2017-01-19 15:00:00

ഡുക്യാറ്റ്: സൃഷ്ടികര്‍മം നടത്തിയത് ദൈവം തന്‍റെ ശ്രേഷ്ഠപദ്ധതിയനുസരിച്ചാണ്


കഴിഞ്ഞ ആഴ്ചയിലെ സഭാദ൪ശനംപരിപാടിയിൽ ഡുക്യാറ്റ് എന്ന സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയ അനുരൂപണഗ്രന്ഥത്തിന് ഫ്രാന്‍സീസ് പാപ്പാ നല്കിയിരിക്കുന്ന അവതാരികയാണ് പരിചിന്തന വിഷയമാക്കിയത്. ഇന്ന് അതിന്‍റെ ഉള്ളടക്കത്തിലേക്കു നാം പ്രവേശിക്കുകയാണ്.

പന്ത്രണ്ട് അധ്യായങ്ങളിലായിട്ടാണ് ഇതില്‍ പ്രബോധനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നും ദൈവത്തിന്‍റെ കേന്ദ്രപദ്ധതി സ്നേഹമാണെന്നു പറഞ്ഞു തുടങ്ങുന്ന ഒന്നാമധ്യായം മുതല്‍ വ്യക്തിപരവും സാമൂഹികവുമായ പ്രതിബദ്ധത, സ്നേഹം പ്രവൃത്തിയില്‍ എന്നാരംഭിക്കുന്ന അവസാനാധ്യായം വരെ സ്നേഹമെന്ന സുവര്‍ണച്ചരടിലാണ് പ്രബോധനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നും നാം കണ്ടതാണ്.

ഇന്നു നാം ഒന്നാമധ്യായത്തിലേക്കു കടക്കുകയാണ്. ഒന്നാമധ്യായത്തിനു നല്‍കിയിരിക്കുന്ന ശീര്‍ഷകം ദൈവത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ (GOD’S MASTER PLAN) എന്നതാണ്. ഇതില്‍ ഇരുപത്തൊന്നു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നല്കിയിരിക്കുന്നു.  നാം നേരത്തെ കണ്ടതുപോലെ, ഓരോ ചോദ്യ ത്തിനും ഉത്തരത്തോടൊപ്പം അതിനോടു ബന്ധപ്പെട്ട വിശുദ്ധ ഗ്രന്ഥം, പാപ്പാമാരുടെ പ്രബോധനങ്ങള്‍ എന്നിവയില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ നല്കിയിട്ടുണ്ട്. കൂടാതെ ചോദ്യോത്തരം അടിസ്ഥാനമാക്കിയിരിക്കുന്ന സാമൂഹികപ്രബോധനം, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, യൂക്യാറ്റ് അഥവാ യുവജനമതബോധനഗ്രന്ഥം എന്നിവയുടെ നമ്പറുകളും കൊടുത്തിരിക്കുന്നു.

​ഏഴു തരത്തിലുള്ള ചോദ്യങ്ങളാണ് ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നു പറയാം.

1. സ്രഷ്ടാവായ ദൈവത്തെക്കുറിച്ച്

2. അവിടുത്തെ സൃഷ്ടിയെക്കുറിച്ച്

3. സൃഷ്ടികളായ മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ച്,

4. സ്വാതന്ത്ര്യം മനുഷ്യന്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെക്കുറിച്ച്

5. സ്വാതന്ത്ര്യം ദുരുപയോഗിച്ച് പാപം ചെയ്തതിനെക്കുറിച്ച്,

6. അവനെ രക്ഷിക്കുന്നതിന് ദൈവമൊരുക്കിയ ശ്രേഷ്ഠപദ്ധതിയില്‍ ഒന്നാമത്തേത് ഇസ്രായേലിന്‍റെ രൂപീകരണമാണ്.

7. ദൈവമൊരുക്കിയ പദ്ധതിയില്‍ രണ്ടാമതായി വരുന്നത് വീണ്ടെടുപ്പിനായി ദൈവത്തിന്‍റെ മനുഷ്യാവതാരമാണ്.

ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഒരുദ്ധരണി ഇവിടെ ആദ്യം ശീര്‍ഷകമെന്നപോലെ കൊടുത്തി രിക്കുന്നു.  അതിതാണ്: ലോകം സൃഷ്ടിക്കപ്പെട്ടത് ദൈവമഹത്വത്തിനുവേണ്ടിയാണ്.  ഈ പ്രസ്താവനയാണ് ആദ്യഭാഗത്തെ ചോദ്യോത്തരങ്ങളുടെ അടിസ്ഥാനമായിട്ടുവരിക.

ഒന്നാമത്തെ ചോദ്യം ഇതാണ്: ഈലോകത്തെയും നമ്മെയും സൃഷ്ടിച്ചപ്പോള്‍ ദൈവം പ്രവര്‍ത്തിച്ചത് ഒരു പദ്ധതി അനുസരിച്ചാണോ?

ഉത്തരം: അതെ. ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത് അവിടുത്തെ ആശയവും പദ്ധതിയുമനുസരിച്ചാ ണ്. മനുഷ്യന്‍ ഒരു കളി, ഉദാഹരണമായ ചെസ്സ്, രൂപകല്പന ചെയ്യുന്നതുപോലെ, അതിനെ മുഴു വനായി കണ്ടുകൊണ്ട് അതിന്‍റെ കളിക്കാവശ്യമായ യുക്തിസഹമായ നിയമങ്ങളുണ്ടാക്കുന്നതുപോലെ, ദൈവത്തിനും ലോകത്തെയും മനുഷ്യനെയും സൃഷ്ടിക്കുമ്പോള്‍ ഒരു പദ്ധതിയുണ്ടായിരുന്നു. ദൈവ ത്തിന്‍റെ സൃഷ്ടിയിലെല്ലാം ഇഴചേര്‍ക്കുന്ന യഥാര്‍ഥ ചരട് സ്നേഹമാണ്. അതുകൊണ്ട്, മനുഷ്യന്‍ സ്നേഹിക്കണമെന്നും ദൈവസ്നേഹത്തിനു പ്രത്യുത്തരം നല്കണമെന്നും, അങ്ങനെ, പരസ്പരസ്നേ ഹത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നത് ദൈവികപദ്ധതി യാണ്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (CCC 2062) ഇത് ഉദ്ബോധിപ്പിക്കുന്നു:

അതുകൊണ്ട് ദൈവത്തിന്‍റെ പദ്ധതിപ്രകാരമുള്ള നിയമങ്ങള്‍ അനുസരിക്കുന്നതുവഴി, മനു ഷ്യന്‍ കര്‍ത്താവിന്‍റെ സ്നേഹപൂര്‍ണമായ മുന്‍കൈയെടുക്കലിനോടുള്ള പ്രത്യുത്തരമാണ്.  ഇതു ദൈവത്തിനു നല്‍കപ്പെടുന്ന അംഗീകാരവും ആദരവും കൃതജ്ഞതയുടെ ആരാധനയു മാണ്. ദൈവം ചരിത്രത്തില്‍ തുടരുന്ന പദ്ധതിയോടുള്ള സഹകരണവുമാണ്

ദൈവത്തിന്‍റെ പദ്ധതിപ്രകാരമാണ് നാം സൃഷ്ടിക്കപ്പെട്ടത്. അതിനാല്‍ ഓരോ സൃഷ്ടിയും മഹത്വമാര്‍ന്ന താണ്.  ദൈവമഹത്വത്തെ പ്രഘോഷിക്കുന്നതുമാണ്.  എന്നെപ്പോലെ ഒരാള്‍, എന്‍റെ തനിമയോടെ ഒ രാള്‍, ദൈവത്തിന്‍റെ സൃഷ്ടിയില്‍, പദ്ധതിയില്‍ ഞാന്‍ മാത്രമേ ഉള്ളു. കര്‍ദിനാളും തത്വചിന്തകനും ആയിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍ (1801-1890) പറഞ്ഞിരിക്കുന്നത് ഇക്കാര്യത്തെ കൂടുതല്‍ വിശദീകരിക്കുന്നു.  അതിപ്രകാരമാണ്:

