2017-01-14 09:35:00

''നിങ്ങള്‍ എന്‍റെ ഹൃദയത്തിലാണ്''. യുവജനങ്ങളോട് ഫ്രാന്‍സീസ് പാപ്പാ


''യുവജനം വിശ്വാസവും ദൈവവിളിവിവേചിക്കലും'' എന്ന വിഷയത്തെ ആധാരമാക്കി, 2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ഒരുക്കമായി തയ്യാറാക്കിയിരിക്കുന്ന രേഖ അവതരിപ്പിച്ചുകൊണ്ട് പാപ്പാ നല്കിയിരിക്കുന്ന കത്തിലാണ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത്. ''നിങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാകുന്നതിന് ഞാനാഗ്രഹിക്കുന്നു.  കാരണം, നിങ്ങള്‍ എന്‍റെ ഹൃദയത്തിലാണ്''.  2017 ജനുവരി പതിമൂന്നാംതീയതി, വെള്ളിയാഴ്ച, പ്രസിദ്ധീകരിച്ച ഈ കത്തില്‍ സിനഡിനൊരുക്കമായുള്ള രേഖയെ  'സിനഡ് യാത്രയുടെ ദിശാസൂചിക' എന്നാണ് ഈ കത്തില്‍ പാപ്പാ വിശേഷിപ്പിച്ചിരിക്കുന്നത്.

''അബ്രാഹത്തോടു ദൈവം പറഞ്ഞ വാക്കുകള്‍ നിങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കുന്നു: 'നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക' (ഉല്‍പ്പ 12:1).  ഈ വാക്കുകള്‍ ഇപ്പോള്‍ നിങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. അവ ''പോകുന്നതിന്'' നിങ്ങളെ ക്ഷണിക്കുന്ന പിതാവിന്‍റെ വാക്കുകളാണ്, അറിയില്ലാത്ത ഭാവിയിലേക്കു യാത്ര പുറപ്പെടാനുള്ള ക്ഷണം. എന്നാല്‍, പരിപൂര്‍ത്തിയിലേക്ക് എത്തുമെന്നുറപ്പുള്ളതും, അവിടുന്നു തന്നെ ആ ഭാവിയിലേക്കു  നിങ്ങളോടൊത്ത് സഹഗമിക്കുന്നതുമായ ഒരു യാത്രയാണത്.  ദൈവത്തിന്‍റെ ശബ്ദം നിങ്ങളുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവിന്‍റെ നിശ്വാസത്താല്‍ മാറ്റൊലിയായി കേള്‍ക്കപ്പെടുന്നതിന്'',  പാപ്പാ ക്ഷണിക്കുകയാണ് ഈ കത്തിലൂടെ ഫ്രാന്‍സീസ് പാപ്പാ.

പിതൃസഹജമായ വാത്സല്യത്തോടെ പാപ്പാ നല്‍കിയിരിക്കുന്ന ഈ കത്തില്‍ ഇന്നത്തെ ലോകത്തിന്‍റെ മുഖമുദ്രകളായ അധികാരദുര്‍വിനിയോഗം അനീതിയും യുദ്ധങ്ങളും എന്നിവയെക്കുറിച്ചും എന്നാല്‍ യേശുവിന്‍റെ വിളി സ്വീകരിച്ച് അവിടുത്തോടുകൂടിയായിരിക്കുന്നതിനെക്കുറിച്ചും ക്രാക്കോവില്‍വച്ചു നടന്ന ആഗോളകത്തോലിക്കായുവജനസംഗമത്തെക്കുറിച്ചും ഒക്കെ സൂചിപ്പിക്കുന്നുണ്ട്. ഇതാ ഞാന്‍ എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്‍റെ വിളിയ്ക്കു ഔദാര്യപൂര്‍ണമായ പ്രത്യുത്തരമേകാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ കത്ത് പാപ്പാ അവസാനിപ്പിച്ചിരിക്കുന്നത്.

 








All the contents on this site are copyrighted ©.