2017-02-10 13:40:00

രോഗിയുടെ മാനവ ഔന്നത്യത്തിന് പ്രാഥമ്യം കല്പിക്കപ്പെടണം


ആരോഗ്യ സംരക്ഷണമേഖലയില്‍ രാഷ്ട്രീയ ഭരണപരമായ തീരുമാനങ്ങളുടെ മാനദണ്ഡം പണമായിരിക്കരുതെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപവി-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 300 ഓളം പേരുടെ ഒരു സംഘത്തെ വത്തിക്കാനില്‍ വെള്ളിയാഴ്ച (10/02/17) പൊതുവായി സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ആരോഗ്യചികിത്സാ രംഗത്ത് രോഗിക്കും രോഗിയുടെ ഔന്നത്യത്തിനും പ്രാഥമ്യം കല്പിക്കാത്ത പക്ഷം അപരന്‍റെ കഷ്ടതകള്‍ മുതലെടുക്കുന്ന മനോഭാവങ്ങള്‍ ഉടലെടുക്കുന്നതിനു കാരണമാകുമെന്ന് പാപ്പാ പറഞ്ഞു.

ആരോഗ്യരംഗത്തുണ്ടായിട്ടുള്ള ശാസ്ത്രീയ പുരോഗതിയും സുമനസ്സുള്ള ആരോഗ്യപ്രവര്‍ത്തകരും ആ മേഖലയില്‍ വെളിച്ചം വീശുമ്പോള്‍ മറുവശത്ത് ഇരുളുകള്‍ ദൃശ്യമാണെന്നും രോഗികളായ സഹോദരീസഹോദരങ്ങളുടെ അവസ്ഥകള്‍ ഗുരുതരങ്ങളാക്കുന്ന അപകടങ്ങള്‍ ഉണ്ടെന്നും പാപ്പാ വിശദീകരിച്ചു.

ആകയാല്‍ ആരോഗ്യരംഗത്ത് ലഭ്യമായ വിഭവങ്ങള്‍ ബലഹീനരെ അവഗണിക്കാത്തവിധം നൈതികവും ഐക്യദാര്‍ഢ്യപരവുമായ രീതിയില്‍ സമുചിതം ഉപയോഗപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.