2017-01-16 13:14:00

യേശുവിനെ പ്രഘോഷിക്കുന്ന എല്ലാവരും സാക്ഷ്യദായകരോ?- പാപ്പാ


മെത്രാന്മാരും വൈദികരുമുള്‍പ്പടെ യേശുവിനെ പ്രഘോഷിക്കുന്ന സകല ക്രൈസ്തവരും അവിടത്തേക്ക് സാക്ഷ്യമേകുന്നുണ്ടോ എന്ന് മാര്‍പ്പാപ്പാ ചോദിക്കുന്നു.

റോം രൂപതയുടെ മെത്രാനെന്ന നിലയില്‍ റോമിന്‍റെ പ്രാന്തത്തില്‍ സെത്തെവീല്ലെ എന്ന സ്ഥലത്ത് വിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തിലുള്ള ഇടവക പതിനഞ്ചാം തീയിതി ഞായറാഴ്ച (15/01/17) വൈകുന്നേരം സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ ഇടവകദേവാലയത്തിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു.

യേശു തന്‍റെ അടുത്തേക്കു വരുന്നതു കണ്ട സ്നാപകയോഹന്നാന്‍ “ ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്ന് ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്, കാരണം എനിക്കു മുമ്പേ ഇവനുണ്ടായിരുന്നു” എന്നു പറഞ്ഞ് സാക്ഷ്യമേകുന്ന സുവിശേഷഭാഗം, യോഹന്നാന്‍റെ സുവിശേഷം, 1Ͻ-൦ അദ്ധ്യായം, 23 മുതല്‍ 34 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

ക്രൈസ്തവനായിരിക്കുകയെന്നാല്‍, സര്‍വ്വോപരി, യേശുവിന് സാക്ഷ്യമേകുകയാണെന്നും ഇതാണ് അപ്പസ്തോലന്മാര്‍ ചെയ്തതെന്നും ചെറിയകാര്യങ്ങളില്‍ തുടങ്ങി നിണസാക്ഷിത്വത്തില്‍ വരെ എത്തുന്നതാണ് ഈ സാക്ഷ്യമെന്നും പാപ്പാ വിശദീകരിച്ചു.

എന്നാല്‍ ജല്പകരടങ്ങിയ ഒരു സമൂഹം സാക്ഷ്യമേകാന്‍ അപ്രാപ്തമായിരുക്കുമെന്ന് പാപ്പാ പറഞ്ഞു.

അന്യൂനമായ ഒരിടവകയാണ് വേണ്ടതെങ്കില്‍ ജല്പനങ്ങള്‍ അരുതെന്നും ഒരുവന് ആരോടെങ്കിലും എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ആ വ്യക്തിയോട് അത് നേരിട്ടു പറയുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ഇടവകവികാരിയെ ധരിപ്പിക്കയോ ചെയ്യണമെന്നും അല്ലാതെ അത് ഇടവകക്കാര്‍ പരസ്പരം പറഞ്ഞുനടക്കുകയല്ല വേണ്ടെതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സെത്തെവില്ലെയിലെ ഇടവകസന്ദര്‍ശനവേളയില്‍ ഫ്രാന്‍സീസ് പാപ്പാ രോഗികള്‍, ബാലികാബാലന്മാര്‍, 2016 ല്‍ മാമ്മോദീസാ സ്വീകരിച്ച 45 കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ എന്നിവരുമായും ഇടവകസമൂഹവുമായും പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തുകയും 4 പേരെ കുമ്പസാരിപ്പിക്കുകയും ചെയ്തു.

കുട്ടികള്‍ ഉള്‍പ്പടെ എല്ലാവരും രോഗം പോലുള്ള വിവിധങ്ങളായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും വിശദീകരണമില്ലാത്തവ ഇവയിലു​ണ്ടെന്നും എന്നാല്‍ തന്‍റെ സഹനങ്ങളിലൂടെ യേശു ഇവരുടെ ചാരെ ആയിരിക്കുന്നെന്നും പാപ്പാ രോഗികളോടു പറ‍ഞ്ഞു.

ഈ സാമീപ്യം അനുഭവിച്ചറിയാന്‍, യേശുവിന്‍റെ തലോടല്‍ അനുഭവിക്കാന്‍, സഹനവേളകളിലും പ്രശ്നങ്ങള്‍ അലട്ടുന്ന അവസരങ്ങിലും കഴിയാതെപോകുന്ന അവസ്ഥയെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. യേശുവിന്‍റെ തലോടലിന് മാത്രമെ സാന്ത്വനമേകാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.    

ബാലികാബാലന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ പാപ്പാ അവരുമായി സംഭാഷണത്തിലേര്‍പ്പെട്ടു. ചോദ്യോത്തര രൂപേണയായിരുന്നു സംഭാഷണം. ദൈവവചനം ശ്രവണം, അതില്‍ ആനന്ദം കണ്ടെത്തല്‍, പരസേവനം, രോഗീസന്ദര്‍ശനം തുടങ്ങിയ കാരുണ്യ പ്രവൃത്തികള്‍, പൊറുക്കല്‍, ജീവിത സാക്ഷ്യം, ദൈവത്തിന്‍റെ  മഹാദാനമായ വിശ്വാസം ​എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഈ സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. സെത്തെവില്ലെയിലെ പരിശുദ്ധ മറിയത്തിന്‍റെ ഇടവകയുടെ രോഗബാധിതനായ സഹവികാരി ജുസേപ്പെ ബര്‍ണ്ണര്‍ദീനൊയെയും പാപ്പാ സന്ദര്‍ശിച്ച് സാന്ത്വനം പകരുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.








All the contents on this site are copyrighted ©.