2017-01-20 10:57:00

‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ പ്രവര്‍ത്തനങ്ങളെ വത്തിക്കാന്‍ ശ്ലാഘിച്ചു


‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ (Sovereign Military Order of Malta) എന്ന് അറിയപ്പെടുന്ന അല്‍മായ സന്ന്യാസ സമൂഹത്തിന്‍റെ സേവനങ്ങളെ പരിശുദ്ധ സിംഹാസനം ആദരിക്കുന്നു. ജനുവരി 17-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് അല്‍മായ പ്രസ്ഥാനത്തെ പിന്‍തുണയ്ക്കുന്ന ഈ പ്രസ്താവന വത്തിക്കാന്‍ പുറത്തുവിട്ടത്.

പ്രസ്ഥാനത്തിന്‍റെ ഉന്നതതല ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ചു കൊണ്ടുള്ള വിലക്കുകളും അതുമായി ബന്ധപ്പെട്ട പ്രസ്ഥാനത്തിലെ ചേരിതിരിവുകളും നിലനില്ക്കെയാണ്, വിശ്വാസ സംരക്ഷണത്തിലും (tuitio fidei), പാവങ്ങളെ സഹായിക്കുന്നതിലും (obsequium pauperum) ‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ പ്രകടമാക്കുന്ന പ്രതിപത്തിയെ വത്തിക്കാന്‍ പ്രസ്താവനയില്‍ ശ്ലാഘിച്ചത്. പ്രസ്ഥാനത്തെക്കുറിച്ചുള്ള ആരോപണം പരിശോധിക്കാന്‍ നിയോഗിച്ചിരിക്കുന്ന 5 അംഗകമ്മിഷനില്‍ പാപ്പാ ഫ്രാന്‍സിസിന് ആത്മവിശ്വാസമുണ്ടെന്നും, അവര്‍ക്കെതിരെയോ, അവരിലോ, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ആരെങ്കിലും ഉയര്‍ത്തുന്ന വിശ്വാസരാഹിത്യം അടിസ്ഥാന രഹിതമാണെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് വ്യക്തമാക്കി.

പ്രസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ പ്രശ്നപരിഹാരത്തിനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചിരിക്കുന്ന 5 അംഗകമ്മിഷനില്‍ പരിശുദ്ധ സിംഹാസനത്തിന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും, അവരെ പാപ്പാ ഭരമേല്പിച്ചിരിക്കുന്ന ജോലി സത്യസന്ധമായി നിര്‍വ്വഹിക്കാന്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്നും വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ മേലധികാരി, ഗ്രെഗ് ബേര്‍‍ക്ക് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

അല്‍മായ സഖ്യത്തിന്‍റെ മേലധികാരികളില്‍ ഒരാളായ ഗ്രാന്‍ഡ് ചാന്‍സിലര്‍, ആല്‍ബര്‍ട് ഫ്രയര്‍ ബോസിലാജറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ചാണ് പുറത്താക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രസ്ഥാനത്തില്‍ ചേരിതരിവുകള്‍ ഉണ്ടായിരിക്കുന്നത്. സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന ഉപവി പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനത്തിന്‍റെ നിയമങ്ങള്‍ക്ക് വിപരീതമായ നടത്തിപ്പുകള്‍ ആരോപിച്ചാണ് ഗ്രാന്‍ചാന്‍സലര്‍ ബോസിലാജരെ സമൂഹത്തിന്‍റെ സമുന്നത മേലധികാരി, ഗ്രാന്‍ഡ് മാസ്റ്റര്‍ മാത്യു ഫെസ്റ്റിങ്ങ് പുറത്താക്കിയത്. സമൂഹത്തിന്‍റെ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പ്രതിസന്ധിയുള്ള രാജ്യങ്ങളില്‍ പാവങ്ങള്‍ക്കായി ചെയ്യുന്ന ചികിത്സാ സൗകര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുകായിരുന്നു പുറത്താക്കപ്പെട്ട ബോസിലാജര്‍.

അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബേര്‍ക്കാണ് (68) പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയും ഈ സമൂഹത്തിന്‍റെ രക്ഷാധികാരിയുമായി ഇപ്പോള്‍ സേവനംചെയ്യുന്നത്. അല്‍മായ സമൂഹത്തില്‍ ക്രമസമാധാനം കൈവരിക്കാനും ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും അംഗങ്ങളെ തിരിച്ചുകൊണ്ടുവരുവാനുമാണ്  2016 ഡിസംബര്‍ 22-ന് അന്വേഷണ കമ്മിഷനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്. 

വത്തിക്കാന്‍റെ യുഎന്നിലെ മുന്‍നിരീക്ഷകനും ഇപ്പോള്‍ നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള  കൗണ്‍സിലിലെ അംഗവുമായ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഫാദര്‍ ജ്യാന്‍ഫ്രാങ്കോ ഗിലാന്താ, അഡ്വക്കേറ്റ് ഷാക് ദ ലീഡര്‍കേര്‍ക്, മാര്‍ക് ഓഡെന്‍റല്‍, മാര്‍വന്‍ സെനവോയ് എന്നിവരെയാണ് പ്രസ്ഥാനത്തിലെ പ്രതിസന്ധിയെക്കുറിച്ചുള്ള അന്വേഷണത്തിനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചിരിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനായി സഭയോടു കൂറുപുലര്‍ത്തി ജീവിക്കുന്ന ഏറെ പുരാതനമായ അല്‍മായ പ്രസ്ഥാനത്തിന്‍റെ സുസ്ഥിതിയില്‍ താല്പര്യമുള്ളതുകൊണ്ടാണ് പ്രശ്നപരിഹാരത്തിനായി പാപ്പാ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്.

വിശ്വാസസംരക്ഷണത്തിനും വിശുദ്ധനാട്ടില്‍ പുണ്യസ്ഥലങ്ങളുടെ പരിരക്ഷണത്തിനുമായി കുരിശുയുദ്ധകാലത്ത് 1048-ല്‍ വാഴ്ത്തപ്പെട്ട ജെരാര്‍ഡ് ജരൂസലേമില്‍ സ്ഥാപിച്ച അല്‍മായര്‍ക്കായുള്ള  സന്ന്യാസ സമൂഹമാണ് മാ‌ള്‍ട്ടയുടെ സമുന്നത സൈന്യം (Sovereign Military Order of Malta). സ്ത്രീകളും പുരുഷന്മാരുമായി ഇപ്പോഴും ഇതില്‍ ഒരുലക്ഷത്തിലധികം അംഗങ്ങളുണ്ട്. എണ്‍പതിനായിരം സന്നദ്ധസേവകരും, ഇരുപത്തയ്യായിരത്തോളം രോഗീപരിചാരകരും പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്. റോമിലാണ് ഇപ്പോള്‍ പ്രസ്ഥാനത്തിന്‍റെ ആസ്ഥാനകേന്ദ്രം.








All the contents on this site are copyrighted ©.