2017-01-28 15:26:00

അഷ്ടഭാഗ്യധ്യാനം : ദൗര്‍ഭാഗ്യങ്ങളൊക്കെ ദൈവം സൗഭാഗ്യങ്ങളാക്കും


പുതിയ നിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പത്രാധിപരുമായ  ഡോക്ടര്‍ ജേക്കബ് നാലുപറ എം.സി.ബി.എസ്സി-ന്‍റെ വചനവിചിന്തനമാണിത്:

ണ്ടു കൂട്ടുകാര്‍ കണ്ടുമുട്ടിയപ്പോള്‍ ഒരാള്‍ പറഞ്ഞു, എടാ.. ജെയ്മോന്‍ എത്ര ഭാഗ്യവാനാണ്. അവനിപ്പോ... എന്തിന്‍റെ കുറവാണ്? അവന്‍റെ ഭാര്യ യു.കെ.യിലേയ്ക്കോ, ലണ്ടനിലേയ്ക്കോ പോയി. ലണ്ടനില്‍പ്പോയ ഭാര്യ ഒരു വര്‍ഷത്തിനുശേഷം അവധിക്ക് വീട്ടിലേയ്ക്കു വരികയാണ്. വരുന്നതിനുമുന്‍പ് അവിടുന്നു ഫോണ്‍ വിളിക്കുന്നു. അവള്‍ക്ക് നാലുവയസ്സുള്ളൊരു കുഞ്ഞുണ്ട്. കുഞ്ഞിനെ വീട്ടില്‍ ആക്കിയിട്ടാണ് പോയത്. ആ കുഞ്ഞിന്‍റെ കൈയ്യില്‍ ഫോണ്‍ കൊടുത്തിട്ട് അമ്മ ചോദിക്കുകയാണ്. മമ്മി വരുമ്പോള്‍ മോള്‍ക്ക് എന്നതാ, സമ്മാനം കൊണ്ടുവരേണ്ടത്? ആദ്യം അവളൊന്നും മിണ്ടിയില്ല. വീണ്ടും ചോദ്യം അമ്മ ആവര്‍ത്തിച്ചു. മൂന്നാമതും ചോദിച്ചപ്പോള്‍ മടിച്ചുനിന്ന കുഞ്ഞു പറഞ്ഞു. മമ്മീ, അവധിക്കു വരുമ്പം സമ്മാനമൊന്നും കൊണ്ടുവരണ്ട! മമ്മി വന്നിട്ട് പോവാതിരുന്നാല്‍ മതി!!

