2017-02-09 09:14:00

പാപ്പാ ഫ്രാന്‍സിസ് നടത്തിയ പൊതുവായ അഭ്യര്‍ത്ഥനകള്‍


ബുധനാഴ്ച, ഫെബ്രുവരി 8-Ɔ൦ തിയതി പാപ്പാ ഫ്രാന്‍സിസ് മൂന്നു പ്രത്യേക അഭ്യര്‍ത്ഥനകള്‍ നടത്തി.  ബുധനാഴ്ചകളില്‍‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ ഈ പ്രത്യേക അഭ്യര്‍ത്ഥനകള്‍ നടത്തിയത്.

1.   1615-ല്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ രക്തസാക്ഷിത്വം വരിച്ച ജപ്പാന്‍കാരനായ അല്‍മായവിശ്വാസി, ജുസ്തോ തക്കായാമാ ഊകോണിന്‍റെ മാതൃക അനുകരിച്ച് ജീവിതക്ലേശങ്ങളിലും വിശ്വാസം മുറുകെപ്പിടിക്കണം എന്നായിരുന്നു പാപ്പായുടെ ആദ്യത്തെ അഭ്യര്‍ത്ഥന.  ഫെബ്രുവരി 7-Ɔ൦ തിയതി തിങ്കളാഴ്ച ജപ്പാനിലെ ഒസാക്കയില്‍ തക്കായാമാ ഊകോണിനെ സഭ വാഴ്ത്തപ്പെട്ടവരുടെ പദത്തേലേയ്ക്ക് ഉയര്‍ത്തി. രക്തസാക്ഷിയായ തക്കായാമായുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടന്ന വാര്‍ത്ത എല്ലാവരോടുമായി വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ പ്രത്യേക അഭ്യാര്‍ത്ഥന നടത്തിയത്. വിപ്രവാസത്തിലെ നീചമായ പീഡനങ്ങളും പരിത്യക്തതയും ഏറെ സഹിച്ച്, അവസാനം വിശ്വാസത്തെപ്രതിയും ക്രിസ്തുവിനുംവേണ്ടിയും ജീവന്‍ സമര്‍പ്പിച്ച ജുസ്തോ തക്കായാമാ ഊകോണി ജപ്പാനിലെ ജനങ്ങള്‍ക്കു മാത്രമല്ല, ക്രൈസ്തവ ലോകത്തിന് വിശ്വാസധീരതയ്ക്കും സഹോദരസ്നേഹത്തിനും മാതൃകയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

2.    രണ്ടാമത്തെ അഭ്യര്‍ത്ഥന - വിശുദ്ധ ജോസഫിന്‍ ബക്കീത്തയുടെ അനുസ്മരണദിനം ഫെബ്രുവരി 8-Ɔ൦ തിയതി "മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനാദിന"മാണെന്ന കാര്യം പാപ്പാ എല്ലാവരെയും അനുസ്മരിപ്പിച്ചു. മനുഷ്യക്കടത്തിന് ഇരകളാകുന്ന കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ദിനമായിട്ടാണ് 2017-ലെ അനുസ്മരണമെന്ന് പാപ്പാ എടുത്തുപറഞ്ഞു. എവിടെയും ഏതെങ്കിലും വിധത്തില്‍ മനുഷ്യക്കടത്തിന് ഇരകളായ കുട്ടികളെയും യുവജനങ്ങളെയും മോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നര്‍ ധാരാളമുണ്ട്. അവരെ ഈ ദിനത്തില്‍ അനുസ്മരിക്കണമെന്നും, അവര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. മനുഷ്യാന്തസ്സ് അടയറവയ്ക്കേണ്ടി വരുന്ന ഈ നീചമായ തിന്മയ്ക്കെതിരെ സര്‍ക്കാരുകളും, സന്നദ്ധസംഘടകളും ഉപവിപ്രവര്‍ത്തകരും കൊകോര്‍ക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

3.     ഫെബ്രുവരി 11-Ɔ൦ തിയതി ശനിയാഴ്ച, ലൂര്‍ദ്ദുനാഥയുടെ തിരുനാളാണ്. അന്ന് സഭ ആചരിക്കുന്ന 25-Ɔമത് ലോകരോഗീദിനത്തെക്കുറിച്ചായിരുന്നു അടുത്ത പരാമര്‍ശം. രോഗികളായ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടിയും അവരെ പരിചരിക്കുന്ന സകലര്‍ക്കുവേണ്ടിയും കന്യകാനാഥയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നായിരുന്നു പാപ്പാ ഫ്രാന്‍സിസ് നടത്തിയ മൂന്നാമത്തെ അഭ്യര്‍ത്ഥന. ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ നടക്കുന്ന പ്രത്യേക പരിപാടികളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ പങ്കെടുക്കുന്ന കാര്യവും പാപ്പാ എല്ലാവരെയും അറിയിച്ചു.  








All the contents on this site are copyrighted ©.