2017-01-30 19:43:00

ഗാന്ധിജിയുടെ അഹിംസാമാര്‍ഗ്ഗവും പാപ്പായുടെ വിശ്വശാന്തിസന്ദേശവും


ഗാന്ധിജി പഠിപ്പിച്ച അഹിംസാമാര്‍ഗ്ഗം ലോകസമാധാനത്തിന്‍റെ പാതയില്‍ നിര്‍ണ്ണായമായ ഫലപ്രാപ്തി നേടിയിട്ടുണ്ട്.   2017-Ɔമാണ്ടിലെ വിശ്വശാന്തിദിന സന്ദേശത്തിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസ്താവമാണിത്.

രാഷ്ട്രപിതാവായ ഗാന്ധിജിയുടെ സമാധിദിനത്തോടു ചേര്‍ന്നുവന്ന ഞായറാഴ്ച, ജനുവരി 29-Ɔ൦ തിയതിയാണ് ഭാരതസഭ ഇക്കുറി വിശ്വശാന്തിദിനം ആചരിച്ചത്. പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനസന്ദേശം ഭാരതത്തിലെ ദേവാലയങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഗാന്ധിജിയുടെയും അഹിംസയുടെയും ചിന്ത ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയില്‍ ഗാന്ധിജിയും ഖാന്‍ അബ്ദുള്‍ ജാഫര്‍ ഖാനും നല്കിയിട്ടുള്ള അഹിംസാമാര്‍ഗ്ഗങ്ങള്‍ പാപ്പാ അനുസ്മരിച്ചോള്‍, വര്‍ണ്ണവിവേചനത്തിനെതിരെ മാര്‍ട്ടിന്‍  ലൂതര്‍ കിങ് ജൂനിയര്‍ അമേരിക്കയില്‍ നടത്തിയ അഹിംസാസിദ്ധാന്തത്തില്‍  അടിയുറച്ച  രാഷ്ട്രീയ നയങ്ങളും ത്യാഗപൂര്‍ണ്ണമായ നീക്കങ്ങളും പാപ്പാ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.

ഗാന്ധിജി കാണിച്ചുതന്ന അഹിംസാമാര്‍ഗ്ഗം നീചമായ കീഴടങ്ങലല്ല. അത് അലസതയോ നിസംഗതയോ അല്ല.  അക്രമത്തെ വെല്ലുന്ന ശക്തിയാണ് അഹിംസ. 2017-ലെ പുതുവത്സരനാളില്‍ പ്രബോധിപ്പിച്ച  50-‍Ɔമത് ലോക ശാന്തിദിന സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഗാന്ധിജിയുടെ അഹിംസാമാര്‍ഗ്ഗത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ളത്.

നോബല്‍ സമ്മാന സ്വീകരണവേദിയില് 1997-ല്‍ കല്‍ക്കട്ടയിലെ മദര്‍ തെരേസ പങ്കുവച്ച  അഹിംസയുടെ കര്‍മ്മബദ്ധമായ ചിന്തകളും പാപ്പാ സന്ദേശത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. “കുടുംബങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ വിനാശകരമാകുന്ന തോക്കോ ബോംബോ നമുക്ക് ആവശ്യമില്ല. കുടുംബത്തില്‍ നാം ഒത്തുചേരുകയും, പരസ്പരം ക്ഷമിക്കുകയും സ്നേഹിക്കുകയുമാണ് വേണ്ടത്. അങ്ങനെ തിന്മയെ നമുക്ക് കീഴടക്കാം.  ലോകത്തുള്ള തിന്മയെ കീഴടക്കാന്‍ അഹിംസയുടെ വഴികള്‍ക്ക് കരുത്തുണ്ട്.”   “ആയുധങ്ങളുടെ ശക്തി വഞ്ചനാത്മകമാണ്. ആയുധവിപണനം നടത്തി ചിലര്‍ ലാഭംകൊയ്യുമ്പോള്‍  സജീവമായ അഹിംസാ രാഷ്ട്രീയ ശൈലിയിലൂടെ പടിപടിയായി ആദ്യം ഒരാള്‍ക്കും, പിന്നെ മറ്റുള്ളവര്‍ക്കുമായി ജീവന്‍ സമര്‍പ്പിക്കുവാനും,  മുറിപ്പെട്ട ലോകത്തെ സുഖപ്പെടുത്തുവാനും ശ്രമിക്കുന്ന എളിമയുള്ള നന്മയുടെയും സമാധാനത്തിന്‍റെയും പ്രയോക്താക്കള്‍ ലോകത്തു ധാരാളമുണ്ട്.”

സമാധാനത്തിനുള്ള രാഷ്ട്രീയ ശൈലിയായി ‘അഹിംസയെ സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍  സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്യുന്നു. നമ്മുടെ ഏറ്റവും വ്യക്തിപരമായ ചിന്തകളിലും മൂല്യബോധങ്ങളിലും അംഹിസ ഉള്‍ക്കൊള്ളാനും വളര്‍ത്തിയെടുക്കാനും സഹായിക്കണമേ, എന്ന് പാപ്പാ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. പരസ്പര ബന്ധങ്ങളില്‍, അത് സമൂഹത്തിലായാലും രാജ്യാന്തര തലത്തിലായാലും, കുടുംബത്തിലായാലും സ്നേഹവും അഹിംസയുമാണ്,  സ്നേഹത്തില്‍ അധിഷ്ഠിതമായ അഹിംസയാണ്  നമ്മെ നയിക്കേണ്ടത്.  അതിക്രമങ്ങള്‍ക്ക് ഇരകളായവര്‍ തിരിച്ചടിക്കുവാനുള്ള  പ്രലോഭനങ്ങളെ അതിജീവിക്കുമ്പോള്‍, അവര്‍ അഹിംസാമാര്‍ഗ്ഗത്തിലെ ഏറ്റവും വിശ്വാസയോഗ്യരായ സമാധാനത്തിന്‍റെ പ്രയോക്താക്കളായിത്തീരുന്നു. പ്രാദേശികമായ വളരെ സാധാരണ ചുറ്റുപാടുകളിലും രാജ്യാന്തരതലത്തിലും നമ്മുടെ തീരുമാനങ്ങളുടെയും പരസ്പരബന്ധങ്ങളുടെയും പ്രവൃത്തികളുടെയും  മാത്രമല്ല,  എല്ലാത്തരത്തിലുമുള്ള രാഷ്ട്രീയ ജീവിതത്തിന്‍റെയും പ്രേരകശക്തി അഹിംസയായിരിക്കട്ടെ!

 Here below is the link for the full message of Pope Francis in Malayalam :

http://ml.radiovaticana.va/storico/2017/01/02/ml_message_of_peace/1283227








All the contents on this site are copyrighted ©.