2017-02-16 19:01:00

മനുഷ്യഹൃദയങ്ങളില്‍ തുടങ്ങുന്ന യുദ്ധവും കലാപങ്ങളും


തിന്മയുടെ ഉറവിടം മനുഷ്യഹൃദയം തന്നെ, അതിനാല്‍ മനുഷ്യന്‍ സമാധാനത്തിന്‍റെ പ്രയോക്താവായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഫെബ്രുവരി 16-Ɔ൦ തിയതി വ്യാഴാഴ്ച വചനചിന്തയിലൂടെ ഉദ്ബോധിപ്പിച്ചു.

പേപ്പല്‍ വസതി, സാന്താമാര്‍ത്തായിലെ‍ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഉല്‍പത്തിപ്പുസ്തകം വിവരിക്കുന്ന നോഹിന്‍റെ കാലത്തെ ജലപ്രളയത്തെ ആധാരമാക്കായായിരുന്നു പാപ്പായുടെ വചനസമീക്ഷ (ഉല്പത്തി 9, 1-13).  ഇന്നു ലോകത്തു നടക്കുന്ന യുദ്ധങ്ങളും അതിന്‍റെ കെടുതിയില്‍ ക്ലേശിക്കുന്ന അനേകായിരിങ്ങളുടെയും യാതനയ്ക്കു പിന്നില്‍ മനുഷ്യന്‍ കാരണമാക്കുന്ന അധര്‍മ്മവും, മനുഷ്യര്‍ തന്നെ നിര്‍മ്മിച്ചുവിടുന്ന ആയുധങ്ങളുമാണ്!

1. പ്രാവും മഴവില്ലും സമാധാനത്തിന്‍റെയും പ്രത്യാശയുടെയും അടയാളം 

ഉല്പത്തിയുടെ പുസ്തകം വിവരിക്കുന്നതും, നോഹിന്‍റെ മുന്നില്‍ ദൈവം പറത്തിയതുമായ പ്രത്യാശയുടെ വെള്ളരിപ്രാവും മഴവില്ലും, ദൈവം ചെയ്ത ഉടമ്പടിയും പാപ്പാ ചിന്തകളില്‍ വിഷയീഭവിപ്പിച്ചു. പ്രളയത്തിനുശേഷം നോഹ ഒരു പ്രാവിനെ പറത്തി. ചുണ്ടില്‍ ചെറിയൊരു ഒലിവിലയുമായി അതു തിരിച്ചെത്തി. പ്രളയത്തിനുശേഷം ദൈവം നല്കിയ സമാധാനത്തിന്‍റെയും പ്രത്യാശയുടെയും ചിഹ്നമാണ് പ്രാവ്! സകലരും ഈ ലോകത്ത് സമാധാനത്തില്‍ ജീവിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നതിന്‍റെ പ്രതീകവും പ്രത്യാശയുടെ പ്രതീകവുമായിരുന്നു പ്രാവും, തുടര്‍ന്ന് അവിടുന്നു വിരിയിച്ച മഴവില്ലും!

പ്രാവും മഴവില്ലും ഏറെ ഭംഗിയുള്ളതും, ഒപ്പം ലോലവുമാണ്. മഴയ്ക്കും കൊടുങ്കാറ്റിനുശേഷം ദൈവം വാനില്‍ മഴവില്ലു വിരിയിക്കുന്നു. അതോടെ കാര്‍മേഘം മാഞ്ഞുപോകുന്നു. മാനം തെളിയുന്നു. ഒരു ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ ലോകസമാധാന സന്ദേശം പങ്കുവച്ചശേഷം അപ്പോസ്തോലിക അരമനയിലെ ജാലകത്തില്‍നിന്നുകൊണ്ട് തന്‍റെ അടുത്തുനിന്ന രണ്ടു കുട്ടികള്‍ വെള്ളരിപ്രാവിനെ പറത്തി. ഉടനെ രണ്ടു കടല്‍ക്കാക്കകള്‍ വന്ന് അവയെ കൊത്തിക്കൊന്നത്, പാപ്പാ ഓര്‍മ്മയില്‍ അയവിറച്ചു. സമാധാനത്തോടെ ജീവിക്കുന്നവര്‍ യുദ്ധത്തിലും കലാപത്തിലും കൊല്ലപ്പെടുന്നു. പാപ്പാ വ്യാഖ്യാനിച്ചു.

ദൈവം ചെയ്യുന്ന ഉടമ്പടി ശക്തമാണ്. എന്നാല്‍ അത് സ്വീകരിക്കുന്ന നാം ബലഹീനരാണ്. ദൈവം നമുക്കായി സമാധാനം ഉടമ്പടിചെയ്യുന്നു. എന്നാല്‍ പാലിക്കാന്‍ നാം പ്രാപ്തരല്ലാത്തപോലെ ജീവിക്കുന്നു. എന്നാല്‍ ഓര്‍ക്കുക, സമാധാനം ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന അനുദിന ജീവിത ഉത്തരവാദിത്ത്വമാണ്. നമ്മുടെ ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്ന ഉത്ഭവപാപത്തിന്‍റെ ചെറുവിത്തുണ്ട്. കായേന്‍റെ മനസ്സില്‍ സഹോദരനെതിരെ ഉയര്‍ന്ന അസൂയയുടെയും ആര്‍ത്തിയുടെയും പ്രതികാരത്തിന്‍റെയും വിത്താണത്. അതാണ് സമാധാനം കെടുത്തി, യുദ്ധഭേരി മുഴക്കുന്നത്.  ഭൂമുഖത്ത് നാം സഹോദരങ്ങളാണ്. നമ്മുടെ സഹോദരങ്ങളുടെ സഹകാരികളും സൂക്ഷിപ്പുകാരും നാം തന്നെയാണ്. രക്തച്ചൊരിച്ചില്‍ പാപമാണ്. കായേനോടു ദൈവം ചോദിച്ചപോലെ ദൈവം നമ്മോടും കണക്കുചോദിക്കും. നിന്‍റെ സോഹദരന്‍ എവിടെ? അപ്പോള്‍ ചോരപുരണ്ട കരങ്ങളുമായി നാം കായേനെപ്പോലെ ഒഴിഞ്ഞു മാറുമോ? പാപ്പാ ആശങ്ക പ്രകടിപ്പിച്ചു.

