2017-01-23 19:42:00

സങ്കീര്‍ത്തനത്തിലെ ദൈവാവിഷ്ക്കാരം സമ്പൂര്‍ണ്ണസ്തുതിപ്പ് 103-Ɔ൦ ഗീതം


സങ്കീര്‍ത്തനം 103-ന്‍റെ പഠനം രണ്ടാംഭാഗം

വചനവീഥി പരമ്പരയില്‍ 26-Ɔമത്തേത്

കഴിഞ്ഞ പ്രക്ഷേപണത്തില്‍ 103-Ɔ൦ സങ്കീര്‍ത്തനപഠനത്തിന്‍റെ ആദ്യഭാഗത്ത് സ്തുതിപ്പിന്‍റെ പദങ്ങളുമായി പരിചയപ്പെടുവാന്‍ പരിശ്രമിക്കുകയായിരുന്നു. ദൈവത്തിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദിപറയുകയും, അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ ഗീതമാണ് 103-Ɔ൦ സങ്കീര്‍ത്തനമെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. ദൈവത്തെ സ്തുതിക്കുവാനുള്ള ആഹ്വാനം സങ്കീര്‍ത്തകന്‍ തന്നെ അനുവാചകര്‍ക്ക് നല്കിയശേഷം, 103-Ɔ൦ സങ്കീര്‍ത്തനം ദൈവത്തിന്‍റെ രക്ഷാകര ചെയ്തികള്‍ ഒന്നൊന്നായ്‍ പദങ്ങളില്‍ ഉള്‍ച്ചേര്‍ക്കുകയും, അനുസ്മരിക്കുകയും, ദൈവത്തിനു നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നതാണ് അടിസ്ഥാനപരമായി  ഈ സങ്കീര്‍ത്തനത്തിന്‍റെ പ്രതിപാദ്യരീതിയും ഉള്ളടക്കവുമെന്ന് നമുക്ക് കാണുവാന്‍ സാധിക്കും.

സങ്കീര്‍ത്തനത്തിന്‍റെ പദങ്ങളുമായി പരിചയപ്പെട്ടപ്പോള്‍ നാം ശ്രദ്ധിച്ചതാണ് ആകെയുള്ള 22 പദങ്ങളെയും, വരികളെയും നിരൂപകന്മാര്‍ 4 ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നത്. ദൈവിക കാരുണ്യത്തെക്കുറിച്ച് ധ്യാനിക്കുവാനുള്ള സങ്കീര്‍ത്തകന്‍റെ ആഹ്വാനമാണ് ആദ്യത്തെ രണ്ടു പദങ്ങളില്‍:

എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ പൂകഴ്ത്തുക.

2. വ്യക്തിപരമായി സങ്കീര്‍ത്തകന്‍ പങ്കുവയ്ക്കുന്ന രക്ഷാകരമായ ജീവിതാനുഭവങ്ങളാണ് ഇവിടെ, കര്‍ത്താവ് എന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു, എന്‍റെ രോഗങ്ങള്‍ സുഖപ്പെടുന്നു, എന്‍റെ ജീവനെ പാതാളത്തില്‍നിന്നും രക്ഷിക്കുന്നു, എന്നിങ്ങനെ.

3. പിന്നെ സങ്കീര്‍ത്തനത്തിന്‍റെ പ്രധാനഭാഗം അല്ലെങ്കില്‍ കേന്ദ്രഭാഗം എന്നു പറയാവുന്ന 6-മുതല്‍

18-വരെയുള്ള ദീര്‍ഘമായ ഭാഗത്ത് ഇസ്രായേലിന്‍റെ ചരിത്രത്തിലെ രക്ഷാകര സംഭവങ്ങള്‍ സങ്കീര്‍ത്തകന്‍ എണ്ണിയെണ്ണിപ്പറയുന്നതും നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ശ്രവിച്ചതാണ്. സങ്കീര്‍ത്തകനോടു ചേര്‍ന്ന് കര്‍ത്താവിന്‍റെ കാരുണ്യത്തെ അനുസ്മരിച്ചുകൊണ്ട് നമുക്ക് 4-Ɔ൦ ഭാഗത്തേയ്ക്ക് പ്രവേശിക്കാം.

Musical version of Psalms

കര്‍ത്താവേ, അങ്ങ് ആര്‍ദ്രഹൃദയനും

കാരുണ്യവാനുമത്രേ.

