2017-02-24 13:22:00

ദക്ഷിണ സുഡാനുവേണ്ടി സഹായാഭ്യര്‍ത്ഥന


ആഭ്യന്തര യുദ്ധം പിച്ചിച്ചീന്തുകയും ഈ കലാപത്തിന്‍റെയും കടുത്ത വരള്‍ച്ചയുടെയും ഫലമായ പട്ടിണിദുരന്തത്തിന്‍റെ ഭീഷണി ഉയരുകയും ചെയ്തിരിക്കുന്ന ദക്ഷിണ സുഡാനുവേണ്ടി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാമെത്രാന്മാര്‍ അടിയന്തിര സഹായം അഭ്യര്‍ത്ഥിക്കുന്നു.

യാതനകളനുഭവിക്കുന്ന ആ ജനതയോടു മെത്രാന്മാര്‍ ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ദക്ഷിണ സുഡാനിലെ കത്തോലിക്കാമെത്രാന്മാര്‍ ഈയിടെ നടത്തിയ സഹായഭ്യര്‍ത്ഥനയോടുള്ള പ്രതികരണമായിട്ടാണ് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാമെത്രാന്മാന്മാരുടെ സംഘം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദക്ഷിണ സുഡാനിലെ അവസ്ഥകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കിയിട്ടുള്ള മെത്രാന്‍ വില്യം കെന്നി വഴി, ഈ സഹായഭ്യര്‍ത്ഥന നവീകരിച്ചത്.

നിഷ്ഠൂരതയാര്‍ന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍, തത്ഫലമായുള്ള വ്യാപകമായ അക്രമങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, പട്ടിണി എന്നിവയാല്‍ ജനങ്ങള്‍ യാതനകളനുഭവിക്കയാണെന്നും മനുഷ്യന്‍ വിതച്ച ഈ മാനവിക ദുരന്തത്തെക്കുറിച്ച് ലോകം അവബോധം പുലര്‍ത്തുകയും അന്തരാഷ്ട്രസമൂഹം ഇടപെടുകയും ചെയ്യണമെന്നും ബിഷപ്പ് കെന്നി പറയുന്നു.

ആദ്ധ്യാത്മികതയില്‍ കരുത്തരായിരിക്കാനും ആത്മസംയമനം പാലിക്കാനും സഹിഷ്ണുതയുള്ളവരാകാനും പൊറുക്കാനും സ്നേഹിക്കാനും എല്ലാവര്‍ക്കും   പ്രചോദനമേകുന്ന അദ്ദേഹം അക്രമവും പ്രതികാരനടപടികളും വെടിഞ്ഞ് സമാധാനത്തിനും നീതിക്കുംവേണ്ടി പ്രയത്നിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഉചിതമായ നടപടികളുടെ അഭാവത്തില്‍ ജൂലൈ ആകുമ്പോഴേയ്ക്കും ദക്ഷിണ സുഡാനില്‍ 50 ലക്ഷത്തിലേറെപ്പേര്‍  ഭക്ഷ്യപ്രതിസന്ധിയ്ക്ക് ഇരകളായിത്തീരുമെന്ന ആശങ്ക നിലനില്ക്കുന്നു. 








All the contents on this site are copyrighted ©.