2017-02-01 13:24:00

ക്രിസ്തീയ പ്രത്യാശ: പ്രതീക്ഷ ജീവിക്കാന്‍ പഠിക്കല്‍ - പാപ്പാ


ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലതന്നെ ആയിരുന്നു ഈ ബുധനാഴ്ചയും(01/02/17). വിവിധരാജ്യക്കാരായിരുന്ന ആയിരങ്ങള്‍ അതിവിശാലമായ ഈ ശാലയില്‍ സന്നിഹിതരായിരുന്നു. ഇറ്റലിയിലെ സിസിലിയിലുള്ള ജേല എന്ന സ്ഥലത്തു നിന്ന് കാരുണ്യനാഥയുടെ തിരുച്ചിത്രവുമായെത്തിയ ഒരുസംഘം തീര്‍ത്ഥാടകരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കാരുണ്യനാഥയുടെ ഈ ചിത്രം, കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാള്‍ദിനമായ വ്യാഴാഴ്ച (02/02/17) പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യപൂജാവേളയില്‍ പരസ്യവണക്കത്തിനു വയ്ക്കും. പൊതുദര്‍ശനപരിപാ‌ടി ആരംഭിക്കുന്നതിന് അല്പം മുമ്പായി ശാലയില്‍ പ്രവേശിച്ച പാപ്പായെ ജനസഞ്ചയം കരഘോഷത്തോടും ആരവത്തോടും ഗാനാലാപനത്തോടും കൂടെ വരവേറ്റു.

ശാലയിലേക്കു കടന്ന പാപ്പാ പതിവുപോലെ, എല്ലാവരേയും അഭിവാദ്യം ചെയ്തും ആശീര്‍വ്വദിച്ചും ഹസ്തദാനമേകിയും ഇടയ്ക്കിടെ നിന്ന് ഹ്രസ്വ സൗഹൃദസംഭാഷണത്തിലേര്‍പ്പെട്ടും മുന്നോട്ടു നീങ്ങി. കുഞ്ഞുങ്ങളോടുള്ള സവിശേഷ വാത്സല്യത്തിന്‍റെ പ്രകടനമായി പാപ്പാ ചില കുഞ്ഞുങ്ങളെ  തലോടുകയും  ആശീര്‍വ്വദിക്കുകയും സ്നേഹചുംബനങ്ങളേകുകയും ചെയ്തു. ഒരു കുഞ്ഞിനെ പാപ്പാ എടുത്തു പിടിച്ചപ്പോള്‍ ആനന്ദാരവങ്ങള്‍ പൂര്‍വ്വാധികം ശക്തമായി. കുഞ്ഞിനെ തിരികെ ഏല്പിച്ചു നടന്നു നീങ്ങിയ പാപ്പായ്ക്ക് ചിലര്‍ ചെറുസമ്മാനങ്ങളേകി. മറ്റുചിലരാകട്ടെ തങ്ങള്‍ കൊണ്ടുവന്ന സാധാനങ്ങള്‍ പാപ്പായെക്കൊണ്ടാശീര്‍വദിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു:

എന്നാല്‍ എന്‍റെ സഹോദരരേ, ആ ദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധകാരത്തിലല്ല കഴിയുന്നത്. നിങ്ങളെല്ലാവരും പ്രകാശത്തിന്‍റെയും പകലിന്‍റെയും പുത്രന്മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്‍റെയോ മക്കളല്ല.... പകലിന്‍റെ   മക്കളായ നമുക്ക് വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ച് സുബോധമുള്ളവരായിരിക്കാം. എന്തെന്നാല്‍ നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കണമെന്നാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത്. ഉറക്കത്തിലും ഉണര്‍വ്വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്.”

തെസലോണിയക്കാര്‍ക്കുള്ള ഒന്നാം ലേഖനം, അദ്ധ്യായം 5, വാക്യങ്ങള്‍ 4 ഉം 5ഉം, 8 മുതല്‍ 10 വരെയും.

