2017-02-02 14:47:00

മാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്തുക


മാതാപിതാക്കള്‍ മക്കള്‍ക്കായി സമയം കണ്ടെത്താന്‍ പരിശ്രമിക്കണമെന്ന് മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി (സെക്രട്ടറി ജനറല്‍) കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ ബല്‍ദിസ്സേരി.

മദ്ധ്യപ്രദേശ് സംസ്ഥാനത്ത്, ഭോപ്പാലില്‍ ചൊവ്വാഴ്ച (31/01/17) ആരംഭിച്ച, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ - സി സി ബി ഐയുടെ, (Conference of the Catholic Bishops of India)  29Ͻ-മത് സമ്പൂര്‍ണ്ണ സമ്മേളനത്തെ രണ്ടാം ദിനമായിരുന്ന ബുധനാഴ്ച (01/02/17) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

“നമ്മു‍ടെ കുടുംബങ്ങളില്‍ സ്നേഹാനന്ദം പരിപോഷിപ്പിക്കുക” എന്ന വിചിന്തന പ്രമേയം ഈ അഷ്ഠദിന സമ്പൂര്‍ണ്ണ സമ്മേളനം സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ചായിരുന്നു കര്‍ദ്ദിനാള്‍ ലൊറേന്‍ത്സൊ  ബല്‍ദിസ്സേരി പ്രധാനമായും പരാമര്‍ശിച്ചത്.

മക്കള്‍ക്ക് എല്ലാക്കാര്യങ്ങള്‍ക്കും സമ്മതം നല്കുന്ന ഒരു പിതാവ് വാസ്തവത്തില്‍ അവര്‍ക്ക് ശിക്ഷണമേകുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടിയ അദ്ദേഹം കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയ്ക്കും അവര്‍ മെച്ചപ്പെടുന്നതിനും സഹായകമായി ഇടയ്ക്കൊക്കെ അവരോട് “അരുത്” എന്നു പറയുക ആവശ്യമാണെന്ന് മാതാപിതാക്കളെ ഓര്‍മ്മിപ്പിച്ചു.

കുടുംബങ്ങള്‍ അനുദിനജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബല്‍ദിസ്സേരി ക്ലേശങ്ങള്‍ക്കുമുന്നില്‍ നഷ്ടധൈര്യരാകരുതെന്നും താന്‍ സ്നേഹമുള്ള പിതാവാണെന്ന് ദൈവം പരീക്ഷണങ്ങളിലൂടെ കാണിച്ചുതരികയാണെന്നും പ്രചോദനം പകര്‍ന്നു.

ഫ്രാന്‍സീസ് പാപ്പാ പുറപ്പെടുവിച്ച അപ്പസ്തോലികോപദേശമായ “അമോരിസ് ലെത്തീസിയ”-“സ്നേഹത്തിന്‍റെ സന്തോഷം” കുടുംബത്തെ അധികരിച്ചുള്ള ഉല്‍കൃഷ്ടസൃഷ്ടിയാണെന്ന് പ്രസ്താവിച്ച അദ്ദേഹം വിവാഹജീവിതത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടുകൂടിയ ഒരു യുദ്ധം നടക്കുന്നുണ്ടെന്നും ആയുധങ്ങള്‍ കൊണ്ടല്ല ആശയങ്ങള്‍കൊണ്ടുള്ള യുദ്ധമാണതെന്നുമുള്ള  ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ അനുസ്മരിച്ചു.

ഈയൊരു പശ്ചാത്തലത്തില്‍ കുടുംബഅജപാലന ശുശ്രൂഷയില്‍ ഉത്സുകരാകാന്‍ കര്‍ദ്ദിനാള്‍ ബല്‍ദിസ്സേരി മെത്രാന്മാരെയും വൈദികരെയും അജപാലന പ്രവര്‍ത്തകരെയും ആഹ്വാനം ചെയ്തു.

കുടുംബങ്ങളില്‍ സ്നേഹാനന്ദം ഊട്ടിവളര്‍ത്തുന്നതിനെക്കുറിച്ചു “സനേഹത്തിന്‍റെ സന്തോഷം” എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ പഠിക്കുന്ന സിസിബിഐ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ ഭാരതത്തിലെ 132 ലത്തീന്‍ രൂപതകളില്‍നിന്നുള്ള 182 മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്.








All the contents on this site are copyrighted ©.