2017-02-10 14:18:00

അവയവ വില്പന ലക്ഷ്യം വയ്ക്കുന്ന മനുഷ്യക്കടത്തെന്ന കുറ്റകൃത്യം


അവയവങ്ങള്‍ എടുക്കുന്നതിനും കടത്തുന്നതിനുമായി മനുഷ്യക്കടത്ത് നടത്തുന്നത് കുറ്റകൃത്യമാണെന്ന് എല്ലാ രാഷ്ട്രങ്ങളും സംസ്കാരങ്ങളും അംഗീകരിക്കണമെന്ന് ശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമി.

ഇക്കഴിഞ്ഞ 7,8 (7-8/02/2017) തീയതികളില്‍ വത്തിക്കാനില്‍ ഈ അക്കാദമി “അവയവക്കടത്തിനെയും അവയവമാറ്റ ശസ്ത്രക്രിയാ വിനോദസഞ്ചാരത്തെയും” അധികരിച്ച് സംഘടിപ്പിച്ച ഉച്ചകോടിയുടെ സമാപന പ്രഖ്യാപനത്തിലാണ് ഈ അനിവാര്യത എടുത്തുകാട്ടിയിരിക്കുന്നത്.

വധശിക്ഷ നടപ്പാക്കപ്പെട്ട കുറ്റവാളികളുടെ മൃതദേഹത്തില്‍ നിന്നു അവയവമെടുക്കുന്നതും കുറ്റകരമാണെന്നും ലാഭേച്ഛയോടെ അവയവവില്പനയ്ക്കായി മനുഷ്യക്കടത്ത് നടത്തുന്നത് ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും ഈ പ്രഖ്യാപനം വ്യക്തമാക്കുന്നു.

ഈ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മതനേതാക്കളുടെ പങ്ക് എടുത്തുകാട്ടുന്ന പ്രഖ്യാപനം നൈതിക അവയവദാനം പരിപോഷിപ്പിക്കാന്‍ അവര്‍ക്ക് പ്രചോദനം പകരുന്നു.

അവയവക്കടത്ത് തടയുന്നതിന്, അതുമായി ബന്ധപ്പെട്ട എല്ലാമേഖലകളെയും ആശ്ലേഷിക്കുന്നതായ, നിയമസംവിധാനങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരുകളോടു ഈ പ്രഖ്യാപനം ആവശ്യപ്പെടുന്നു.

ദാരിദ്ര്യം, തൊഴില്‍രാഹിത്യ്, സാമൂഹ്യസാമ്പത്തികാവസരങ്ങളുടെ അഭാവം എന്നിവ വ്യക്തികളെ വളരെ എളുപ്പത്തില്‍ അവയവക്കടത്തിന്‍റെയും മനുഷ്യക്കടത്തിന്‍റെയും ഇരകളാക്കിത്തീര്‍ക്കുന്നതും, ദുരിതത്തില്‍ കഴിയുന്നവര്‍ മെച്ചപ്പെട്ട ഒരു ജീവിതത്തിനായുള്ള ഗത്യന്തരമില്ലാതെയുള്ള അലച്ചിലിലിനിടയില്‍ തങ്ങളു‍ടെ അവയവങ്ങള്‍ വിലക്കുന്നതിന് നിര്‍ബന്ധിതരാകുന്നതും ഈ പ്രഖ്യാനം വിശകലനം ചെയ്യുന്നു.








All the contents on this site are copyrighted ©.