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയുടെ ഭാഗമായി, പ്രത്യാശയാകുന്ന പടത്തൊപ്പിയെക്കുറിച്ച് വിചിന്തനം ചെയ്തു.  പാപ്പായുടെ പ്രസ്തുത പരിചിന്തനം ഇപ്രകാരം സംഗ്രഹിക്കാം:

കഴിഞ്ഞുപോയ പ്രബോധനങ്ങളില്‍ ക്രിസ്തീയ പ്രത്യാശയെക്കുറിച്ചു നാം പരിചിന്തനം ചെയ്തത് പഴയനിയഗ്രന്ഥത്താളുകളില്‍ ചിലത് ആ വീക്ഷണത്തില്‍ പുനരനുവാചനം ചെയ്തുകൊണ്ടായിരുന്നു. ഇനി നമ്മള്‍, യേശുവും പെസഹാസംഭവും പ്രതിനിധാനം ചെയ്യുന്ന പുതുമയുമായുള്ള സമാഗമത്തില്‍ പ്രത്യാശയെന്ന പുണ്യം പുതിയനിയമത്തില്‍ ആര്‍ജ്ജിക്കുന്ന അസാധാരണ ശക്തി വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ക്രിസ്തീയ പ്രത്യാശ. ക്രൈസ്തവരായ നാം പ്രത്യാശയുടെ സ്ത്രീപുരുഷന്മാരാണ്.

പൗലോസ് അപ്പസ്തോലന്‍ തെസലോണിക്കാക്കാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ തുടങ്ങി ഇത് പ്രസ്പഷ്ടമാണ്. നാം ശ്രവിച്ച വിശുദ്ധഗ്രന്ഥ വചനങ്ങളില്‍ നമുക്ക് പ്രഥമ ക്രൈസ്തവ പ്രഘോഷണത്തിന്‍റെ  പുതുമയും മനോഹാരിതയും ദര്‍ശിക്കാനാകും. രൂപം കൊണ്ടിട്ട് അധികനാള്‍ ആയിട്ടില്ലാത്ത യുവസമൂഹം ആയിരുന്നു തെസലോണിക്കയിലേത്. എന്നിരുന്നാലും, ബുദ്ധിമുട്ടുകളും നിരവധിയായ പരീക്ഷണങ്ങളും ഉണ്ടായിട്ടും വിശ്വാസത്തില്‍ ഉറച്ചു നില്ക്കുകയും കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനം ഉത്സാഹത്തോടും ആനന്ദത്തോടും ആഘോഷിക്കുകയും ചെയ്യുന്ന ഒരു സമൂഹം. അപ്പോള്‍ പൗലോസ് അപ്പസ്തോലന്‍ സകലരുമായി തന്‍റെ  ആനന്ദം പങ്കുവയ്ക്കുന്നു. എന്തെന്നാല്‍ പെസഹായില്‍ പുനര്‍ജനിക്കുന്നവരെല്ലാം ക്രിസ്തുവുമായുള്ള കൂട്ടായമയുടെ ശക്തിയാല്‍ “വെളിച്ചത്തിന്‍റെയും പകലിന്‍റെയും മക്കളാണ്”. അങ്ങനെയാണ് പൗലോസ് അപ്പസ്തോലന്‍ അവരെ വിശേഷിപ്പിക്കുന്നത്.

