2017-02-25 13:43:00

കുടിവെള്ളത്തിനായുള്ള മഹായുദ്ധത്തിലേക്കാണോ നമ്മുടെ യാത്ര?


ഇന്നരങ്ങേറുന്ന നുറുങ്ങുയുദ്ധങ്ങള്‍ക്കിടയില്‍ നമ്മുടെ യാത്ര ജലത്തിനായുള്ള ലോകമഹായുദ്ധത്തിലേക്കാണോ എന്ന് മാര്‍പ്പാപ്പാ ആശങ്ക പ്രകടിപ്പിക്കുന്നു.

ജലത്തിനായുള്ള മനുഷ്യാവകാശത്തെ അധികരിച്ച്, വ്യാഴം, വെള്ളി ദിനങ്ങളില്‍ (23-24/02/17) വത്തിക്കാനില്‍ “ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമി”യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ശില്പശാലയില്‍ പങ്കെടുത്ത  മൂന്നു ഭാരതീയരുമുള്‍പ്പടെയുള്ള വിവിധരാജ്യക്കാരായിരുന്ന, 90 ഓളം വിദഗ്ദ്ധരെ വെള്ളിയാഴ്ച (24/02/17) വൈകുന്നേരം സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ശുദ്ധമായ കുടിവെള്ളം ലഭിക്കുക സകല മനുഷ്യരുടെയും അവകാശമാണെന്നും അതൊരു മൗലികാവകാശമാണെന്നും അനുസ്മരിച്ച പാപ്പാ ഇന്ന് ലോകത്തെ അലട്ടുന്ന രൂക്ഷമായ പ്രശ്നങ്ങളില്‍ ഒന്ന് ഈ അവകാശത്തെ സംബന്ധിച്ചതാണെന്ന് പറഞ്ഞു.

ജനങ്ങളു‍ടെ അതിജീവനത്തിന് നിര്‍ണ്ണായകമാണ് ജലത്തിനായുള്ള അവകാശമെന്നും നരകുലത്തിന്‍റെ ഭാവി നിശ്ചയിക്കുന്നത് അതാണെന്നും പ്രസ്താവിച്ച പാപ്പാ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഭാവി തലമുറകളെ പഠിപ്പിക്കുക മുന്‍ഗണനയര്‍ഹിക്കുന്ന ഒരുത്തരവാദിത്വമാണെന്നും മനസ്സാക്ഷിരൂപീകരണം ആയാസകരമായ ഒരു ദൗത്യമാണെന്നും അതിന് ബോധ്യവും അര്‍പ്പണമനോഭാവവും ആവശ്യമാണെന്നും ഓര്‍മ്മിപ്പിപ്പിച്ചു.

വെള്ളമുള്ളിടത്താണ് ജീവനുള്ളതെന്നും ആകയാല്‍, ഒരു സമൂഹം ജന്മംകൊള്ളുകയും വളരുകയും ചെയ്യുന്നതിന് ജലം ആവശ്യമാണെന്നും പ്രസ്താവിച്ച പാപ്പാ  എ​ല്ലാ ജലവുമല്ല പ്രത്യുത, സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ വെള്ളം മാത്രമാണ് ജീവദായകം എന്ന് മനസ്സിലാക്കുകയും നമ്മുടെ പൊതുഭവനത്തിന് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി.

ഒരു നാടിന്‍റെയൊ നാടുകളുടെ ഒരു സഖ്യത്തിന്‍റെയൊ നിയമം ജലത്തെ മൗലികാവകാശമായി പരിഗണിക്കാതിരിക്കുന്നത് വേദനാജനകമാണെന്നും, അതിനേക്കാള്‍ ഖേദകരമാണ് ഈ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു.

ജലത്തിനായുള്ള അവകാശത്തിന്‍റെ ആദരവാണ് ഇതര അവകാശങ്ങളുടെ അഭ്യസനത്തിനുള്ള വ്യവസ്ഥയെന്ന തന്‍റെ ബോധ്യം പാപ്പാ ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു. ഈ മൗലികാവകാശം ധ്വംസിച്ചാല്‍ പിന്നെ എങ്ങനെ ഇതര അവകാശങ്ങള്‍ സംരക്ഷിക്കാനും അതിനായി പോരാടാനും നമുക്കു സാധിക്കും എന്നു പാപ്പാ ചോദിക്കുകയും ഒരു സംരക്ഷണ സംസ്കൃതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടുകയും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ജലം സകലര്‍ക്കും   ഉറപ്പുവരുത്തുന്നതിന് ഓരോ രാഷ്ട്രവും പരിശ്രമിക്കണമെന്നും, അതിനായി യത്നിക്കുക നമ്മുടെ കടമയാണെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

അനുദിനം ജലജന്യ രോഗങ്ങള്‍ ജീവനപഹരിക്കുന്ന കുട്ടികളുടെ സംഖ്യ ആയിരമാണെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനങ്ങള്‍ കാണിക്കുന്നതും പാപ്പാ വേദനയോടെ അനുസ്മരിക്കുന്നു.








All the contents on this site are copyrighted ©.