ഞാന്‍ എന്തായിരിക്കുന്നതിനായിട്ടാണോ എന്തുചെയ്യേണ്ടതിനായിട്ടാണോ സൃഷ്ടിക്കപ്പെട്ടിരിക്കു ന്നത് അതിനായി ആരും സൃഷ്ടിക്കപ്പെട്ടിട്ടില്ല.  ദൈവത്തിന്‍റെ ചിന്തയില്‍, ദൈവത്തിന്‍റെ ലോക ത്തില്‍ എനിക്കുമൊരിടമുണ്ട്, അതു മറ്റാര്‍ക്കുമുള്ളതല്ല. ഞാന്‍ ധനവാനോ, ദരിദ്രനോ, മനുഷ്യ രാല്‍ അവഗണിക്കപ്പെടുന്നവനോ, ആദരിക്കപ്പെടുന്നവനോ ആരുമാകട്ടെ, ദൈവം എന്നെ അറി യുന്നു; എന്നെ പേരു ചൊല്ലി വിളിക്കുന്നു.

രണ്ടാമത്തെ ചോദ്യമിതാണ്: പ്രഥമതഃ ദൈവം ആരാണ്?

ഉത്തരം: ദൈവം, അസ്തിത്വമുള്ള എല്ലാറ്റിന്‍റെയും ഉറവിടമാണ് എന്നു പറയാം.  എല്ലാറ്റിനെയും അസ്തിത്വം സംരക്ഷിക്കുന്ന അവിടുന്നാണ് എല്ലാറ്റിന്‍റെയും ആദ്യകാരണവും നിലനില്‍പ്പിന്‍റെ അവ സാനത്തെ യുക്തിയും. നമുക്ക് ഇങ്ങനെ പറയാം.  ബിഗ് ബാങ് (BIG BANG)-നു മുമ്പും അവിടുന്നുണ്ടായിരുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച എല്ലാ നിയമങ്ങളുടെയും ഉറവിടം അവിടുന്നുതന്നെയാണ്.  ദൈവത്തെക്കൂടാതെയുള്ളതെല്ലാം തകര്‍ന്നുപോകും. നിലനില്‍ക്കുന്ന എല്ലാറ്റിന്‍റെയും ലക്ഷ്യസ്ഥാനവും അവിടുന്നു തന്നെയാണ്.

അതെ, ദൈവം നാം പഠിച്ചിരിക്കുന്നതുപോലെ, ദൈവം ആദിയും അന്ത്യവുമാണ്, മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ദൈവം ആദിയോ അന്ത്യമോ ഇല്ലാത്തവനാണ്. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഇപ്രകാരമാണ് ഇതിനെക്കുറിച്ചു പഠിപ്പിക്കുന്നത്: 

തീര്‍ച്ചയായും നാം നമ്മുടെ മാതാപിതാക്കന്മാരില്‍നിന്നു വന്നവരാണ്, നാം അവരുടെ മക്കളാണ്.  എന്നാല്‍, നമ്മെ തന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിച്ച  ദൈവത്തില്‍നിന്നു വന്നതുമാണ്, നാം അവിടുത്തെ മക്കളെന്നു വിളിക്കപ്പെടുന്നു.  അതുകൊണ്ടുതന്നെ, ഒരു മനുഷ്യന്‍റെ ഉദ്ഭ വം, എന്തെങ്കിലും ആകസ്മി കതതയാലോ, സ്വാഭാവികമായ പ്രക്രിയകളാലോ  കൈവന്നതല്ല, മരിച്ച് ദൈവത്തിന്‍റെ സ്നേഹപദ്ധതിയാല്‍ കൈവന്നതാണ് (ജൂലൈ 9, 2006).

ഇക്കാര്യത്തെക്കുറിച്ചുള്ള പ്രബോധനം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 279 മുതലുള്ള ഖണ്‍ഡികകളില്‍ കാണാം.  ഖണ്ഡിക 282-ല്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു:

സൃഷ്ടിയെക്കുറിച്ചുള്ള മതബോധനം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതിനോടാണ് മനു ഷ്യജീവിതത്തിന്‍റെയും ക്രൈസ്തവജീവിതത്തിന്‍റെയും അടിസ്ഥാനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത്... നാം എവിടെനിന്നു വരുന്നു? നാം എങ്ങോട്ടു പോകുന്നു? നമ്മുടെ ഉദ്ഭവം എവിടെനിന്ന്? നമ്മുടെ അന്ത്യം എന്ത്?... ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും വേര്‍തിരിക്കാവുന്നവയല്ല. 

