2017-01-27 15:11:00

ഒരു ക്രിസ്ത്യാനി ഓര്‍മകളുടെ മനുഷ്യനാണ്: ഫ്രാന്‍സീസ് പാപ്പാ


2017 ജനുവരി ഇരുപത്തിയേഴ്, വെള്ളിയാഴ്ച കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ സന്ദേശം ജീവിതത്തില്‍ ദൈവം ചെയ്ത രക്ഷാകരപ്രവൃത്തികളുടെ കഴിഞ്ഞ കാലത്തെ അനുസ്മരിക്കാനും ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന്‍റെ പ്രത്യാശയില്‍ ഭാവിയിലേക്കു നോക്കാനും ഒപ്പം ഈ വര്‍ത്തമാനകാലത്തില്‍ ധൈര്യത്തോടും ക്ഷമയോടുംകൂടി ജീവിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു.

‘’കഴിഞ്ഞ കാലങ്ങളിലെ കഷ്ടപ്പാടുകളോടു പൊരുതിയ നാളുകളെ അനുസ്മരിക്കുക’’ (Heb 10:32) എന്നാഹ്വാനം ചെയ്യുന്ന ഹെബ്രായര്‍ക്കുള്ള ലേഖനത്തിലെ, വായനയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു, കഴിഞ്ഞ കാലത്തെ നല്ലതും അത്ര നല്ലതല്ലാത്തതുമായി നമ്മുടെ കഥകളെ ദൈവതിരുമുമ്പില്‍ കൊണ്ടു വരുന്നവനാണ് ഒരു ക്രിസ്ത്യാനി.  ക്രിസ്ത്യാനിയുടെ ജീവിതം ഇന്നു തുടങ്ങുന്ന ഒന്നല്ല, അത് ഓര്‍മകളുടേതാണ്.  ദൈവം എന്‍റെ ജീവിതത്തില്‍ ചെയ്ത രക്ഷാകരകര്‍മങ്ങളുടെ ഓര്‍മകള്‍! എന്‍റെ കഷ്ടതകളെക്കുറിച്ചുള്ള ഓര്‍മകള്‍! ദൈവം ആ കഷ്ടതകളില്‍നിന്ന് എന്നെ രക്ഷിച്ചതിന്‍റെ ഓര്‍മകള്‍! സന്തോഷങ്ങളോടൊപ്പം കുരിശുകളെയും ഓര്‍മിക്കുന്ന ജീവിതമാണ് ക്രിസ്ത്യാനി യുടേത്.

അതോ‌ടൊപ്പം കാത്തിരിക്കാനുള്ള ആഹ്വാനവും ലേഖനകര്‍ത്താവു നല്കുന്നു എന്നു പറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു: ‘‘ഒരു ക്രിസ്ത്യാനിക്ക് ഭാവിയിലേക്കു നോക്കാതെ, ക്രിസ്തുവിനെ കണ്ടുമുട്ടുമെന്ന പ്രത്യാശയില്ലാതെ ജീവിക്കാനാവുകയില്ല’’. എന്നാല്‍ ലേഖനം ഇപ്രകാരംകൂടി ഓര്‍മിപ്പിക്കുന്നു: ‘നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്’ (Heb 10:34).  ‘‘നാമെല്ലാവരും പാപികളാണ്. ഒരി ക്കലും ആ അവസ്ഥയില്‍ നിലനില്‍ക്കാതിരിക്കുക. പാപത്തെക്കുറിച്ചുള്ള നാണക്കേട് ഒരു ക്രൈസ്തവനെ തളര്‍ത്തും. അത് ദൈവം ചൊരിഞ്ഞിട്ടുള്ള നിരവധിയായ കൃപകള്‍ മറക്കുന്നതിനിടയാക്കും’’. ക്ഷമയോടും ധൈര്യത്തോടുംകൂടി മുന്നോട്ടു നീങ്ങുക എന്ന പ്രചോദനമേകുന്ന, പ്രതീക്ഷയേകുന്ന വാക്കുകളോടെയാണ് പാപ്പാ  സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.