നാലാം ഭാഗത്ത് അത്യുന്നതനായ യാഹ്വേയെ സ്തുതിച്ചുകൊണ്ടും, പൗരസ്ത്യ ശൈലിയില്‍ മംഗളം പാടിക്കൊണ്ടും സങ്കീര്‍ത്തനത്തിന്‍റെ ഉപസംഹാരത്തിലേയ്ക്ക് ഗായകന്‍ കടക്കുകയാണ്. സങ്കീര്‍ത്തനത്തിന്‍റെ 4-Ɔ൦ ഭാഗം ഉപസംഹാരമാണ്. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ പുകഴ്ത്തിക്കൊണ്ട് ഗീതം ഉപസംഹരിക്കുന്നത് നമുക്കൊന്ന് കേള്‍ക്കാം. പരിചയപ്പെടാം. 

19-22 കര്‍ത്താവു തന്‍റെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.

എല്ലാവരും അവിടുത്തെ രാജാധികാരത്തിന്‍ കീഴിലാണ്.

കര്‍ത്താവിന്‍റെ വചനം ശ്രവിക്കുകയും

അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന

ശക്തരായ ദൂതരേ, അവിടുത്തെ വാഴ്ത്തുവിന്‍.

കര്‍ത്താവിന്‍റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ,

അവിടുത്തെ സുതിക്കുവിന്‍.

കര്‍ത്താവിന്‍റെ ആധികാര സീമയില്‍പ്പെട്ട സൃഷ്ടികളേ,

അവിടുത്തെ സ്തുതിക്കുവിന്‍,

എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍ (2).

നാം ശ്രവിച്ച വരികളില്‍ സ്വര്‍ഗ്ഗത്തില്‍ സിംഹാസനസ്ഥനായ ദൈവത്തെ സങ്കീര്‍ത്തകന്‍ സ്തുതിക്കുന്നു. അവിടുന്ന് സര്‍വ്വപ്രപഞ്ചത്തെയും ഭരിക്കുന്ന രാജാവാണ്. സ്വര്‍ഗ്ഗീയ ശക്തികള്‍ അവിടുത്തെ ചുറ്റുമുണ്ട്. അവര്‍ കര്‍ത്താവിന്‍റെ തിരുവിഷ്ടം നിറവേറ്റുന്നവരും, അവിടുത്തെ പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ദൂതന്മാരും, ദൈവത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുമാണ്. അവരോടൊപ്പം സകല സൃഷ്ടവസ്തുക്കളും ചരാചരങ്ങളും കര്‍ത്താവിനെ സ്തുതിക്കണം. ഞാനും എന്‍റെ സര്‍വ്വ ആന്തിരിക ചൈതന്യവും അതില്‍ പങ്കുചേരണമെന്നും സങ്കീര്‍ത്തകന്‍ നിഷ്ക്കര്‍ഷിക്കുന്നു. സങ്കീര്‍ത്തനത്തിന്‍റെ ആരംഭഭാഗത്ത്, ആദ്യപദങ്ങളില്‍ പാടിയതുപോലെ തന്നെ, ‘എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക, എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ പുകഴ്ത്തുക’ എന്നു പറഞ്ഞുകൊണ്ടു തന്നെയാണ് ഗായകന്‍ ഗീതം ഉപസംഹരിക്കുന്നത്.

ദൈവസ്നേഹത്തിന്‍റേയും സ്തുതിപ്പിന്‍റെയും വികാരങ്ങളിലേക്ക്  സ്വയം ഉയര്‍ത്തുന്നതുപോലെതന്നെ മറ്റുള്ളവരെയും അതിലേയ്ക്ക് സങ്കീര്‍ത്തകന്‍ ഉത്തേജിപ്പിക്കുന്നു. ഇതാണ് ഇസ്രായേലില്‍ നാം കാണുന്നത്. മോശയുടെ കാലം മുതല്‍ ദൈവം ഉടമ്പടിയിലൂടെ മനുഷ്യരോടൊത്ത് പ്രവ‍ത്തിക്കുന്നു, മനുഷ്യരുടെ പുറപ്പാടു പ്രയാണത്തില്‍ അവരുടെ കൂടെ ചരിക്കുന്നു. ഈ ദൈവത്തെ സങ്കീര്‍ത്തകന്‍ സത്തയിലും പ്രവൃത്തിയിലും വാക്കുകളിലും പ്രകീര്‍ത്തിക്കുകയാണ്. ദൈവിക പ്രവൃത്തികളുടെയെല്ലാം മുഖമുദ്ര സ്നേഹമാണ്, വിശ്വസ്തതയാണ്, യാഹ്വേയുടെ കാരുണ്യമാണ്. വ്യര്‍ത്ഥമായ മനുഷ്യജീവിതങ്ങള്‍ക്ക് ദൈവത്തിന്‍റെ കാരുണ്യവും പാപപ്പൊറുതിയും ആവശ്യമാണ്. അതിനാല്‍ പഴയതിന്‍റെ പൂര്‍ത്തീകരണമായി പുതിയ നിയമത്തില്‍ ദൈവപുത്രനായ ക്രിസ്തു പ്രത്യക്ഷപ്പെടുന്നു, അവതരിക്കുന്നു.