ക്രിസ്തുവിന്‍റെ പെസഹാസംഭവത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ രൂപംകൊണ്ടതായ സമൂഹത്തിനാണ്, തെസ്സലോണിക്കക്കാര്‍ക്കാണ് വിശുദ്ധ പൗലോസ് എഴുതുന്നത്. അതുകൊണ്ടുതന്നെയാണ് പൗലോസ് ശ്ലീഹാ, ചരിത്രത്തെയും ഓരോ വ്യക്തിയുടെ ജീവിതത്തെയും സംബന്ധിച്ചിടത്തോളം അദ്വിതീയവും നിര്‍ണ്ണായകവും ആയ കര്‍ത്താവിന്‍റെ പുനരുത്ഥാനസംഭവത്തിന്‍റെ സകല ഗുണങ്ങളും അനന്തര ഫലങ്ങളും  മനസ്സിലാക്കിത്തരാന്‍ ശ്രമിക്കുന്നത്. യേശുവിന്‍റെ   പുനരുത്ഥാനം മനസ്സിലാക്കുക ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല, യേശുവിന്‍റെ പുനരുത്ഥാനം അവര്‍ വിശ്വസിച്ചു. എന്നാല്‍ മൃതരുടെ പുനരുത്ഥാനത്തില്‍ വിശ്വസിക്കുക എളുപ്പമായിരുന്നില്ല. ഈയൊരു വീക്ഷണത്തില്‍ തെസലോണിക്കക്കാര്‍ക്കുള്ള ഈ ലേഖനം ഏറെ പ്രസക്തമാണ് ഇന്ന്. നമുക്കും സംശയങ്ങള്‍ ഉയരുന്നു, നമ്മുടെ സകല ബലഹീനതകളോടും കൂടെ നാം ചോദിക്കുന്നു “ മരണാനന്തര ജീവിതം യാഥാര്‍ത്ഥ്യമാണോ? ഞാന്‍ സ്നേഹിച്ച വ്യക്തിയെ  എനിക്ക് വീണ്ടും കാണാനും ആശ്ലേഷിക്കാനും സാധിക്കുമോ? ഇത്തരമൊരു ചോദ്യം ഏതാനും ദിനങ്ങള്‍ക്കു മുമ്പ് ഒരു കൂടിക്കാഴ്ചാവേളയില്‍ ഒരു സ്ത്രീ എന്നോടു ഉന്നയിക്കുകയുണ്ടായി. എന്‍റെ പ്രിയപ്പെട്ടവരെ എനിക്ക് കാണാന്‍ സാധിക്കുമോ എന്നാണ് ആ മഹിള എന്നോടു ചോദിച്ചത്. ഇന്നിന്‍റെ ചുറ്റുപാടില്‍ നമ്മളും നമ്മുടെ വിശ്വാസത്തിന്‍റെ വേരുകളിലേക്ക്, അടിത്തറയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. മരണത്തിന്‍റെ പൊരുളെന്ത്? നമുക്കെല്ലാവര്‍ക്കും മരണത്തെ, ഈ അനിശ്ചിതത്ത്വത്തെ അല്പം പേടിയാണല്ലേ? ഒരു വൃദ്ധന്‍ എന്നോടു പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു: ” മരണത്തെ എനിക്കു ഭയമില്ല; എന്നാല്‍ അതു വരുന്നതു കാണാന്‍ എനിക്ക് ചെറിയ പേടിയുണ്ട്”

