2017-01-17 15:21:00

പ്രത്യാശയാണ് ക്രിസ്തീയ ജീവിതയാനത്തിന്‍റെ നങ്കൂരം: ഫ്രാന്‍സീസ് പാപ്പാ


പ്രത്യാശയാണ് ക്രിസ്തീയജീവിതത്തിനു നങ്കൂരമായിരിക്കുന്നത്.  പ്രത്യാശയെന്ന അതിന്‍റെ കയറില്‍ ചുറ്റിപ്പിടിച്ചുകൊണ്ടു പൊരുതുന്ന ജീവിതമാണ് ക്രിസ്തീയജീവിതം, എന്നുപദേശിച്ചുകൊണ്ടാണ് 2017 ജനുവരി പതിനേഴാംതീയതി ചൊവ്വാഴ്ച, സാന്താമാര്‍ത്ത കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ ഫ്രാന്‍സീസ് പാപ്പാ വചനസന്ദേശം നല്കിയത്. 

അലസരായ ക്രിസ്ത്യാനികള്‍, അവര്‍ മുന്നോട്ടുപോകുവാന്‍ ആഗ്രഹമില്ലാത്തവരാണ്. കാര്യങ്ങള്‍ക്കു മാറ്റം വരുന്നതിനുവേണ്ടി കഷ്‌ടപ്പെടുന്നതിന് അവര്‍ ഒരുക്കമല്ല. അലസരായ ക്രിസ്ത്യാനികള്‍ പാര്‍ക്കു ചെയ്തു കിടക്കുന്നന്നതിനിഷ്ടപ്പെടുന്നവരാണ്. സഭയില്‍ സുഖകരമായ പാര്‍ക്കിങ് സ്ഥലം അവര്‍ കണ്ടെത്തുന്നു.  ക്രിസ്ത്യാനി എന്നു ഞാന്‍ പറയുമ്പോള്‍, അത് അല്‍മായരെയും, പുരോഹിതരെയും മെത്രാന്മാരെയും എല്ലാം ഉദ്ദേശിച്ചാണ്. ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം സുരക്ഷയ്ക്കു സാധ്യമായ എല്ലാ ഉറപ്പും നല്‍കുന്ന, പാര്‍ക്കിങ്ങിനുള്ള സ്ഥലമാണ് സഭ. 

അതുകൊണ്ട് ഇതാണ് ചോദ്യം: എങ്ങനെയാണ് ഞാന്‍? എങ്ങനെയാണ് എന്‍റെ വിശ്വാസജീവിതം?  അത് ചക്രവാളങ്ങളെ ലക്ഷ്യമാക്കി, പ്രതീക്ഷയോടെ, ധൈര്യത്തോടെ, മുന്നോട്ടു നീങ്ങുന്ന ഒരു ജീവിതമാണോ, അതോ, മോശമായ സമയത്തോടുപോലും പ്രതികരിക്കാത്ത, പ്രതിരോധം തീര്‍ക്കാത്ത മന്ദോഷ്ണതയുടെ ജീവിതമാണോ?

നമുക്കു കര്‍ത്താവിന്‍റെ കൃപയാചിക്കാം, നമ്മുടെ സ്വാര്‍ഥതയെ വിജയിക്കാന്‍.  പാര്‍ക്കു ചെയ്തു കിടക്കുന്ന ക്രിസ്ത്യാനികള്‍, മുന്നോട്ടുനീങ്ങാതിരിക്കുന്ന ക്രൈസ്തവര്‍, അവര്‍ സ്വാര്‍ഥരായവരാണ്.  അവനവനില്‍ത്തന്നെ നോട്ടം ഉറപ്പിച്ചവര്‍. അവനെ (യേശുവിനെ) നോക്കുന്നതിന് ശിരസ്സുയര്‍ത്താത്തവരാണ്.

സ്വാര്‍ഥതയെ വിജയിക്കാന്‍ ദൈവം നമുക്കു കൃപ നല്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.