ഇന്നത്തെ സുവിശേഷത്തില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പദം ഇതാണ്. ഭാഗ്യവാന്മാര്‍, ഭാഗ്യവാന്മാര്‍... അല്ലെങ്കില്‍ അനുഗ്രഹീതര്‍ എന്നു വിവര്‍ത്തനംചെയ്യാവുന്ന പദമാണ്. ‘മകാരിയോസ്...’ എന്ന ഏകവചനത്തിന്‍റെ എന്ന് ഗ്രീക്കില്‍ ബഹുവചനമാണ് ‘മകാരിയോയി’ –ഇവിടെ  ഉപയോഗിച്ചിരിക്കുന്നത് – ഭാഗ്യവാന്മാര്‍! അല്ലെങ്കില്‍ അനുഗ്രഹീതര്‍! ‘അഷ്ടഭാഗ്യങ്ങള്‍’ Beatitudes എന്നാണ് ഇതിനെ നമ്മള്‍ വിശേഷിപ്പിക്കുന്നത്, വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 8 പ്രാവശ്യമല്ല, 9 പ്രാവശ്യം – ഭാഗ്യവാന്മാര്‍, ഭാഗ്യവാന്മാര്‍ എന്ന് യേശു വിളിക്കുന്നുണ്ട്. ഈശോ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത്. ഒന്ന് ആലോചിച്ചു നോക്കിയേ, ഇവിടെ 9 പ്രാവശ്യം ഈശോ ഭാഗ്യവാന്മാരെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു പറയുന്നതെല്ലാം തന്നെ സാധാരണ അനുഭവത്തില്‍ നാം നിര്‍ഭാഗ്യങ്ങളായി കരുതുന്നവയാണ്.. ഒന്ന് ദരിദ്രര്‍ ഭാഗ്യവാന്മാര്‍. ദരിദ്രരും ദാരിദ്ര്യവും, വലിയ ഭാഗ്യമൊന്നുമല്ലല്ലോ! നിര്‍ഭാഗ്യമല്ലേ?! കരയുന്നവര്‍ ഭാഗ്യവാന്മാര്‍! പീഡനം ഏല്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍! എന്നെപ്രതി അവഹേളിക്കപ്പെടുമ്പോള്‍ ഭാഗ്യം! തിന്മകള്‍ നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുമ്പോള്‍ ഭാഗ്യവാന്മാര്‍... സന്തോഷിക്കുവിന്‍! ഇതൊക്കെ സാധാരണ ജീവിതത്തില്‍ നാം ഭാഗ്യമായിട്ടു കരുതുന്ന കാര്യങ്ങളല്ല. മറിച്ച്, ഇവയൊക്കെ വലിയ നിര്‍ഭാഗ്യങ്ങളാണ് നമ്മുടെ സാധാരണ ജീവിതത്തില്‍. അങ്ങനെയെങ്കില്‍, മലയിലെ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ ഈശോ പറഞ്ഞുതരുന്നത്. എങ്ങനെ നമ്മുടെ ജീവിതത്തിലെ നിര്‍ഭാഗ്യങ്ങളെ ഭാഗ്യങ്ങളാക്കി രൂപാന്തരപ്പെടുത്താം.