അതിനുശേഷം, പ്രപഞ്ചത്തിന്‍റെയും മനുഷ്യരുടെയും ഉദ്ഭവത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് ഇപ്രകാരം കൂട്ടിച്ചേര്‍ക്കുകകൂടി ചെയ്യുന്നുണ്ട്:

പ്രസ്തുത ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍ സ്രഷ്ടാവിന്‍റെ മഹത്വത്തെ ഉപര്യുപരി പുകഴ്ത്തുവാന്‍ ന മ്മെ ക്ഷണിക്കുന്നവയാണ്.  ''ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു''. വി. ഗ്രന്ഥത്തിലെ ഈ ആദ്യപദങ്ങള്‍ മൂന്നു കാര്യങ്ങളാണ് പ്രസ്താവിക്കുന്നത്. ഒന്ന്, നിത്യനായ ദൈവം തനിക്കു പുറമേയുള്ള സര്‍വവസ്തുക്കള്‍ക്കും ആരംഭം നല്കി. രണ്ട്, അവിടുന്നു മാത്രമാണ് സ്രഷ്ടാവ്.  സൃഷ്ടിക്കുക എന്നതിന്‍റെ ഹീബ്രുരൂപമായ ബറാ എന്ന ക്രിയയുടെ കര്‍ത്താവ് വി. ഗ്രന്ഥത്തില്‍ എപ്പോഴും ദൈവംതന്നെയാണ് എന്നതും ഇവിടെ ശ്രദ്ധേയമാണ്.  മൂന്ന്, അവയുടെയെല്ലാം അസ്തി ത്വം ദാതാവായ ദൈവത്തെ ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നത്.

ഡുക്യാറ്റ് ആദ്യായത്തിലെ മൂന്നാമത്തെ ചോദ്യം ഇതാണ്.

നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെയാണ് ദൈവത്തിനു പ്രാമുഖ്യമുണ്ടായിരിക്കുന്നത്.

ദൈവമാണ് പ്രപഞ്ചം മുഴുവനെയും ഉളവാക്കിയതെങ്കില്‍, അവ എങ്ങനെയായിരിക്കണം എന്നതിന്‍റെ നിശ്ചയവും വരുന്നത് ദൈവത്തില്‍ നിന്നാണ്.  എല്ലാ പ്രവൃത്തികളും ദൈവത്തെ, ദൈവത്തിന്‍റെ പദ്ധതിയെ അടിസ്ഥാനമാക്കി അളക്കപ്പെടുന്നു. ഇതുമൂലമാണ്, എന്താണ് നന്മയുടെ പ്രവൃത്തി എന്നു നാം തിരിച്ചറിയുന്നത്.  കുറച്ചുകൂടി ഉള്ളിലേക്കു കടന്ന്, ദൈവമാണ് നമ്മുടെ ജീവിതത്തിന്‍റെ ഡിഎന്‍എ രചിച്ചിരിക്കുന്നത് എന്നു പറയാം. ദൈവം നമ്മുടെ ഭാഗമായി നല്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളെ സ്വാതന്ത്ര്യത്തോടെ തെരഞ്ഞെടുക്കുകയും അത് ദൈവം തന്നിരിക്കുന്ന കഴിവനുസരിച്ച് പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് നാം.  നമുക്കുവേണ്ടി ദൈവം ആവശ്യപ്പെടുന്നതും നമ്മില്‍നിന്നാവശ്യപ്പെടുന്നതും ആണ് നന്‍മയുടെ, നീതിയുടെ ജീവിതത്തിന്‍റെ നിയമവും മാനദണ്ഡവും. ആദ്യം ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ട് ആ ദൃഢൈക്യത്തോടുകൂടി ക്രൈസ്തവര്‍ പ്രവര്‍ത്തിക്കുന്നു.

