2017-02-02 15:03:00

ഹിരോഷിമ: വിശ്വശാന്തിക്കായി പ്രത്യാശിക്കാനുള്ള ക്ഷണം


 സമാധാനം വാഴുന്ന ലോകത്തെക്കുറിച്ചു പ്രത്യാശപുലര്‍ത്താനുള്ള അടിയന്തിര ക്ഷണമാണ് ഹിരോഷിമ എന്ന് വത്തിക്കാന്‍റെ വിദേശകാര്യലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍.

ജപ്പാനില്‍ അഷ്ഠദിന സന്ദര്‍ശനപരിപാടിയുമായി ജനുവരി 27 ന് എത്തിയ അദ്ദേഹം തിങ്കളാഴ്ച (30/01/14) 7 പതിറ്റാണ്ടുകള്‍ക്കു മുമ്പ്, അതായത് 1945 ആഗസ്റ്റ് 6ന് അമേരിക്കന്‍ ഐക്യനാടുകള്‍ അണുബോംബിട്ടു തകര്‍ത്ത ഹിരോഷിമയില്‍ വച്ച് പൗര-മതാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

സമാധാന സംസ്ഥാപനത്തിനായി യത്നിക്കുക, അതിനായി പ്രതിജ്ഞാബദ്ധരാകുക എന്ന നിര്‍ബന്ധിത ധാര്‍മ്മിക കടമയ്ക്ക് മുന്നിലാണ് നാം നില്ക്കുന്നതെന്നും അത് ഉച്ചൈസ്തരം പ്രഘോഷിക്കുകയെന്ന ധര്‍മ്മം നമുക്കുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഗാല്ലഗര്‍ ഓര്‍മ്മിപ്പിച്ചു.

യുദ്ധത്തിനെതിരെ നിലകൊള്ളണമെന്ന ബോധ്യം ഉയര്‍ത്തിപ്പിടിക്കാനും ശാന്തിക്കായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനും ഹിരോഷിമ നമുക്ക് പ്രചോദനമാകണമെന്ന ആശയത്തിലൂന്നിയ അദ്ദേഹം സമാധാനത്തിന്‍റെ പാതയില്‍ നവവീര്യത്തോടെ ചരിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ്  ഗാല്ലഗര്‍ ജപ്പാനില്‍ നടത്തുന്ന സന്ദര്‍ശനത്തിന് ഫെബ്രുവരി 3 വെള്ളിയാഴ്ച (03/02/17)  തിരശ്ശീല വീഴും. 








All the contents on this site are copyrighted ©.