നമ്മള്‍ ശ്രദ്ധിക്കുന്ന ഒരു വചനം ഇവിടെ എടുക്കുകയാണ്. “കരയുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും…!” ആശ്വസിപ്പിക്കാന്‍, എന്നെയും നിങ്ങളെയും... ജീവിതത്തിന്‍റെ വലിയ നൊമ്പരങ്ങളില്‍ കരയുന്നൊരാളെ ആശ്വസിപ്പിക്കാന്‍ ഒരാള്‍ ഉണ്ടായിരിക്കുക എന്നത് വലിയ ഭാഗ്യമാണ്. അതാണ് ഈശോ പറയുന്നത്. ജീവിതത്തില്‍ മനസ്സുനിറയെ സംഘര്‍ഷങ്ങള്‍ അനുഭവപ്പെടുന്ന അവസഹങ്ങളുണ്ട്. അപ്പോള്‍ ഇതെല്ലാം തുറന്നു പറയാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു നാം ആശിച്ചുപോകും. വേദനയുടെ അവസരങ്ങളില്‍ നൊമ്പരങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു സ്നേഹസാന്നിദ്ധ്യം, സാരമില്ല എന്നു പറയാന്‍ ഒരാള്‍, ഞാനുണ്ട് കൂടെ, പേടിക്കേണ്ട എന്നു പറഞ്ഞു ചേര്‍ത്തുനിറുത്താന്‍ ഓരേ കരസംരക്ഷണം​, എനിക്ക് ഏറ്റവും വലിയ സങ്കടവും ജീവിതക്ലേശവും വരുമ്പോള്‍ പൊട്ടിക്കരയാനും, എനിക്കൊരു കരവലയം, ഒരു മാറിടം! ആശ്വസിപ്പിക്കാന്‍ ഒരാള്‍ ഉണ്ടായിരിക്കുക ഭാഗ്യമാണ്. ആശ്വസിപ്പിക്കാനും, എന്നും നമ്മളെ ജീവിതത്തിന്‍റെ വലിയ നൊമ്പരങ്ങളില്‍ തുണയ്ക്കാനും ഒരാള്‍ ഉണ്ടായിരിക്കുക ഒരു ഭാഗ്യമാണ്. ഒരിക്കലും നാം അതൊരു കുറവും ബലഹീനതയുമായിട്ട് കരുതരുത്. പകരം ഹൃദയനൊമ്പരം അറിയുകയും ആശ്വസിപ്പിക്കുകയും ചെയ്യൊന്നൊരു ബന്ധങ്ങളെ നാം വളര്‍ത്തിയെടുക്കണം. അതാണ് ഈശോ ഇന്നു നമ്മോടു പറയുന്നത്. അതാണ് ഈശോ ആവശ്യപ്പെടുന്നത്. “കരയുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ നീ ആശ്വസിപ്പിക്കപ്പെടും!”  ഈ ഒരര്‍ത്ഥത്തില്‍ നമ്മെ ഭാഗ്യവാനാക്കി എടുക്കാനായി ദൈവം സൃഷ്ടിക്കുന്നൊരു ജീവിത സന്ദര്‍ഭമല്ലേ നമ്മുടെ ക്ലേശങ്ങളും സങ്കടങ്ങളും! നാം ആശ്വസിപ്പിക്കപ്പെടാനായി ദൈവം സൃഷ്ടിച്ചുകൊണ്ടുവരുന്ന ക്ലേശങ്ങളും ദുരിതങ്ങളും ? അതിനാള്‍ത്തന്നെ ഹൃദയത്തിന്‍റെ നൊമ്പരങ്ങള്‍, രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നൊരു രീതി നീ പരിശീലിക്കണം, വളര്‍ത്തിയെടുക്കണം. രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രം. അത്രമാത്രം വിശ്വസിക്കാനാവുന്ന ബന്ധങ്ങളെ നിന്‍റെ ജീവിതത്തില്‍ വളര്‍ത്തിയെടുക്കണം. അത് നിനക്കുനേരെ ദൈവം വച്ചുനീട്ടുന്ന ആശ്വസിപ്പിക്കല്‍ അനുഭവിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്, ഈ ഹൃദയബന്ധങ്ങള്‍, ദൈവം നിന്നെ ആശ്വസിപ്പിക്കാന്‍, നീ ആശ്വസിപ്പിക്കപ്പെടാനായിട്ട് നീ ഉണ്ടാക്കിത്തരുന്ന വഴികളാണ്, മാര്‍ഗ്ഗങ്ങളാണ്.

ഫ്രാന്‍സിസ് പാപ്പാ, തന്‍റെ അപ്പസ്തോലിക പ്രബോധനമായ Amoris Laetitia ‘സ്നേഹത്തിന്‍റെ ആനന്ദ’ത്തില്‍ 137-മുതലുള്ള ഖണ്ഡികകളില്‍ പറയുന്നത് ഇതാണ്. കുടുംബത്തില്‍ നടക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും ഹൃദയബന്ധമാണ്. സൗഹൃദമാണ്, കൂട്ടുകെട്ടാണ് ജീവിത പങ്കാളിയുമായുള്ള കൂട്ടുകെട്ടിന്‍റെ മര്‍മ്മം എന്നു പറയുന്നത്, പരസ്പരം ഹൃദയം പങ്കുവയ്ക്കുന്ന, ഒരാള്‍ മറ്റൊരാളെ കേള്‍ക്കുന്ന, ഒരാള്‍ മറ്റൊരാളെ മനസ്സിലാക്കുന്ന രീതി വളര്‍ത്തിയെടുക്കുക എന്നതാണ്.