സമൂഹത്തിന്‍റെ ഭയത്തിനും സംഭ്രാന്തികള്‍ക്കും മുന്നില്‍ പൗലോസ്, അവരെ ക്ഷണിക്കുന്നത് പരീക്ഷണങ്ങളിലും ജീവിതത്തിലെ ക്ലേശകരമായ നിമിഷങ്ങളിലും, സര്‍വ്വോപരി, രക്ഷയെക്കുറിച്ചുള്ള പ്രത്യാശയെ പടത്തൊപ്പിപോലെ ശിരസ്സില്‍ ധരിക്കാനാണ്. അതെ, ഒരു പടത്തൊപ്പിയാണ് ക്രിസ്തീയ പ്രത്യാശ. പൂര്‍ത്തിയാക്കപ്പെട്ട എന്തൊ ഒന്നിനായുള്ള കാത്തിരിപ്പാണ് ക്രിസ്തീയ പ്രത്യാശ. തീര്‍ച്ചയായും അത് നമുക്കോരോരുത്തര്‍ക്കുമായി സാക്ഷാത്കരിക്കപ്പെടും. നമ്മുടെയും മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെയും ഉയിര്‍ത്തെഴുന്നേല്‍പ് സംഭവിക്കുകയൊ സംഭവിക്കാതരിക്കുകയൊ ചെയ്യുന്ന ഒന്നല്ല മറിച്ച് ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ രൂഢമൂലമായ ഒരു യാഥാര്‍ത്ഥ്യമാണ്, ആകയാല്‍ പ്രത്യാശിക്കുകയെന്നാല്‍ പ്രതീക്ഷ ജീവിക്കാന്‍ പഠിക്കലാണ്. “എനിക്കു ന്യായം നടത്തിത്തരുന്നവന്‍ ജീവിക്കുന്നെന്നും അവസാനം അവിടന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാന്‍ അറിയുന്നു.... ഞാന്‍ ദൈവത്തെ കാണും.... എന്‍റെ കണ്ണുകള്‍ അവിടത്തെ ദര്‍ശിക്കും” എന്ന് ഉദ്ഘോഷിക്കാന്‍ ജോബിനെ പ്രാപ്തനാക്കിയത് ഈ സമ്പൂര്‍ണ്ണ പ്രത്യാശയാണ്. അങ്ങനെ നാം സദാ ദൈവത്തോടൊപ്പമായിരിക്കും. ഇതു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എല്ലാവരും എന്നോടൊപ്പം മൂന്നു തവണ ആവര്‍ത്തിക്കുക “നമ്മള്‍ സദാ കര്‍ത്താവിനോടു കൂടെ ആയിരിക്കും.... “നമ്മള്‍ സദാ കര്‍ത്താവിനോടു കൂടെ ആയിരിക്കും .. “നമ്മള്‍ സദാ കര്‍ത്താവിനോടു കൂടെ ആയിരിക്കും” നന്ദി.    

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.ആംഗലഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ പാപ്പാ, ഗാനാലാപനത്തിലൂടെ ദൈവത്തെ സ്തുതിച്ച ഗായകസംഘത്തിന് നന്ദി പറഞ്ഞു.

നല്ല കാലാവസ്ഥയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആഗോളകത്തോലിക്കാപ്രസ്ഥാനത്തിന്‍റെ പ്രതിനിധികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്യുകയും നമ്മുടെ പൊതുഭവനമായ ഭൂമിയെ, സാമൂഹ്യ പാരിസ്ഥിതികങ്ങളായ ഗുരുതരപ്രതിസന്ധിയുടെതായ ഇക്കാലഘട്ടത്തില്‍, കാത്തുപരിപാലിക്കാന്‍ ഈ പ്രസ്ഥാനം നടത്തുന്ന യത്നങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഭൂമിയുടെയും ദരിദ്രരുടെയും രോദനങ്ങളോടു നിശ്ചയദാര്‍ഢ്യത്തോടെ പ്രത്യുത്തരിക്കാന്‍ പ്രാദേശിക സഭകള്‍ക്ക് കഴിയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പാപ്പാ ഈ ആഗോളകത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ  പ്രതിനിധികള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

കാരുണ്യനാഥയുടെ തിരുച്ചിത്രവുമായി എത്തിയിരുന്ന സംഘത്തെയും പാപ്പാ അഭിവാദ്യം ചെയ്തു. കാരുണ്യമെന്ന പുണ്യം അനുദിനജീവിത്തിന്‍റെ  ഭാഗമായിത്തീരുന്നതിനായി കാരുണ്യപ്രവര്‍ത്തനം തുടരാന്‍ പാപ്പാ ഏല്ലാവര്‍ക്കും  പ്രോത്സാഹനമേകി.

പതിവുപോലെ, പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത്, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ ഫെബ്രുവരി 2ന് കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാളും ലോക സമര്‍പ്പിതജീവിത ദിനവും ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.

സുവിശേഷോപദേശങ്ങള്‍ ഏറ്റുപറയാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ അവരുടെ ജീവിത സാക്ഷ്യത്താല്‍ ലോകത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹവും സുവിശേഷത്തിന്‍റെ കൃപയും പരത്തുന്നതിനായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.   

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാന്‍സീസ് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി 








All the contents on this site are copyrighted ©.