2017-02-01 17:35:00

കനഡിയിലെ മോസ്ക്ക് അക്രമത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം


കനഡയില്‍ ക്യുബെക്ക് നഗരത്തിലെ മോസ്ക്കിലുണ്ടായ അക്രമത്തില്‍ സ്ഥലത്തെ മെത്രാപ്പോലീത്തവഴി പാപ്പാ ഫ്രാന്‍സിസ് സാന്ത്വനം പ്രകടമാക്കി.

ക്യുബെക്കിന്‍റെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജെരാള്‍ഡ് സിപ്രിയന്‍ ലക്രോയ് ജനുവരി 29-Ɔ൦ തിയതി ഞായറാഴ്ച വത്തിക്കാനിലെത്തിയത് പാപ്പാ ഫ്രാന്‍സിസിനെ കാണാനും സഭാകാര്യങ്ങള്‍ പങ്കുവയ്ക്കുനുമായിരുന്നു. അതിനിടെ അന്നു സായാഹ്നത്തിലാണ് തന്‍റെ അതിരൂപതാ കേന്ദ്രത്തിനു സമീപം ക്യുബെക്ക് നഗരത്തിലെ മോസ്ക്കിലുണ്ടായ അക്രമത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ലക്രോയ്ക്ക് കനഡയില്‍നിന്നും വാര്‍ത്ത ലഭിച്ചത്.

ജനുവരി 30, തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പായ്ക്കൊപ്പം കാര്‍ദ്ദിനാള്‍ ലക്രോയ് ദിവ്യബലിയില്‍ പങ്കെടുത്തു. ക്യുബെക്ക് നഗരത്തിലെ തന്‍റെ മെത്രാസന മന്ദിരത്തില്‍നിന്നും ഏറെ വിദൂരത്തല്ലാത്ത ഇസ്ലാമിക കേന്ദ്രത്തിന്‍റെ പ്രാര്‍ത്ഥനാലയത്തിലുണ്ടായ അക്രമത്തിന്‍റെ ദുഃഖവാര്‍ത്ത ദിവ്യബലിക്കുശേഷം പാപ്പാ ഫ്രാന്‍സിസുമായി കര്‍ദ്ദിനാള്‍ ലക്രോയ് പങ്കുവച്ചു. നമസ്ക്കിരിക്കുകയായിരുന്ന മുസ്ലിം സഹോദരങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും കുറെപ്പേര്‍ മുറിപ്പെടുകയുംചെയ്ത വാര്‍ത്തയിലുള്ള ദുഃഖം കര്‍ദ്ദിനാള്‍ ലക്രോയി പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചു. വത്തിക്കാനിലെ പരിപാടികള്‍ മാറ്റിവച്ച് ക്യുബെക്കിലേയ്ക്ക് അന്നുതന്നെ മടങ്ങാനും ജനങ്ങളുടെ കൂടെയായിരിക്കാനും കര്‍ദ്ദിനാളിനോട് പാപ്പാ ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ ലക്രോയ് അന്നുതന്നെ നാട്ടിലേയ്ക്ക് യാത്രതിരിച്ചു.

കനഡയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ അമേരിക്കയോടു ചേര്‍ന്നു കിടക്കുന്ന പുരാതന നഗരമാണ് ക്യുബെക്ക്. പൊതുവെ പ്രശാന്തമായ നഗരത്തിലെ കൂട്ടക്കുരുതിയിലും, അത് കാരണമാക്കിയ ഭീതിയിലും ദുഃഖിക്കുന്ന കര്‍ദ്ദിനാള്‍ ലക്രോയിയെ പാപ്പാ ഫ്രാന്‍സിസ് ആശ്ലേഷിച്ച് സാന്ത്വനപ്പെടുത്തുകയും, രമ്യതയ്ക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പുനല്കിക്കൊണ്ടുമാണ് യാത്രയാക്കിയത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ജനുവരി 31-Ɔ൦ തിയതി ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്യുബെക്ക് നഗരത്തിലെ മുസ്ലിം കേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കുകയായിരുന്ന നിര്‍ദ്ദോഷികളെ അതിക്രമിച്ചുകടന്ന് വെടിവെച്ചു വീഴ്ത്തിയ കനേഡിയന്‍ സ്വദേശി 27-വയസ്സുകാരന്‍ ബിസ്സോണെയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. 








All the contents on this site are copyrighted ©.