2. സമാധാന കാംക്ഷികളാകാം!
യുദ്ധം നമ്മില്‍ ഓരോരുത്തരിലുമാണ് തുടങ്ങുന്നത്. ഒരു സമാധാനത്തിന്‍റെ  വെള്ളരിപ്രാവും  പ്രത്യാശയുടെ ലോലമായ മഴവില്ലും ദൈവിക നന്മയുടെയും ഉടമ്പടിയുടെയും അടയാളമാണ്. അതെല്ലാം തട്ടിമാറ്റിയും മറന്നും നാം ഹൃദയത്തില്‍ യുദ്ധം മെനയുന്നു. ഓരോ വ്യക്തിയിലും, കുടുംബത്തിലും, ചെറുസമൂഹത്തിലുമാണ് യുദ്ധം തുടങ്ങുന്നത്. അത് സമാധാനത്തെ തച്ചടയ്ക്കുന്നു!
മാധ്യമങ്ങളില്‍ നാം യുദ്ധം കാണുന്നുണ്ട്. അശുപത്രിയും അതിലെ രോഗികളെയും, സ്കൂളും അതിലെ കുട്ടികളെയും അതു തകര്‍ത്തു തരിപ്പണമാക്കുന്നു! കൊന്നൊടുക്കുന്നു! മനുഷ്യഹൃദയത്തില്‍ മുളപൊട്ടുന്ന അസൂയയുടെയും ആര്‍ത്തിയുടെയും വിത്താണ് അതിനു പിന്നില്‍. അതിനാല്‍ ഹൃദയത്തിലും കുടുംബത്തിലും നാം അനുദിനം സമാധാനം ആഗ്രഹിക്കുക മാത്രമല്ല, ക്രിയാത്മകമായി അത് വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കണം. അതാണ് ലോകത്തേയ്ക്ക് വ്യാപിക്കേണ്ടത്.
 

3. കുട്ടിക്കാലത്തെ യുദ്ധത്തിന്‍റെ ഓര്‍മ്മ...

ഒരു കുട്ടിയായിരുന്നപ്പോള്‍ ലോകമഹായുദ്ധത്തിന്‍റെ ക്രൂരമായ വാര്‍ത്തകള്‍ കെട്ടടങ്ങാന്‍ കാത്തിരുന്നത് തന്‍റെ മനസ്സിലേയ്ക്ക് ഓടിവരുന്നതായി പാപ്പാ പങ്കുവച്ചു. പത്രത്തിലൂടെയും അല്ലാതെയുമെല്ലാം കേട്ട യുദ്ധവാര്‍ത്തയും, മരണവും വിനാശങ്ങളും ചെറുമനസ്സില്‍ അന്നേ ഭീതി വളര്‍ത്തി. ഇന്നും അതുതന്നെ! മനുഷ്യക്കടത്തും ആയുധവിപണനവും അഭ്യന്തരകലപങ്ങളും കാരണമാക്കുന്ന രക്തച്ചൊരിച്ചില്‍ ഹൃദയത്തില്‍ വേദനയുളവാക്കുന്നുണ്ട്. പാപ്പാ പങ്കുവച്ചു.

ഓര്‍മ്മയിലെ ഒരു ദിവസം...! പട്ടണത്തില്‍ അകലെയും ചുറ്റും എവിടെയും ‘സയറ’നും ആരവവും കേള്‍ക്കാം. അയല്‍പക്കത്തെ സ്ത്രീ അമ്മയെ വിളിച്ചു, ഓ! റെജീനാ, വരൂ..വന്നേ, ഓടിവായോ! അമ്മ ഭയന്ന് ഓടി  വീടിനു പുറത്തെത്തി. ഞാനും പേടിച്ച് അമ്മയോടു ചേര്‍ന്നുനിന്നു. എന്തു പറ്റീ?!  അല്പം ദൂരെനിന്ന അയല്‍ക്കാരിയോടു അമ്മ ചോദിച്ചു. അടുത്ത തോട്ടത്തില്‍നിന്നുകൊണ്ടുതന്നെ ആ സ്ത്രീ  ഉറക്കെ പറ‍ഞ്ഞു. റെജീന..! യുദ്ധം അവസാനിച്ചു. എന്നിട്ടവര്‍ വാവിട്ടു കരഞ്ഞു! അമ്മ ഓടിച്ചെന്ന് അവരെ ആശ്ലേഷിച്ചു. രണ്ടു സ്ത്രീകളുടെയും കണ്ണുനീര്‍ ആനന്ദത്തിന്‍റേതായിരുന്നു! സമാധാനത്തില്‍നിന്നും ഉതിര്‍ന്ന ആനന്ദാശ്രുക്കള്‍!

ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ സമാധാനത്തിന്‍റെ പ്രയോക്താക്കളാകാനുന്ന കൃപ നമുക്കു, ഓരോ ക്രൈസ്തവനും ലഭിക്കട്ടെ! പാപ്പാ വചനചിന്ത ഉപസംഹരിച്ചു.

 








All the contents on this site are copyrighted ©.