ഒരു സെന്‍ കഥ പറയുകയാണ്. രണ്ടു കൂട്ടുകാരുണ്ടായിരുന്നു. ഒരാള്‍ വദഗ്ദ്ധനായ ഓടക്കുഴല്‍ വായനക്കാരന്‍. മറ്റെയാള്‍ സഹൃദയനായ കലാ ആസ്വാദകനും. ഒരാള്‍ ഓടക്കുഴല്‍ വായിച്ചിരിക്കും, മറ്റെയാള്‍ ആസ്വദിച്ചുകേട്ടിരിക്കും. ഒരിക്കല്‍ സംഗീതഞ്ജന്‍ മലയെക്കുറിച്ച് ഒരു സംഗീതം ആലപിച്ചു. കേട്ടുകഴിഞ്ഞപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു, എനിക്കെന്‍റെ കണ്‍മുന്‍പില്‍ മലനിരകള്‍ കാണാന്‍ പറ്റുന്നുണ്ട്.  അതിനുശേഷം അയാള്‍ അരുവിയെക്കുറിച്ചു പാടി. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു ഇപ്പോള്‍ ഞാന്‍ അരുവിക്കരയിലാണ്. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ കേള്‍വിക്കാരനായ കൂട്ടുകാരന്‍ രോഗം ബാധിച്ച് പെട്ടന്നു മരിച്ചു. അന്ന് ആ ഗായകന്‍ തന്‍റെ ഓടക്കുഴല്‍ ഒടിച്ചുകളഞ്ഞു. പിന്നീട് അയാള്‍ ഒരിക്കലും അത് മീട്ടിയിട്ടില്ല, പാട്ടു പാടിയിട്ടുമില്ല. എന്നെ കേള്‍ക്കാന്‍ ഒരാള്‍, എന്നെ മനസ്സിലാക്കുന്ന ഒരാള്‍! എന്‍റെ ഹൃദയനൊമ്പരങ്ങള്‍ മാത്രം പങ്കുവയ്ക്കാന്‍ മാത്രം അടുപ്പമുള്ള ഒരാള്‍! ഇത് ജീവിതത്തില്‍ ദൈവംതരുന്ന വലിയ സമ്മാനമാണ്.

അതിലൂടെ എന്‍റെ കരച്ചിലുകള്‍ വലിയ ഭാഗ്യങ്ങളായി മാറുകയാണ്. അങ്ങനെ നമ്മുടെ ജീവിതത്തിലെ ഈ സങ്കടങ്ങളെയും കരച്ചിലുകളെയും ഭാഗ്യങ്ങളായിട്ടും സൗഭാഗ്യങ്ങളുമായിട്ട് മാറ്റാനാണ് ഈശോ എന്നോട് ആവശ്യപ്പെടുന്നത്. ജീവിതത്തില്‍, കുടുംബത്തില്‍ സംഭവിക്കുന്നത്, ജീവിത പങ്കാളിയുമായി വളര്‍ത്തിയെടുക്കുന്ന കൂട്ടുകെട്ടിലൂടെ സൗഹൃദത്തിലൂടെയാണ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗഹൃദം ഏറ്റവും നന്നായിട്ട് വളര്‍ത്തിയെടുക്കേണ്ടത് എങ്ങനെയെന്ന് അവതരിപ്പിക്കുന്ന സിനിമയാണ്, “മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍...” എന്ന സിനിമ. വചനം നമുക്കൊന്നൂകൂടെ ആവര്‍ത്തിക്കാം... “കരയുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.”  ആശ്വസിപ്പിക്കപ്പെടും എന്നു പറയുമ്പോള്‍ അത് കര്‍മ്മണിപ്രയോഗമാണ്! Passive voice. ഹെബ്രായ ഭാഷയില്‍ ഒരു യഹൂദന്‍ കര്‍മ്മണിപ്രയോഗം നടത്തുമ്പോള്‍ ആശ്വസിപ്പിക്കപ്പെടും എന്നാണ് സൂചന. ആശ്വസിപ്പിക്കുന്നത് ജീവിത പങ്കാളിയും, ഹൃദയത്തില്‍ അടുപ്പവുമുള്ള വ്യക്തിയാണ്. അതോടൊപ്പം തമ്പുരാനാണ് ആശ്വസിപ്പിക്കുന്നത്. എന്നു പറഞ്ഞാല്‍ തമ്പുരാനുമായിട്ടുള്ള ഹൃദയ അടുപ്പം Intimacy അതു വളര്‍ത്തിയെടുക്കുക. അഷ്ടഭാഗ്യങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന ഒന്നുരണ്ടു കാര്യങ്ങളുണ്ട് – ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.

ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും.  ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും. ഈ ദൈവവുമായിട്ടുള്ള, തമ്പുരാനുമായിട്ടുള്ള അടുപ്പം, തമ്പുരാനില്‍നിന്നും ആശ്വാസം സ്വീകരിച്ചു, സ്വീകരിച്ചു വരുന്ന ഒരു രീതി. ഇതും വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് ഈശോ ആവശ്യപ്പെടുന്നത്.  ജീവിതത്തിന്‍റെ ദൗര്‍ഭാഗ്യങ്ങളെ വലിയ സൗഭാഗ്യങ്ങളായി രൂപാന്തരപ്പെടുത്താനുള്ള രണ്ടു മാദ്ധ്യമങ്ങളാണ് ഇന്ന് ഈശോ എന്നോട് പറയപ്പെടുന്നത്. ഒന്ന് നിന്‍റെ പ്രിയനുമായിട്ടുള്ള ബന്ധം. നിന്‍റെ ഹൃദയത്തോട് ഏറ്റവും അടുപ്പമുള്ള ആളുമായിട്ടുള്ള ബന്ധം വളര്‍ത്തിയെടുക്കുക, എങ്കില്‍ നിന്‍റെ സങ്കടങ്ങളില്‍ നീ ആശ്വസിപ്പിക്കപ്പെടും, അതോടൊപ്പം നിന്‍റെ ഹൃദയത്തില്‍ ഏറ്റവും ചേര്‍ന്നുനില്ക്കുന്ന തമ്പുരാനുമായിട്ടുള്ള ബന്ധം, ആ ഹൃദയ അടുപ്പവും അനുദിനം വളര്‍ത്തിയെടുക്കുക. ഇതിന് അടിസ്ഥാനമായിട്ടു നില്ക്കുന്നത്, ഇന്നത്തെ സുവിശേഷഭാഗത്തിന്‍റെ ആദ്യത്തെ വചനമുണ്ട്. ഈശോ മലയിലേയ്ക്കു കയറി. ഈശോ അവിടുത്തെ പക്കലേയ്ക്കു വന്നു. ഇതൊരു അടുപ്പമാണ്. അതൊരു intimacy-യാണ്. എന്നിട്ട് ഈശോ പഠിപ്പിക്കാന്‍ തുടങ്ങുകയാണ്. ഈ പ്രബോധനത്തിന്‍റെ ശ്രോതാക്കള്‍ അവിടുത്തെ ശിഷ്യന്മാര്‍ തന്നെയാണ്. അവരുമായുള്ള ഹൃദയ അടുപ്പത്തിലാണ് ഈശോ ഈ അഷ്ടഭാഗ്യങ്ങള്‍ - ഭാഗ്യവാന്മാര്‍, ഭാഗ്യവാന്മാര്‍ എന്ന് പഠിപ്പിക്കുന്നത്. എങ്കില്‍ ഇന്ന് സുവിശേഷത്തിലൂടെ ഈശോ എന്നോട് ആവശ്യപ്പെടുന്നത്, എന്‍റെ ഹൃദയാടുപ്പം വളര്‍ത്തിയെടുക്കാനാണ്. ഒന്നാമതായിട്ട്, എന്‍റെ ജീവിതത്തില്‍ വലിയ ഭാഗ്യമായിട്ട് തമ്പുരാന്‍ തന്നിരിക്കുന്ന സുഹൃത്തുണ്ട്, ജീവിത പങ്കാളിയുണ്ട്, ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്ക്കുന്ന വ്യക്തിയുണ്ട്. ആ വ്യക്തിയുമായിട്ടുള്ള ആത്മബന്ധം വളര്‍ത്തി, വളര്‍ത്തി, വളര്‍ത്തിയെടുക്കുക. ഒപ്പം തമ്പുരാനുമായിട്ടുള്ള ഹൃദയബന്ധം, അതിനെയും വളര്‍ത്തിയെടുക്കുക. അപ്പോള്‍ സംഭവിക്കുന്നത് എന്താണ് “കരയുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും,” നിന്‍റെ സങ്കടങ്ങളൊക്കെ, നിന്‍റെ ജീവിതത്തിന്‍റെ ദൗര്‍ഭാഗ്യങ്ങളൊക്കെ സൗഭാഗ്യങ്ങളായി രൂപാന്തരപ്പെടും, അതിനുള്ള അവസരങ്ങളായി മാറും.            

