2017-01-28 12:52:00

ലൗകികതയുടെ മാനദണ്ഡങ്ങള്‍ക്ക് അടിയറവു പറയരുത്- പാപ്പാ


പ്രാപഞ്ചികതയുടെ മാനദണ്ഡങ്ങള്‍ക്ക് അടിയറവു പറയാതെ സുവിശേഷത്തിന്‍റെ  യുക്തിക്കനുസൃതം ജീവിക്കാന്‍ മാര്‍പ്പാപ്പാ സമര്‍പ്പിതരെ ആഹ്വാനം ചെയ്യുന്നു.

സമര്‍പ്പിതജീവിത സ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള സംഘത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ നൂറോളം പേരുടെ സംഘത്തെ ശനിയാഴ്ച (28/01/17) വത്തിക്കാനില്‍ പൊതുവായി സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈ മാസം 26 മുതല്‍ 28 വരെ (26-28/01/17) ആയിരുന്നു ഈ സമ്പൂര്‍ണ്ണ സമ്മേളനം.

സമര്‍പ്പിതജീവിതസമൂഹങ്ങള്‍ സവിശേഷ ശ്രദ്ധപതിക്കേണ്ട കാര്യങ്ങളില്‍ ഒന്ന് സമൂഹത്തിനകത്ത് നയിക്കപ്പെടേണ്ട സാഹോദര്യ ജീവിതമാണെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ കൂട്ടായ പ്രാര്‍ത്ഥന, ദൈവവചന പാരായണം, വിശുദ്ധ കുര്‍ബ്ബാന, പാപസങ്കീര്‍ത്തനം എന്നീ കൂദാശകളില്‍ സജീവ ഭാഗഭാഗിത്വം, സാഹോദര്യസംഭാഷണം, സമൂഹാംഗങ്ങള്‍ തമ്മിലുള്ള ആത്മാര്‍ത്ഥമായ വിനിമയം, തെറ്റു ചെയ്യുന്ന അംഗത്തെ സാഹോദര്യ ഭാവത്തോടെ തിരുത്തല്‍, ആ സഹോദരനോടൊ, സഹോദരിയോടൊ ഉള്ള കാരുണ്യം, കൂട്ടുത്തരവാദിത്വം എന്നിവയാല്‍ പോഷിതമാകണം ഈ സോഹോദര്യജീവിതമെന്ന് ഓര്‍മ്മിപ്പിച്ചു.

ലൗകികവ്യവഹാരങ്ങള്‍ക്ക് നമ്മെ അടിമകളാക്കിത്തീര്‍ക്കുന്നതായ സംസ്കാരങ്ങളില്‍, ശകലങ്ങളുടെയും താല്‍ക്കാലികതയുടെയുമായ സംസ്കാരങ്ങളിലാണ് നാം ജീവിക്കുന്നതെന്നനുസ്മരിച്ച പാപ്പാ ഇന്നത്തെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലം സമര്‍പ്പിത ജീവിതത്തില്‍ വിശ്വസ്തത നിലനിറുത്തുന്നതിന് അനുകൂലമല്ല എന്ന വസ്തുത എടുത്തുകാട്ടുകയും സമര്‍പ്പിതജീവിതത്തെയും സഭയുടെതന്നെ ജീവിതത്തെയും ബലഹീനമാക്കുന്ന ഒരുതരം “രക്തസ്രാവ”ത്തിന്‍റെ മുന്നിലാണ് നാം ഇന്ന് എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയതു.

ധാര്‍മ്മിക-നൈതികമൂല്യങ്ങളുടെ സ്ഥാനം സാമ്പത്തിക നിയമങ്ങള്‍ കയ്യടക്കിയിരിക്കുന്നതും പാപ്പാ ഈ പശ്ചാത്തലത്തില്‍ അനുസ്മരിച്ചു.

സമര്‍പ്പിതജീവിതം ഉപേക്ഷിച്ചുപോകുന്നവരുടെ സംഖ്യ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണെന്നു പറഞ്ഞ പാപ്പാ ചിലര്‍ ഈ ജീവിതാന്തസ്സ് ഉപേക്ഷിച്ചു പോകുന്നത്, ആ വിളിയില്ല എന്ന്, ഗൗരവമായ മനനത്തിനുശേഷം തിരിച്ചറിയുന്നതിനെ തുടര്‍ന്നാണെന്നും എന്നാല്‍ മറ്റു ചിലരാകട്ടെ വിശ്വസ്തരായി നിലകൊള്ളുന്നതില്‍ പരാജയപ്പെടുന്നതിനെതുടര്‍ന്നാണെന്നും വിശദീകരിച്ചു.

ലൗകികത പ്രബലപ്പെട്ട സാമൂഹ്യസാസ്കാരിക ചുറ്റുപാടിനു പുറമെ സമര്‍പ്പിത ജീവിതസമൂഹത്തിനകത്തുതന്നെ സംജാതമാകുന്ന “വിരുദ്ധ സാക്ഷ്യ”ത്തിന്‍റെ അവസ്ഥയും വിശ്വസ്തതയോടെ ജീവിക്കുക ആയാസകരമാക്കിത്തീര്‍ക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

സമര്‍പ്പിതജീവിതാന്തസ്സു തിരഞ്ഞെടുക്കുന്ന ഉദാരമാതികളായ നിരവധിയുവജനങ്ങള്‍ ഉണ്ടെന്ന വസ്തുതയില്‍ സന്തുഷ്ടി പ്രടിപ്പിക്കുന്ന പാപ്പാ പ്രാപഞ്ചികതയുടെ യുക്തിക്കിരകളാക്കുന്ന അനേകരുണ്ടെന്നും അവരിലേക്ക് സുവിശേഷത്തിന്‍റെയും ക്രിസ്തുവിന്‍റെതായിരിക്കുന്നതിന്‍റെയും ആനന്ദം പകരുകയെന്ന ദൗത്യം എല്ലാവര്‍ക്കുമുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. 








All the contents on this site are copyrighted ©.