വെളിപാടുഗ്രന്ഥം ഇപ്രകാരം പറയുന്നു: അങ്ങു സര്‍വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു (4,11). 

സങ്കീര്‍ത്തനം 104-ല്‍ ദൈവഭക്തന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവി ധ്യപൂര്‍ണങ്ങളാണ്! ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു (വാ 24).

പിതാവിനു പ്രീതികരമായിട്ടുള്ളതു എപ്പോഴും പ്രവര്‍ത്തിച്ച യേശുവാണ് ദൈവഹിതം പ്രവ‍ര്‍ത്തിക്കുന്നതില്‍ നമുക്കു മാതൃക.  അതുകൊണ്ട് മതബോധനഗ്രന്ഥം ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു:

ക്രിസ്തുവിനെ പിന്‍തുടര്‍ന്നുകൊണ്ടും അവിടുത്തോട് ഐക്യപ്പെട്ടുകൊണ്ടും വത്സലമക്കള്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ അനുകര്‍ത്താക്കളാകാനും സ്നേഹത്തില്‍ ചരിക്കാനുംവേണ്ടി പരിശ്രമിക്കാന്‍ ക്രിസ്ത്യാനികള്‍ക്കു കഴിയും.  അതിന് യേശുക്രിസ്തുവിന്‍റെ മനോഭാവം സ്വന്തമാക്കിക്കൊണ്ട്, അവിടുത്തെ മാതൃക പിഞ്ചെല്ലാനാവുംവിധം തങ്ങളുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും അവര്‍ ക്രമപ്പെടുത്തണം.

 അങ്ങനെ, യേശുക്രിസ്തുവിനെ പിഞ്ചെന്ന, തന്‍റെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും ക്രമപ്പെടുത്തിയ വി. ഈഡിത്ത് സ്റ്റൈന്‍, കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ പീഡിപ്പിക്കപ്പട്ട, തത്വശാസ്ത്രജ്ഞ, ഇപ്രകാരം കുറിച്ചുവച്ചു:

എന്‍റെ പദ്ധതിയുടെ ഭാഗമല്ലാതിരുന്ന തെന്തോ അതു ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമായിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്കു സംഭവിക്കുമ്പോള്‍, ഞാന്‍ കൂടുതല്‍ ഉറപ്പുള്ളവളായി, ഞാന്‍ ദൈവത്തിന്‍റെ വീക്ഷണത്തില്‍, വിശ്വാസത്തില്‍ ആയിത്തീരുന്നു, മറ്റൊരു സാധ്യതയുമില്ലാത്തവിധത്തില്‍ (Finite and Eternal Being 1935/1936).

ഈ മൂന്നു ചോദ്യോത്തരങ്ങളില്‍ നിന്നു നാം മനസ്സിലാക്കുന്നു: സൃഷ്ടാവിന്‍റെ പദ്ധതിപ്രകാരമുള്ളതാണ് സൃഷ്ടി. അങ്ങനെയെങ്കില്‍, സൃഷ്ടാവായ ദൈവത്തിന്‍റെ പദ്ധതി എന്താണോ അത് ആദരിക്കുക, അനുസരിക്കുക എന്നത് സൃഷ്ടിയായ മനുഷ്യന്‍റെ, നമ്മുടെ കടമയാണ്. ദൈവം സ്നേഹമാണ്, ദൈവികപദ്ധതിയും സ്നേഹമാണ്. അതുകൊണ്ട് ചിന്തയിലും സംസാരത്തിലും പ്രവര്‍ത്തനത്തിലും സ്നേഹമുണ്ടായിരിക്കണം.  ഈ സ്നേഹത്തിലല്ലാതെ സൃഷ്ടിയായ മനുഷ്യനു നിലനില്‍പ്പില്ല എന്നു നാം മനസ്സിലാക്കുമ്പോള്‍, ദൈവസ്തുതിയല്ലാതെ മറ്റെന്താണ് നമ്മില്‍നിന്നുയരുക!  








All the contents on this site are copyrighted ©.