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയേ, അങ്ങ് അന്ന് ഗലീലിയയിലെ മലമുകളിലേയ്ക്ക് കയറിയിട്ടാണ് എങ്ങനെ ഭാഗ്യവാന്മാരാകാം, എന്നാണു അങ്ങ് ഞങ്ങളെ പഠിപ്പിച്ചത്. അതും, ജീവിതത്തിന്‍റെ ഏറ്റവും വലിയ ദൗര്‍ഭാഗ്യങ്ങള്‍ വന്നു ഭവിക്കുമ്പോള്‍ അവയെങ്ങിനെ സൗഭാഗ്യങ്ങളായി രൂപാന്തരപ്പെടുത്താം, ഈശോയേ, മനുഷ്യബന്ധത്തിന്‍റെ ഏറ്റവും വലിയ രഹസ്യമാണ് അങ്ങ് ഞങ്ങള്‍ക്ക് പറഞ്ഞുതരുന്നത്. ആശ്വസിപ്പിക്കാന്‍, ആശ്വാസം തരാന്‍, മനസ്സിലാക്കാന്‍ ഒരാള്‍ ഉണ്ടായിരിക്കുക. എന്‍റെ ജീവിതത്തില്‍ എനിക്ക് കൂട്ടായിത്തന്ന ആ വ്യക്തിയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ആ ബന്ധം വളര്‍ത്തിയെടുക്കാനുള്ള കൃപതരണമേ! ഒപ്പം അങ്ങുമായുള്ള ഹൃദയ അടുപ്പം വളര്‍ത്തിയെടുക്കാനും കൃപതരണേ!  പ്രത്യേകിച്ച് ജീവിതത്തില്‍ ദുഃഖവും സങ്കടവും വന്നു നിറയുമ്പോള്‍, എന്‍റെ കൂട്ടുകാരനിലും കൂട്ടുകാരിയിലും ആശ്രയിക്കാന്‍, അതോടൊപ്പം നിന്നിലേയ്ക്ക് ആശ്രയിക്കാനുള്ള രീതിയും എന്നില്‍ വളര്‍ത്തണമേ!

എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളെയും അങ്ങുതന്നെ രൂപാന്തരപ്പെടുത്തേണമേ! ജീവിതത്തിന്‍റെ ദൗര്‍ഭാഗ്യങ്ങളെ സൗഭാഗ്യങ്ങളാക്കി മാറ്റണമേ! അപ്പോഴാണ് ഞാന്‍ ദൈവത്തിന്‍റെ മകനും മകളുമായി മാറുന്നത്, ദൈവത്തിന്‍റെ മനോഭാവമാണ് തമ്പുരാനില്‍നിന്നും ആശ്വാസം സ്വീകരിക്കുമ്പോള്‍....! അതിനുള്ള കൃപ നാഥാ, അങ്ങ് എനിക്കു തരണമേ!      








All the contents on this site are copyrighted ©.