,  ദൈവദാസരായ എട്ടുപേരെക്കൂടി ധന്യപദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള ഡിക്രികള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് വിശുദ്ധരുടെ നാമകരണപരിപാടികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനെ ചുമതലപ്പെടുത്തിയത്.

പ്രസിദ്ധപ്പെടുത്തുന്ന ഡിക്രികള്‍

 1.  സലേഷ്യന്‍ വൈദികനായിരുന്ന ദൈവദാസന്‍ ടൈറ്റസ് സെമാന്‍റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ടുള്ളത്.  1915-ല്‍ ജനിച്ച അദ്ദേഹം വിശ്വാസത്തെപ്രതി 1958-ല്‍ വധിക്കപ്പെട്ടു

2. സലേഷ്യന്‍ സഭാംഗവും ബിഷപ്പുമായിരുന്ന ദൈവദാസന്‍ ഒത്താവിയോ ഓര്‍ത്തിസ് അരിയേത്തായുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളത്.  1878-ല്‍ ജനിച്ച അദ്ദേഹം 1958-ല്‍ ദിവംഗതനായി. 

3. ദൈവദാസന്‍ ഫാ. അന്തോണിയോ പ്രോവൊളോയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളത്. രൂപതാവൈദികനും ബധിരര്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസപ്രേഷിതത്വത്തിനുവേണ്ടിയുള്ള സൊസൈറ്റിയുടെയും സഭാസമൂഹത്തിന്‍റെയും സ്ഥാപകനായ ഇദ്ദേഹം 1801-ല‍ാണ് ജനിച്ചത്.  1842-ല്‍ ദിവംഗതനായി.

4.  ദൈവദാസന്‍ ഫാ. അന്തോണിയോ റെപീസോ മര്‍ത്തിനെസ് ദെ ഓര്‍ബെയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളത്.  ഈശോസഭാംഗമായ അദ്ദേഹം നല്ലിടയന്‍റെ സഹോദരിമാരുടെ സഭാസമൂഹത്തിന്‍റെ സ്ഥാപകനാണ്.  1856-ല്‍ ജനിച്ച ഇദ്ദേഹം 1929-ല്‍ ദിവംഗതനായി.

5.  ദൈവദാസി, മറിയത്തിന്‍റെ കരുണയുടെ മദര്‍ കബെസാസ് തെറേറോയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളത്.  ഈശോയുടെ തിരുഹൃദയത്തിന്‍റെ പ്രേഷിതസമൂഹത്തിന്‍റെ സ്ഥാപകയായ ദൈവദാസി, 1911-ല്‍ ജനിച്ചു.  1993-ല്‍ ദിവംഗതയായി.

6.  ദൈവദാസി അമലോത്ഭവത്തിന്‍റെ സി. ലുച്ചിയയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളത്. ഉപവിയുടെ സഹോദരിമാരുടെ സമൂഹത്തില്‍പ്പെട്ട ദൈവദാസി 1909-ല്‍ ജനിച്ചു.  1954-ല്‍ ദിവംഗതയായി.

7.  ദൈവദാസന്‍ പീറ്റര്‍ ഹെറേറോ റൂബിയോയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളത്.  അല്മായനായ ഇദ്ദേഹം 1904-ല്‍ ജനിച്ചു. 1978-ല്‍ ദിവംഗതനായി.

8.  ദൈവദാസന്‍ വിത്തോറിയോ ത്രങ്കാനെല്ലിയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ളത്. കുടുംബനാഥനായിരുന്ന അദ്ദേഹം 1944-ല്‍ ജനിച്ചു. 1998-ല്‍ ദിവംഗതനായി.








All the contents on this site are copyrighted ©.