2017-01-31 12:23:00

വത്തിക്കാന്‍റെ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ജപ്പാനില്‍


കത്തി എരിയുന്ന ജീവസമര്‍പ്പണമാണ് സന്ന്യസം. ജപ്പാന്‍ സന്ദര്‍ശനത്തിനിടയിലാണ് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ജനുവരി 28-Ɔ൦ തിയതി ശനിയാഴ്ച ജപ്പാനിലെ ടോക്കിയോ നഗരത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ദേവാലയത്തില്‍  സന്ന്യസ്തരുടെ ദേശീയ പ്രതിനിധികള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കവെ നല്കിയ വചനവിചിന്തനത്തിലാണ് വിശുദ്ധ മരിയ വിയാന്നിയെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പ്രഭാഷണത്തില്‍ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തിന് അടിത്തറപാകിയത് സന്ന്യസ്തരായ മിഷണറിമാരാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വചനപ്രഭാഷണത്തിന് ആമുഖമായി പ്രസ്താവിച്ചു. നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ പൗരോഹിത്യത്തില്‍ പങ്കുചേരുകയും ലോകരക്ഷാര്‍ത്ഥം അവിടുന്നു ചെയ്ത ജീവസമര്‍പ്പണത്തെ അനുകരിച്ച് മനുഷ്യരക്ഷയ്ക്കായി സന്നസ്യതര്‍ സ്വയാര്‍പ്പണംനടത്തുകയും, ഉരുകി ഉരുകിത്തീരുന്ന മെഴുതിരിയായി മാറുന്നതുമാണ് സന്ന്യാസ സമര്‍പ്പണമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ഉപമിച്ചു. തന്‍റെ ജനത്തിന്‍റെ പാപപൊറുതിക്കും ജനങ്ങളുടെ ശുശ്രൂഷയ്ക്കുമായി ക്രിസ്തു കരുണാര്‍ദ്രനും വിശ്വസ്തനുമായ പുരോഹിതനായി ജീവന്‍ സമര്‍പ്പിച്ചു (ഹെബ്രായര്‍ 2, 14-18). അതുപോലെ സന്ന്യാസസമര്‍പ്പണം ക്രിസ്ത്വാനുകരണവും, അവിടുത്തെ ശ്രേഷ്ഠപൗരോഹിത്യത്തിലുള്ള പങ്കാളിത്തവുമാകണം.

1. ലോകത്തെ തിന്മയില്‍നിന്നു മോചിക്കാന്‍ ക്രിസ്തു രക്ഷകനായി അവതരിച്ചു  (മത്തായി 1, 21). ആ രക്ഷാദൗത്യത്തില്‍ പങ്കുചേരുകയാണ് ക്രൈസ്തവര്‍.

2. സഹോദരങ്ങളുടെ രക്ഷയ്ക്കായി ക്രിസ്തു അവരില്‍ ഒരുവനായി അവരിലേയ്ക്ക് ഇറങ്ങിച്ചെന്നതുപോലെ, സന്ന്യസ്തരും സഹോദരങ്ങളിലേയ്ക്ക് വിശിഷ്യാ പാവങ്ങളിലേയ്ക്കും പരിത്യക്തരിലേയ്ക്കും ഇറങ്ങിച്ചെല്ലണം. മനുഷ്യരുടെ യാതനകളില്‍ പങ്കുചേര്‍ന്നുകൊണ്ട് കരുണയോടും വിശ്വസ്തതയോടുംകൂടെ ദൈവശുശ്രൂഷചെയ്ത ശ്രേഷ്ഠപുരോഹിതനായ ക്രിസ്തുവിനെ പിന്‍ചെല്ലുവാനുള്ള വിളിയാണ് സന്ന്യാസമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വചനഭാഗത്തെ ആധാരമാക്കി ഉദ്ബോധിപ്പിച്ചു.

3. ക്രൈസ്തവജീവിതം ക്രിസ്ത്വാനുകരണത്തിനുള്ള വിളിയാണെങ്കില്‍, അതിലുമേറെ മൗലികവും ശ്രേഷ്ഠതരവുമായ സമര്‍പ്പണമായിരിക്കണം സന്ന്യാസം. അത് ക്രിസ്തുവിനോടുള്ള സാരൂപ്യപ്പെടലും ആത്മീയമായി അവിടുത്തോടുള്ള ഒത്തുചേരലും, സഹോദരങ്ങളെ ശുശ്രൂഷിക്കാനുള്ള  ജീവസമര്‍പ്പണവും, തിരഞ്ഞെടുപ്പുമാണെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ ഉദ്ബോധിപ്പിച്ചു.

ജനുവരി 27-ന് ആരംഭിച്ച ആര്‍ച്ചുബിഷപ്പ് ഗ്യാലഹറിന്‍റെ ജപ്പാന്‍ സന്ദര്‍ശനം ഫെബ്രുവരി  3-വരെ നീണ്ടുനില്ക്കും.

ഏഷ്യന്‍ രാജ്യമായ ജപ്പാനില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ ഒരു ശതമാനം –  30 ലക്ഷത്തോളം മാത്രമാണ് ആകെ ക്രൈസ്തവര്‍. അതില്‍ ശരാശരി 6 ലക്ഷംപേര്‍ മാത്രമാണ് കത്തോലിക്കര്‍. ടോക്കിയോ അതിരൂപത കേന്ദ്രീകരിച്ച് 16 രൂപതകളുണ്ട് ജപ്പാനില്‍. ഭാരതത്തിന്‍റെ ദ്വിതീയാപ്പസ്തോലന്‍, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ജപ്പാന്‍റെയും പ്രേഷിതനും മദ്ധ്യസ്ഥനുമാണ്.

16-Ɔ൦ നൂറ്റാണ്ടില്‍ ഈശോസഭാംഗങ്ങളും ഫ്രാന്‍സിസ്ക്കന്‍ സഭാംഗങ്ങളുമാണ് ബൗദ്ധമതരാഷ്ട്രമായ ജപ്പാനില്‍ ക്രിസ്തുവെളിച്ചം പകര്‍ന്നത്. വിശുദ്ധനായ മാക്സ്മീലിയന്‍ കോള്‍ബെയാണ് ആധുനിക കാലത്ത് ജപ്പാനില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ്ക്കന്‍ മിഷണറി.

 








All the contents on this site are copyrighted ©.