Musical Version of Psalm 103

കര്‍ത്താവു തന്‍റെ ഭക്തരോടെന്നും

കാരുണ്യം കാട്ടുന്നു, കാരുണ്യം കാട്ടുന്നു.

 

  1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക

 എന്‍റെ അന്തരംഗമേ, അവിടുത്തെ

 വിശുദ്ധ നാമത്തെ പുകഴ്ത്തുക

 എന്‍റെ ആത്മാവേ, കര്‍ത്താവിനം വാഴ്ത്തുക

 അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും

 മറക്കരതേ, അങ്ങ് മറക്കരുതേ.

പദങ്ങളുമായി പരിചയപ്പെട്ട നാം ഇനി സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാന ഭാഗത്തേയ്ക്കു കടക്കാം :   1-2 ആദ്യ പദങ്ങളില്‍ത്തന്നെ ദൈവത്തെക്കുറിച്ചും, അവിടുത്തെ തിരുമുന്‍പില്‍ മനുഷ്യന്‍ ആരാണ് എന്നുള്ള വിചിന്തനമാണ് കാണുന്നത്. ഈ ചിന്തയുടെ പശ്ചാത്തലത്തില്‍, എങ്ങനെയാണ് ദൈവത്തെ ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും അവിടുത്തേയ്ക്കു നന്ദിപറയുകയും ചെയ്യേണട്ത്, എന്നോര്‍ത്ത് സങ്കീര്‍ത്തകന്‍ സ്വയം ആശ്ചര്യപ്പെടുന്നു. ‘ഞാന്‍ പൂര്‍ണ്ണഹൃദയത്തടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ദൈവത്തെ ആരാധിക്കണം, സ്തുതിക്കണം.’ നമ്മുടെ ബുദ്ധി അവിടുത്തെ അറിയട്ടെ. നമ്മുടെ മനസ്സ് അവിടുത്തെ സ്വീകരിക്കട്ടെ, നമ്മുടെ ഹൃദയം അവിടുത്തെ സന്നിധിയില്‍ തുറക്കപ്പെടട്ടെ, നമ്മുടെ ശരണം അവിടുന്നില്‍ ആയിരിക്കട്ടെ, നമ്മുടെ നാവുകള്‍ എന്നും അവിടുത്തെ സ്തുതിക്കട്ടെ, നമ്മുടെ അധരങ്ങള്‍ ഉയര്‍ത്തി അവിടുത്തെ പ്രകീര്‍‍ത്തിക്കട്ടെ. നന്ദികേടു കാണിക്കരുത്, നന്ദികേട് തിന്മയാണ്, അത് പൈശാചികമാണ്, എന്നും സങ്കീര്‍ത്തകന്‍ വരികളില്‍ എടുത്തുപറയുന്നു.

തുടര്‍ന്ന് 3-മുതല്‍ അഞ്ചുവരെയുള്ള സങ്കീര്‍ത്തനപദങ്ങളില്‍, പാപമോചനത്തിന്‍റെയും രോഗശാന്തിയുടെയും രക്ഷാകര അനുഭവങ്ങളെക്കുറിച്ചാണ് സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്നത്.

