2017-02-07 19:26:00

മതസൗഹാര്‍ദ്ദത്തിന്‍റെ പ്രേഷിതന്‍ - ആല്‍ബര്‍ട് നമ്പ്യാപറമ്പിലച്ചന് ആദരാഞ്ജലി!


മതാന്തരസംവാദത്തിന്‍റെ പാതയില്‍ ഭാരതസഭയുടെ മാര്‍ഗ്ഗദര്‍ശിയായിരുന്ന ഫാദര്‍ ആല്‍ബര്‍ട് നമ്പ്യാപറമ്പില്‍ സി.എം.ഐ. അന്തരിച്ചു. ഫെബ്രുവരി 6-Ɔ൦ തിയതി തിങ്കളാഴ്ച 86-Ɔമത്തെ വയസ്സിലായിരുന്നു അന്ത്യം. സി.​എം.ഐ. സഭയുടെ വാഴക്കുളത്തെ ആശ്രമത്തില്‍ അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. അന്തിമോപചാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച, ഫെബ്രുവരി 7-Ɔ൦ തിയതി പ്രാദേശിക സമയം രണ്ടുമണിക്ക് വാഴക്കുളത്തെ കര്‍മ്മല ആശ്രമദേവാലയത്തില്‍ നടത്തപ്പെട്ടു. സീറോ-മലബാര്‍ സഭയുടെ അദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികത്ത്വംവഹിച്ചു.

മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദശ്രമങ്ങളില്‍ എന്നും നിലനിറുത്തിയ തനിമയാര്‍ന്ന വീക്ഷണവും സമര്‍പ്പണവുമാണ് ഫാദര്‍ ആല്‍ബര്‍ട് നമ്പ്യാപറമ്പിലിന്‍റെ പൗരോഹിത്യ ജീവിതത്തെ ശ്രദ്ധേയമാക്കുന്നത്. മതങ്ങളുടെ സംഗമഭൂമിയായ ഭാരതത്തില്‍ മനുഷ്യര്‍ ഐക്യത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാനും, ആ ചിന്തകള്‍ ജീവിതംകൊണ്ടും പഠനങ്ങള്‍കൊണ്ടും പ്രബോധിപ്പിക്കാനുമുള്ള വിളി സ്വീകരിച്ച അദ്ദേഹം മരണംവരെ ഈ മേഖലയില്‍ സമര്‍പ്പിതനായിരുന്നു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം റോമില്‍ തുടക്കംകുറിച്ച മതാന്തരസംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ കമ്മിഷനില്‍ ഉപദേശകസമിതി അംഗമായി (Pontifical Commission for Interreligious Dialogue) നമ്പ്യാപറമ്പിലച്ചന്‍ 1991—96 കാലയളവില്‍ സേവനംചെയ്തിട്ടുണ്ട്. അതുപോലെ ഈ മേഖലയില്‍ ഭാരതസഭയുടെ ആദ്യ ചുവടുവയ്പുകള്‍ക്കും കാര്യദര്‍ശിയായത് ദാര്‍ശനികനായ ഫാദര്‍ നമ്പ്യാപറമ്പിലായിരുന്നു. 1973-മുതല്‍  ഒന്‍പതുവര്‍ഷക്കാലത്തോളം അദ്ദേഹം ദേശീയ മെത്രാന്‍ സമിതയുടെ (Catholic Bishops’ Conference of India) മതാന്തരസംവാദത്തിനായുള്ള കമ്മിഷന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലഘട്ടത്തിലാണ് ഇതര മതങ്ങളുമായുള്ള ദേശിയസഭയുടെ സംവാദത്തിനും സാഹോദര്യ സമീപനത്തിനും ആവശ്യമായ മാര്‍ഗ്ഗരേഖകള്‍ ആദ്യമായി ക്രമപ്പെടുത്തപ്പെട്ടത്. അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് നമ്പ്യാപറമ്പിലച്ചനായിരുന്നു. അത് ദേശീയ മെത്രാന്‍ സമിതി അംഗീകരിച്ച് പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്.

മതാന്തരസംവാദത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും മേഖലയില്‍ തന്‍റെ സ്വയാര്‍പ്പണം, പാണ്ഡിത്യം, പരിചയസമ്പത്ത് എന്നിവകൊണ്ടു നേടിയിട്ടുള്ള കാലാതീതമായ നേട്ടങ്ങളുടെ പ്രതീകങ്ങളാണ് എറണാകുളത്തെ ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, തൊടുപുഴയിലെ ഉപാസന എന്നിങ്ങനെഎല്ലാമതസ്ഥരെയും കൂട്ടിയിണക്കുന്ന മതസാംസ്ക്കാരിക കേന്ദ്രങ്ങള്‍. ഫാദര്‍ നമ്പ്യാപറമ്പില്‍ സ്ഥാപക ഡയറക്ടറായിരുന്ന ഈ രണ്ടു സ്ഥാപനങ്ങളും മതസൗഹാര്‍ദ്ദത്തിന്‍റെയും ഭാരതസംസ്കൃതിയുടെയും കെട്ടുറപ്പുള്ള ആത്മീയഗേഹങ്ങളായി ഇന്നും നിലകൊള്ളുന്നു. 

വാഴക്കുളത്ത് നമ്പ്യാപറമ്പില്‍ വര്‍ഗ്ഗീസ്-റോസമ്മ ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സി.എം.ഐ. സഭയില്‍ ചേര്‍ന്നുപഠിച്ച്  1959-ല്‍ വൈദികനായി. റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ‍ഡോക്ടര്‍ ബിരുദം കരിസ്ഥമാക്കിയ അദ്ദേഹം ബാംഗളൂര്‍ ധര്‍മ്മാരാം കോളെജിലും കേരളസഭയുടെ ആസ്ഥാനമായ പി.ഓ.സി.-യിലും ദൈവശാസ്ത്ര വിഷയങ്ങളുടെ അദ്ധ്യപകനായും സേവനംചെയ്തിട്ടുണ്ട്. സി.എം.ഐ. സഭാസമൂഹങ്ങളുടെയും പ്രോവിന്‍സിന്‍റെയും വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്ത്വങ്ങള്‍ എന്നും എവിടെയും സന്തോഷത്തോടെ വഹിച്ചുകൊണ്ട് ശ്രദ്ധേയമായ സേവനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. സൗഹൃദത്തിന്‍റെ ഒരു ചെറുപിഞ്ചിരി എല്ലാവര്‍ക്കുമായി എപ്പോഴും പകര്‍ന്നുകൊണ്ട് കടന്നുപോകുന്ന ഈ നല്ല വൈദികനെയും മനുഷ്യസ്നേഹയെയും നന്ദിയോടെ ഓര്‍ക്കുന്നു! ആത്മശാന്തിനേരുന്നു!

എല്ലാമതക്കാരായ സഹോദരങ്ങള്‍ക്കൊപ്പം ക്രിസ്തുവെളിച്ചവുമായുള്ള സഭയുടെ തീര്‍ത്ഥാടനമാണ് സുവിശേഷവത്ക്കരണമെന്ന് ചിന്തിച്ച ആത്മീയഗുരുവും മതാന്തരസംവാദ ശ്രമങ്ങളുടെ പ്രേഷിതനുമായ ആല്‍ബര്‍ട് നമ്പ്യാപറമ്പിലച്ചന് ആന്ത്യാഞ്ജലി!  








All the contents on this site are copyrighted ©.