2017-02-15 18:03:00

പാപ്പായുടെ നവീകരണനീക്കങ്ങള്‍ക്ക് ഉപദേശകരായ കര്‍ദ്ദിനാളന്മാരുടെ പിന്‍തുണ


സഭാ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍ദ്ദിനാളന്മാരുടെ 18-Ɔമത് ഉപദേശക സമിതിയുടെ മൂന്നുദിവസം നീണ്ട സംഗമം വത്തിക്കാനില്‍ ഫെബ്രുവരി 15-ന് സമാപിച്ചു.

സഭയുടെ ഉപദേശകരായ 9 കര്‍ദ്ദിനാളന്മാരും പാപ്പാ ഫ്രാന്‍സിസും ചേര്‍ന്ന് ഫെബ്രുവി 13-Ɔ൦ തിയതി തിങ്കളാഴ്ച ആരംഭിച്ച ചര്‍ച്ചകളും പഠനങ്ങളുമാണ് ബുധനാഴ്ച, ഫെബ്രുവരി 15-Ɔ൦ തിയതി സമാപിച്ചത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ചേര്‍ന്ന യോഗങ്ങളിലെ അസാന്നിദ്ധ്യം ഒഴിച്ചാല്‍, മറ്റെല്ലാ ചര്‍ച്ചകളിലും പൂര്‍ണ്ണമായും പാപ്പാ പങ്കെടുക്കുകയുണ്ടായി.

സഭാനവീകരണ പദ്ധതികളുടെ പടിപടിയായുള്ള നടപ്പാക്കലില്‍ കര്‍ദ്ദിനാളന്മാര്‍ ഒന്‍പതുപേരും പാപ്പായുടെ വ്യക്തിത്വത്തിനും പ്രബോധനാധികാരത്തിനുമുള്ള പൂര്‍ണ്ണപിന്‍തുണ ആദ്യദിനത്തില്‍ത്തന്നെ പ്രഖ്യാപിച്ചുകൊണ്ടാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന്   ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം (Propaganda Fide), പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം (Congregation for Oriental Churches), മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ (Pontifical Council for Interreligious Dialogue) എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും ആദ്യദിനമായ തിങ്കളാഴ്ച നടന്നു.

നീതി-നിയമ കാര്യങ്ങള്‍ സംബന്ധിച്ച ശുശ്രൂഷയ്ക്കായുള്ള സഭയുടെ അനുരഞ്ജനക്കോടതി  (Apostolic Penitentiary), പരമോന്നത അപ്പസ്തോലിക ന്യായപീഠം  (Apostolic Signatura), വിവാഹം, കുടുംബം എന്നിവയെ സംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യുന്ന ‘റോത്താ’ എന്നറിയപ്പെടുന്ന സഭാകോടതി (Rota Romana) എന്നിവയെക്കുറിച്ചും ദീര്‍ഘമായ പഠനങ്ങള്‍ രണ്ടാം ദിവസം ചൊവ്വാഴ്ച പാപ്പായുടെ സാന്നദ്ധ്യത്തില്‍ നടന്നു.

സമാപനദിനമായ ബുധനഴാച സാമ്പത്തിക കാര്യാലയം – അതിന്‍റെ കണക്കുകളും പ്രവര്‍ത്തനങ്ങളും, മാധ്യമകാര്യാലയം, വത്തിക്കാന്‍ മുദ്രണാലയം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുതലായ കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ സംഘം പരിശോധിച്ചു.

സഭാ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ അടുത്ത ഉപദേശകരായ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള 9 അംഗ കര്‍ദ്ദിനാള്‍ സംഘം ഇനി ഏപ്രില്‍ 24, 25, 26 തിയതികളില്‍ സംഗമിക്കും. ഇന്ത്യയില്‍നിന്നും മുംബൈ അതിരൂപതാദ്ധ്യക്ഷനും ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ തലവനുമായ കര്‍ദ്ദിനാള്‍ ഓസ്വള്‍ഡ് ഗ്രേഷ്യസ് ഈ സംഘത്തിലെ സജീവ സാന്നിദ്ധ്യമാണ്.

വത്തിക്കാന്‍റെ മാധ്യമാകാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശക, പലോമാ ഗാര്‍ഷിയ ഫെബ്രുവരി  15-Ɔ൦ തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് സഭാനവീകരണത്തിനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഉപദേശകസമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

 








All the contents on this site are copyrighted ©.