2017-01-26 20:35:00

കാട്ടുതീയുടെ കെടുതിയില്‍പ്പെട്ട ചിലിയിലെ ജനതയ്ക്ക് പാപ്പായുടെ സാന്ത്വനം


ജനുവരി 25-Ɔ൦ തിയതി ബുധനാഴ്ചയാണ് കൂട്ടുതീയുടെ കെടുതിയില്‍പ്പെട്ട തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് സാന്ത്വനസന്ദേശം അയച്ചത്.

 

രണ്ടുദിവസത്തില്‍ അധികമായി തലസ്ഥാന നഗരമായ സാന്‍റിയാഗോയില്‍നിന്നും 300 കി.മി. അകലെ കിഴക്കു തെക്കുഭാഗത്ത് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. അനേകരുടെ മരണത്തിന് ഇടയാക്കിയ കൊടുംതീയില്‍ വീടുകളും, കൃഷിയിടങ്ങളും, നിരവധി കാലികളും കത്തിയമര്‍ന്നു. ദീര്‍ഘകാല വരള്‍ച്ചയും, ഉയര്‍ന്ന താപനിലയുമാണ് ചിലിയുടെ ചരിത്രത്തിലെ അതിക്രൂരമായ കാട്ടുതീയ്ക്ക് കാരണായതെന്നു വിദഗ്ദ്ധര്‍ വിലയിരുത്തി.

 

ചിലിയുടെ ദേശീയ മെത്രാന്‍ സിമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് സാന്തിയാഗോ സില്‍വവഴി ജനുവരി 25-Ɔ൦ തിയതി അയച്ച സന്ദേശത്തില്‍, വേദനിക്കുന്ന ചിലയന്‍ ജനതയ്ക്കൊപ്പം തന്‍റെ ആത്മീയസാമീപ്യം പാപ്പാ ജനങ്ങളെ അറിയിച്ചു.  മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്‍റെ അനുശോചനവും പ്രാര്‍ത്ഥനയും നേര്‍ന്നു. ഇനിയും വിഷമിക്കുന്നവര്‍ക്ക് ഈ പ്രതിസന്ധിയെ നേരിടാനുള്ള കരുത്തും ആത്മധൈര്യവും ദൈവം നല്‍കട്ടെയെന്നും പാപ്പാ പ്രാര്‍ത്ഥിച്ചു.

 

അനിയന്ത്രിതമായി ഉയര്‍ന്നുപൊങ്ങിയ ഈ പ്രകൃതിവിനാശത്തിന്‍റെ കെടുതിയില്‍ ജനങ്ങളെ തുണയ്ക്കുന്ന രക്ഷാപ്രവര്‍ത്തകരെയും സന്നദ്ധസേവനകരെയും മിലിട്ടറി, പൊലീസ് ഉദ്യോഗസ്ഥരെയും സന്ദേശത്തില്‍ സനേഹത്തോടും നന്ദിയോടുംകൂടെ പാപ്പാ അനുസ്മരിച്ചു.

എല്ലാവരെയും ദൈവം കാത്തുപാലിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.