2017-02-17 13:25:00

കുടിയേറ്റക്കാരുടെ രോദനം ശ്രവിക്കുക- മെത്രാന്മാര്‍


ജീവിക്കാനും ഒരു തൊഴില്‍ കണ്ടെത്താനും എത്തുന്ന കുടിയേറ്റക്കാരുടെ രോദനത്തിന് ചെവികൊടുക്കാന്‍ അമേരിക്കയിലെയും മെക്സിക്കൊയിലെയും മെത്രാന്മാര്‍ സന്മനസ്സുള്ള സകലരെയും ക്ഷണിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളുടെ പുതിയ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാടിന്‍റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി  കുടിയേറ്റക്കാരുടെ കാര്യത്തില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് മെക്സിക്കൊയും അമേരിക്കന്‍ ഐക്യനാടുകളും തമ്മില്‍ അതിര്‍ത്തികുറിക്കുന്ന പ്രദേശങ്ങളിലെ ഇരു രാജ്യക്കാരുമടങ്ങിയ മെത്രാന്മാര്‍ ബുധനാഴ്ച (15/02/17) പുറപ്പെടുവിച്ച ഒരു സംയുക്ത പ്രസ്താവനയില്‍ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

യേശുവും മറിയവും യൗസേപ്പും മാനുഷികമായ കാരുണ്യം ഉണ്ടാകുമെന്ന പ്രത്യാശയോടെ, ജീവിക്കാന്‍ ഒരിടം തേടി കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും പോലെ അലഞ്ഞത് മെത്രാന്മാര്‍ അനുസ്മരിക്കുകയും ഇന്ന് ആ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു.

അഭയാര്‍ത്ഥികളെ തടവില്‍ പാര്‍പ്പിക്കുന്നതും അവര്‍ക്ക് താല്‍ക്കാലിക അഭയം നല്കുന്നതുമായ ഇടങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചുവെന്നും അസഹനീയവും മനുഷ്യോചിതമല്ലാത്തതുമായ ഒരവസ്ഥയ്ക്ക് തങ്ങള്‍ സാക്ഷികളായെന്നും മെത്രാന്മാര്‍ പറയുന്നു.








All the contents on this site are copyrighted ©.