ഈ അവസരത്തില്‍ നമുക്ക് ചിന്തിക്കാവുന്നത് ദൈവികസ്പര്‍ശം വ്യക്തിപരമായി നമുക്ക് ഉണ്ടാകുന്നുണ്ടോ എന്നായിരിക്കാം. സൃഷ്ടവസ്തുക്കളിലൂടെ സ്നേഹമുള്ളവരിലൂടെ ദൈവസ്നേഹത്തിന്‍റെയും നന്മയുടെയും അനുഭവങ്ങള്‍ നമുക്ക് ഉണ്ടാകേണ്ടതാണ്. ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന അനുഭവത്തില്‍ എനിക്ക് മറ്റുള്ളവരെ സ്നേഹിക്കുവാന്‍ സാധിക്കേണ്ടതാണ്. അതുപോലെ ദൈവം നമ്മോടു ക്ഷമിക്കുന്നതുകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. എങ്കില്‍ അപരനോട്, എന്‍റെ സഹോദരങ്ങളോട് ക്ഷമിക്കുവാന്‍ ഞാനും കടപ്പെട്ടിരിക്കുന്നു. അതുപോലെ ഈ ലോകത്ത് സഹോദരങ്ങളുടെ മുക്തിക്കും ശാന്തിക്കും രക്ഷയ്ക്കുംവേണ്ടി പ്രവര്‍ത്തിക്കുവാനും എനിക്ക് കടപ്പാടുണ്ടെന്നും ഈ സങ്കീര്‍ത്തന വരികള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. സൃഷ്ട വസ്തുക്കളിലൂടെയാണ് ദൈവസ്നേഹവും അനുഗ്രഹങ്ങളും വര്‍ഷിക്കപ്പെടുന്നതെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ ഈ പ്രപഞ്ചമാസകലം ദൈവിക മനോഹാരിതയുടെയും നന്മയുടെയും പ്രതിഫലനമാണ്. സ്രഷ്ടാവായ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണതയും മനോഹാരിതയുമാണ് അവ പ്രതിഫലിപ്പിക്കുന്നത്. ദൈവസ്നേഹം ഈ ലോകത്ത് യാഥാര്‍ത്ഥൃമാക്കപ്പെട്ടതും യഥാര്‍ത്ഥത്തില്‍ മനുഷ്യര്‍ക്ക് അനുഭവവേദ്യമായതും ക്രിസ്തുവിലാണ്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനിലാണ്. അതിനാല്‍ എല്ലാ അനുഗ്രഹങ്ങളിലുംവച്ച് ഏറ്റവും അഭികാമ്യമായത് ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെട്ടു കിട്ടിയ ദൈവസ്നേഹവും കാരുണ്യവും ശക്തിയും ജ്ഞാനവും രക്ഷയുമാണ്. അതിനാല്‍ ചരിത്രത്തില്‍ ക്രിസ്തു ആദിയും അന്ത്യവുമാണ് – ആല്‍ഫയും ഓമേഗയുമാണെന്നും നമുക്ക് വെളിപ്പെട്ടുകിട്ടുന്നു.

Musical Version of Psalm 103

2. അവിടുന്നെന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു

അവിടുന്നെന്‍റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തുന്നു

അവിടുന്നെന്‍റെ ജീവിനെ പാതാളത്തില്‍നിന്നും രക്ഷിക്കുന്നു.

അവിടെത്തെ സ്നേഹവും കാരുണ്യവും കൊണ്ടെന്നെ

പരിരക്ഷിക്കുന്നു, അവിടുന്നെന്നെ പരിരക്ഷിക്കുന്നു.

3. കര്‍ത്താവാര്‍ദ്രഹൃദയനും കാരുണ്യവാനുമത്രേ

           അവിടുന്നു ക്ഷമാശീലനം സ്നേഹസമ്പന്നനും

അവിടുത്തെ കോപം നീണ്ടു നില്ക്കുന്നില്ല

അവിടുന്നു എന്‍റെ പാപങ്ങള്‍ക്കൊത്തവിധം ശിക്ഷിക്കുന്നില്ല,

അവിടുന്ന് എന്നെ ശിക്ഷിക്കുന്നില്ല.

ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും ചേര്‍ന്ന് ഗാനാവിഷ്ക്കാരംചെയ്ത

103-Ɔ൦സങ്കീര്‍ത്തനം രമേഷ് മുരളിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. 

ദൈവത്തിന്‍റെ കാരുണ്യാതിരേകം പ്രകീര്‍ത്തിക്കുന്ന കാവ്യഭംഗിയുള്ള  103-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനമായി മൂന്നാംഭാഗം ഇനി അടുത്തയാഴ്ചയില്‍ (വചനവീഥി 26)

 








All the contents on this site are copyrighted ©.